Wednesday, April 25, 2012

മരണമണി മുഴങ്ങുന്ന ന്യായവില മണല്‍കലവറ


കേരളത്തിലെ മണല്‍മാഫിയ സംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഇടതുമുന്നണിസര്‍ക്കാര്‍ ആരംഭിച്ച ന്യായവില മണല്‍കലവറകളുടെ മരണമണി മുഴങ്ങുന്നു.
കുളത്തൂപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ന്യായവില മണല്‍കലവറ ആരംഭിച്ചത്. വനം, ഭവനനിര്‍മ്മാണ വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച ന്യായവില മണല്‍കലവറ പൂട്ടാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കുളത്തൂപ്പുഴ വനത്തിലൂടെ ഒഴുകുന്ന ആറ്റില്‍ നിന്നും ലക്ഷങ്ങളുടെ മണലാണ് മാഫിയസംഘങ്ങള്‍ വാരിവിറ്റിരുന്നത്. 35,000 രൂപ മുതല്‍ 50,000 രൂപ വരെ ഒരു ലോഡ് മണലിന് ഈടാക്കിയിരുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം മൂലം പാവപ്പെട്ടവന് ഒരുപിടി മണല്‍ പോലും കിട്ടാത്ത സ്ഥിതിയുണ്ടായി. കുളത്തൂപ്പുഴ നിവാസികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഈ വിവരം അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ്വിശ്വത്തെ ധരിപ്പിച്ചു.ഉടന്‍തന്നെ ബിനോയ്വിശ്വം രാഷ്ട്രീയനേതാക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചോഴിയക്കോട്, മില്‍പാലം കടവുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു. പവന്‍നിറത്തിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന മണല്‍ക്കൂനകള്‍ കണ്ട അന്നത്തെ വനംവകുപ്പ് മന്ത്രിയുടെ ഭാവനാപൂര്‍ണ്ണമായ തീരുമാനമാണ് കുളത്തൂപ്പുഴയിലും മറ്റ് ഇതര സ്ഥലങ്ങളിലും ന്യായവില മണല്‍കലവറകള്‍ തുറക്കാന്‍ കാരണമായത്. ഇതിനായി കുളത്തൂപ്പുഴയിലെ ഫോറസ്റ് റെയിഞ്ചാഫീസിന് സമീപമുള്ള കലവറ ആരംഭിക്കാന്‍ ശ്രമം തുടങ്ങി.

പ്രദേശത്തെ ചില രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ മണല്‍കലവറ എങ്ങനെയെങ്കിലും ആരംഭിക്കാതിരിക്കാന്‍ മണല്‍മാഫിയ സംഘങ്ങളുടെ സഹായത്തോടെ ശക്തമായ നീക്കം നടത്തിയിരുന്നു. എന്നാല്‍ മണല്‍ മാഫിയ സംഘത്തെ നിലയ്ക്ക് നിര്‍ത്തി പാവപ്പെട്ടവര്‍ക്ക് ന്യായവിലയ്ക്ക് മണല്‍ ലഭ്യമാക്കുന്നതിന് ശക്തമായ നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോയതുമൂലം കുത്തൂപ്പുഴ മണല്‍കലവറ ആരംഭിക്കാനും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു.

അന്ന് ചോഴിയക്കോട് ജംഗ്ഷനില്‍ നടന്ന വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ആഹ്ളംദം നിറഞ്ഞ ചടങ്ങില്‍ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമാണ് കലവറ ഉദ്ഘാടനം ചെയ്തത്. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളായി തരംതിരിച്ച് അപേക്ഷകള്‍ സ്വീകരിച്ച ശേഷമായിരുന്നു മണല്‍വിതരണം നടത്തിവന്നിരുന്നത്. ചോഴിയക്കോട്, മില്‍പാലം കടവുകളില്‍ നിന്നും വാരുന്ന മണല്‍ കുളത്തൂപ്പുഴയിലെ ന്യായവില മണല്‍കലവറയില്‍ എത്തിച്ചായിരുന്നു വിതരണം ചെയ്തിരുന്നത്.

പാവപ്പെട്ടവരായ ബിപിഎല്‍ വിഭാഗത്തിന് അഞ്ച് എംക്യൂബ് (ഒരുലോഡ്) മണലിന് 5155 രൂപയും എപിഎല്‍ വിഭാഗത്തിന് 13,155 രൂപയ്ക്കുമായിരുന്നു കലവറയില്‍ നിന്ന് മണല്‍ നല്‍കിയിരുന്നത്. പാവങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കിയരുന്ന കലവറയില്‍ അപേക്ഷകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരുന്നു. മണല്‍വാരലും വില്‍പ്പനയും തകൃതിയായി നടക്കുന്നതുകണ്ട മണല്‍മാഫിയാ സംഘങ്ങള്‍ കലവറയെ തകര്‍ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. മണല്‍ കൊണ്ടുപോകുന്ന ലോറിക്കാരെയും മണല്‍വാരല്‍ തൊഴിലാളികളെയും മണല്‍മാഫിയ സംഘം കൈയിലെടുത്തു സമരം നടത്തി കലവറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുവാന്‍ നടത്തിയ ശ്രമം അന്നത്തെ വനംവകുപ്പ് മന്ത്രിയുടെ ശക്തമായ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു.

ഇടയ്ക്കിടെ കലവറ സന്ദര്‍ശിച്ച് വകുപ്പ് മന്ത്രി ബിനോയ്വിശ്വം മാഫിയസംഘങ്ങളെ നിലയ്ക്കുനിര്‍ത്തി. കലവറയുടെ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ വനംവകുപ്പിന് 15.5 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അതോടൊപ്പം 100ല്‍ അധികം വിഎസ്എസ് തൊഴിലാളികള്‍ക്കും മറ്റും തൊഴില്‍ നല്‍കാനും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

മണലിന് പുറമേ കെട്ടിടനിര്‍മ്മാണ സാമഗ്രികളും കലവറ വഴി വില്‍ക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നടപടികളും ആരംഭിച്ചിരുന്നു. പാവപ്പെട്ടവന് ഒരു കൂര വയ്ക്കാനുള്ള എല്ലാ സംരംഭവും കലവറ വഴി ഒരുക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് രൂപം നല്‍കിയത്.

എന്നാല്‍ ഓരോ ഘട്ടത്തിലും ശക്തമായ എതിര്‍പ്പുകളാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍മാഫിയ സംഘത്തില്‍ നിന്നും ഉണ്ടായത്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് ധീരമായ നിലപാടുമായി മുന്നോട്ട് പോയ വനംമന്ത്രിയുടെ മുന്നില്‍ അവസാനം മണല്‍മാഫിയ സംഘങ്ങള്‍ക്ക് മുട്ട് മടക്കേണ്ടിവന്നു.
തുടര്‍ന്ന് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മണല്‍കലവറ ഭരണമാറ്റത്തോടെ അടച്ചുപൂട്ടുകയായിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പലതവണ വന്ന് മണല്‍വാരല്‍ നടപടി തുടങ്ങിയെങ്കിലും ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇത് മണല്‍മാഫിയ സംഘം വീണ്ടും സജീവമാകാന്‍ ഇടയായി. ഇതോടെ പാവപ്പെട്ടവന്റെ കൂര പണി എന്ന സ്വപ്നം തകര്‍ന്നടിയുകയായിരുന്നു.

യുഡിഎഫ് പടലപിണക്കവും വനം-നിര്‍മ്മിതി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയുമെല്ലാം കലവറയെ തകര്‍ക്കുകയായിരുന്നു. കലവറ തുറന്നുപ്രവര്‍ത്തിക്കാന്‍ വനംവകുപ്പ് താല്‍പര്യം കാട്ടാത്തതിന്റെ പിന്നില്‍ കലവറ ഉപേക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉന്നമെന്ന് വ്യക്തം. ഇത് മണല്‍മാഫിയ സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൊയ്യാന്‍ വീണ്ടും അവസരമൊരുക്കലാണ്. ഇപ്പോള്‍തന്നെ വ്യാജമണല്‍കടത്ത് വ്യാപകമായിക്കഴിഞ്ഞു.

janayugom 250412

1 comment:

  1. കേരളത്തിലെ മണല്‍മാഫിയ സംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഇടതുമുന്നണിസര്‍ക്കാര്‍ ആരംഭിച്ച ന്യായവില മണല്‍കലവറകളുടെ മരണമണി മുഴങ്ങുന്നു.
    കുളത്തൂപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ന്യായവില മണല്‍കലവറ ആരംഭിച്ചത്. വനം, ഭവനനിര്‍മ്മാണ വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച ന്യായവില മണല്‍കലവറ പൂട്ടാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

    ReplyDelete