Monday, April 30, 2012

ഗോള്‍ഫ് ക്ലബ്: മുന്‍ ഭാരവാഹികള്‍ക്കു നല്‍കണമെന്ന് മാണിയുടെ സര്‍ക്കുലര്‍


സര്‍ക്കാര്‍ അധീനതയിലുള്ള കോടികള്‍ വിലമതിക്കുന്ന ഗോള്‍ഫ് ക്ലബ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തിന് പിന്നില്‍ നിയമവകുപ്പും. ഗോള്‍ഫ് ക്ലബ് വിട്ടുകൊടുക്കരുതെന്ന റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കളഞ്ഞാണ് നിയമ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. മന്ത്രി കെ എം മാണിയുടെ ഒപ്പോടുകൂടി ഇറങ്ങിയ സര്‍ക്കുലറില്‍ ക്ലബ് ഏറ്റെടുക്കല്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ലബ് മുന്‍ നടത്തിപ്പുകാര്‍ക്ക് നല്‍കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവനന്തപുരം ഗോള്‍ഫ്ക്ലബ് മുമ്പുള്ള ക്ലബ് ഭാരവാഹികള്‍ക്ക് തിരികെ നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയും കെട്ടിടങ്ങളും ക്ലബ് ഭാരവാഹികള്‍ക്ക് നല്‍കുന്നതിനോട് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് നിയമവകുപ്പിന്റെ നീക്കം.

1991-94 കാലഘട്ടത്തില്‍ നിവേദിത പി ഹരന്‍ തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെയാണ് പാട്ടക്കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ക്ലബിന് നോട്ടീസയച്ചത്. അന്ന് നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെ നിവേദിത പി ഹരനെ സ്ഥലം മാറ്റി. കെ എം മാണിയായിരുന്നു അന്ന് റവന്യു മന്ത്രി. ഇപ്പോള്‍ നിവേദിത പി ഹരനെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. ക്ലബ് ഏറ്റെടുത്തശേഷം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവേണിങ് ബോഡി രൂപീകരിച്ചതിനെതിരെ ക്ലബ് ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് വരുന്നതിന് മുമ്പേതന്നെ ക്ലബ് കൈമാറാനാണ് നീക്കം.

കേസിന്റെ വാദം നീട്ടിക്കൊണ്ടുപോകാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയതിന് ഗോള്‍ഫ്ക്ലബ് ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ക്ലബ് കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അനൗദ്യോഗിക യോഗവും നടന്നിരുന്നു. മന്ത്രി ഗണേഷ്കുമാറും, ഷിബു ബേബിജോണും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമെല്ലാം ക്ലബിലെ സ്ഥിരാംഗങ്ങളാണ്. ഗോള്‍ഫ് കളി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1962ലാണ് സര്‍ക്കാര്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബിന് ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്. ക്ലബില്‍ ബാര്‍ ആരംഭിക്കുകയും തലസ്ഥാനത്തെ ഉന്നതരുടെ താവളമാവുകയും ചെയ്തു.വാടകയിലൂടെ ക്ലബ് ഭാരവാഹികള്‍ പ്രതിമാസം ലക്ഷങ്ങള്‍ കൊയ്തെങ്കിലും സര്‍ക്കാരിന് നികുതി നല്‍കിയിരുന്നില്ല.

deshabhimani 300412

1 comment:

  1. സര്‍ക്കാര്‍ അധീനതയിലുള്ള കോടികള്‍ വിലമതിക്കുന്ന ഗോള്‍ഫ് ക്ലബ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തിന് പിന്നില്‍ നിയമവകുപ്പും. ഗോള്‍ഫ് ക്ലബ് വിട്ടുകൊടുക്കരുതെന്ന റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കളഞ്ഞാണ് നിയമ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. മന്ത്രി കെ എം മാണിയുടെ ഒപ്പോടുകൂടി ഇറങ്ങിയ സര്‍ക്കുലറില്‍ ക്ലബ് ഏറ്റെടുക്കല്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ReplyDelete