Saturday, April 28, 2012

കടല്‍ക്കൊല: കേന്ദ്രം ഉരുണ്ടുകളി തുടരുന്നു


ഇറ്റാലിയന്‍ സൈനികര്‍ കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉരുണ്ടുകളി തുടരുന്നു. ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെടിവയ്പുകേസില്‍ കൃത്യമായ നിലപാടില്ലാത്തവിധം കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം നല്‍കി. കേസ് തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് അനുകൂലനിലപാടെടുത്തത് വിവാദമായിരുന്നു.

വെടിവയ്പുകേസന്വേഷണം നിയമാനുസൃതം നടക്കുകയാണെന്നുമാത്രമാണ് കേന്ദ്രത്തിനുവേണ്ടി കപ്പല്‍കാര്യമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേരളത്തിന്റെ പേര് ഈ ഭാഗത്ത് പരാമര്‍ശിക്കുന്നില്ല. കേരളവും പ്രതികളും തമ്മിലാണ് തര്‍ക്കമെന്നും കോടതിക്ക് വേണ്ടവിധം തീരുമാനമെടുക്കാമെന്നും ഏഴ് ഖണ്ഡികകളുള്ള സത്യവാങ്മൂലത്തില്‍ അവസാനം പറയുന്നു. അണ്ടര്‍ സെക്രട്ടറി പി ശശികുമാറാണ് കപ്പല്‍കാര്യമന്ത്രാലയത്തിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. മര്‍ച്ചന്റ് ഷിപ്പിങ് നിയമമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍, ഈ കേസില്‍ മെര്‍ക്കന്റെല്‍ വകുപ്പ് ഇറ്റാലിയന്‍ ഭടന്മാരെ ചോദ്യംചെയ്തിട്ടില്ല. അതുകൊണ്ട് പൂര്‍ണവിവരം ലഭ്യമല്ല- കപ്പല്‍കാര്യമന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുള്ള സംഭവമായതിനാല്‍ അന്താരാഷ്ട്രനിയമങ്ങളാണ് ബാധകമാകുകയെന്ന ഇറ്റാലിയന്‍ വാദം ഖണ്ഡിക്കാനാണ് കേരളം സത്യവാങ്മൂലത്തില്‍ ശ്രമിക്കുന്നത്. വെടിവയ്പുണ്ടായത് ഇറ്റാലിയന്‍ കപ്പലില്‍നിന്നാണെങ്കിലും തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ ബോട്ടിലാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ നിയമപ്രകാരം കേസെടുത്തത്. വെടിവയ്പില്‍ ഉള്‍പ്പെട്ട ആയുധം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും കപ്പല്‍ വിട്ടുകിട്ടേണ്ടതുണ്ടായിരുന്നു. ചീഫ് മജിസ്ട്രേട്ട് കോടതിവഴി അനുമതി ലഭിച്ചു. തുടര്‍ന്നുള്ള വിസ്താരത്തിന് കപ്പലും ജീവനക്കാരും കേരളത്തില്‍ തുടരണം. കപ്പലുടമസ്ഥര്‍ താരതമ്യേന നിസ്സാരമായ മൂന്നുകോടി രൂപ ബോണ്ട് കെട്ടിവച്ച് കപ്പല്‍ വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ന്യായീകരിക്കാനാകില്ല. കപ്പലിന്റെ വിലയ്ക്കുതുല്യമായ തുകയാണ് ബോണ്ടായി വയ്ക്കേണ്ടതെന്നും കേരളം അറിയിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം ടി ജോര്‍ജ് മുഖാന്തരമാണ് സത്യവാങ്മൂലം ഫയല്‍ചെയ്തത്.

മരിച്ചവരുടെ ബന്ധുക്കള്‍ പണത്തിനുമുന്നില്‍ എല്ലാം മറന്നെന്ന് ഹൈക്കോടതി

കൊച്ചി: കടല്‍ക്കൊലയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് ഹൈക്കോടതി വിമര്‍ശം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതുപോലെയാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ നിലപാടെന്ന് കോടതി കുറ്റപ്പെടുത്തി. സായിപ്പിന്റെ പണം കണ്ടപ്പോള്‍ ബന്ധുക്കള്‍ എല്ലാം മറന്നെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍റിക ലെക്സിയുടെ ഉടമയും രണ്ട് നാവികരും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേര്‍ന്നശേഷം തങ്ങളുടെ വാദങ്ങള്‍ പിന്‍വലിക്കാന്‍ അനുമതിതേടി കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. കക്ഷിചേര്‍ന്നശേഷം വാദംനടത്തുകയും പിന്നീട് ഇതുപിന്‍വലിക്കാന്‍ അനുമതി തേടുകയുംചെയ്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടേത് സമ്മര്‍ദ തന്ത്രമായിരുന്നുവെന്നു വേണം കരുതാനെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് കനത്ത കോടതിച്ചെലവ് ചുമത്തേണ്ടിവരുമെന്നും ജ. ഗോപിനാഥന്‍ മുന്നറിയിപ്പുനല്‍കി.

ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധിപ്രസ്താവനയ്ക്ക് മാറ്റിവച്ചിരിക്കെയാണ് കേസിലെ വാദങ്ങള്‍ പിന്‍വലിക്കാന്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്റെയും (വാലന്റൈന്‍) അജീഷ് പിങ്കിന്റെയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് നിലവില്‍ നല്‍കിയ കേസുകളും സത്യവാങ്മൂലങ്ങളും പിന്‍വലിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സമ്മതിച്ചിരുന്നു. ഒരുകോടി രൂപവീതം നഷ്ടപരിഹാരം ലഭിച്ച പശ്ചാത്തലത്തിലാണ് കേസുകള്‍ പിന്‍വലിക്കാനും സത്യവാങ്മൂലങ്ങള്‍ പിന്‍വലിക്കാനും ഹര്‍ജി സമര്‍പ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജി വിധിപറയാന്‍ മാറ്റി.

വെടിവച്ചപ്പോള്‍ ഉറക്കത്തിലെന്ന് ബോട്ടുടമ

കൊച്ചി: കടലിലെ കൊലപാതകക്കേസില്‍ ബോട്ടുടമ ഹൈക്കോടതിയില്‍ തിരുത്തലോടെ പുതിയ വിശദീകരണം നല്‍കി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ജെ ഫ്രെഡിയാണ് സംഭവത്തെക്കുറിച്ച് പുതിയ വിശദീകരണം നല്‍കിയത്. കേസില്‍ സുപ്രധാനമായേക്കാവുന്ന സംഭവവികാസങ്ങളാണ് ഫ്രെഡി തിരുത്തിയത്.

എന്‍റിക ലെക്സിയില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിപാദിച്ചിരുന്ന പഴയ വസ്തുതകള്‍ ഒഴിവാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. വെടിവച്ചപ്പോള്‍ താനടക്കമുള്ളവര്‍ ഗാഢനിദ്രയിലായിരുന്നുവെന്നും വലന്റൈനാണ് ബോട്ട് നിയന്ത്രിച്ചിരുന്നതെന്നും പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിചേര്‍ക്കപ്പെട്ട രണ്ട് ഇറ്റാലിയന്‍ നാവികരാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് വിവേചനരഹിതമായി ബോട്ടിലേക്ക് വെടിവച്ചതെന്നായിരുന്നു ഫ്രെഡി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. നഷ്ടപരിഹാരക്കേസില്‍ 17 ലക്ഷം രൂപ നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സന്നദ്ധമായതിനെത്തുടര്‍ന്ന് ഫ്രെഡിയുടെ ഹര്‍ജി ഹൈക്കോടതി ലോക്അദാലത്തിന്റെ പരിഗണനയ്ക്കുവിട്ട് തീര്‍പ്പാക്കി.

deshabhimani 280412

No comments:

Post a Comment