Monday, April 30, 2012

ലീഗ് ട്രസ്റ്റിന് 1.09 കോടി നല്‍കാന്‍ ഉത്തരവ്

പഞ്ചായത്തുഭരണമന്ത്രി എം കെ മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദുകോയയുടെ പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ നടത്തുന്ന സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന് തദ്ദേശഭരണസ്ഥാപനങ്ങള്‍വഴി ഒരുകോടി ഒമ്പതുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് തദ്ദേശഫണ്ട് കൊള്ളയടിക്കാന്‍ മകന്‍ ഭരിക്കുന്ന വകുപ്പ് ഇറക്കിയ ഉത്തരവ് തദ്ദേശഭരണസ്ഥാപനങ്ങളെ ഞെട്ടിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പേരില്‍ ലീഗ് നേതാക്കള്‍ നടത്തുന്ന ട്രസ്റ്റിന്റെ പേരിലാണ് പൊതുഖജനാവ് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ സ.ഉ (സാധാരണ ഉത്തരവ്) നം.1044-2012 നമ്പര്‍ ഉത്തരവില്‍, ചാരിറ്റബിള്‍ സെന്ററിന് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കോര്‍പറേഷനും നഗരസഭകളും ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളും ഫണ്ട് നല്‍കാന്‍ നിര്‍ദേശിക്കുന്നു. കോര്‍പറേഷനും ജില്ലാപഞ്ചായത്തും മൂന്നുലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രണ്ടുലക്ഷം വീതവും ഗ്രാമപഞ്ചായത്തുകള്‍ ഒരുലക്ഷം വീതവും നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം 1.09 കോടി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ 11 ബ്ലോക്ക് പഞ്ചായത്തും നാലു നഗരസഭയും 73 ഗ്രാമപഞ്ചായത്തുമുണ്ട്. ഏപ്രില്‍ രണ്ടിന് ഇറക്കിയ ഉത്തരവിനുപുറമെ എല്ലാ സ്ഥാപനത്തിലെയും സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച് തുക അനുവദിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനായുള്ള സെന്ററിന്റെ മറ്റു ഭാരവാഹികളും ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ്. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ എത്തുന്ന വിരലിലെണ്ണാവുന്ന രോഗികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നുവെന്നാണ് ഈ സെന്റര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പച്ച ബോര്‍ഡ് വച്ച ചെറിയ ഷെഡുള്ളതൊഴിച്ചുനിര്‍ത്തിയാല്‍ ഈ സംഘടനയുടെ കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍സിസി അധികൃതര്‍ക്കും ഒന്നുമറിയില്ല. ഫണ്ട് നല്‍കാന്‍ ആധാരമായി ഉത്തരവില്‍ പറയുന്ന ഏകഘടകം സെന്റര്‍ പ്രസിഡന്റിന്റെ കത്തുമാത്രമാണ്. ഈ കത്തിനെ അടിസ്ഥാനപ്പെടുത്തി മന്ത്രി ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തദ്ദേശഭരണ

സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍ സേവനമേഖലയില്‍ വിനിയോഗിക്കുന്നതിന് നിശ്ചിത തുക നീക്കിവച്ചിട്ടുണ്ട്. ഈ തുക ഇത്തരം സെന്ററുകള്‍ക്ക് നല്‍കാന്‍ വകുപ്പില്ല. ഇത് മറികടന്ന് ഫണ്ട് വകമാറ്റി തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഉത്തരവിനുപിന്നില്‍. ഭാവിപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മന്ത്രി ഓഫീസില്‍നിന്നുള്ള ഭീഷണിയുള്ളതിനാല്‍, മുഴുവന്‍ സ്ഥാപനങ്ങളും തുക നല്‍കേണ്ടിവരുമെന്ന് ഭയക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനപ്രശ്നം കത്തിനില്‍ക്കെയാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ഫണ്ട് തട്ടാന്‍ ലീഗ് മന്ത്രി ഉത്തരവിറക്കിയത്.
(എം രഘുനാഥ്)

deshabhimani 300412

1 comment:

  1. പഞ്ചായത്തുഭരണമന്ത്രി എം കെ മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദുകോയയുടെ പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ നടത്തുന്ന സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന് തദ്ദേശഭരണസ്ഥാപനങ്ങള്‍വഴി ഒരുകോടി ഒമ്പതുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് തദ്ദേശഫണ്ട് കൊള്ളയടിക്കാന്‍ മകന്‍ ഭരിക്കുന്ന വകുപ്പ് ഇറക്കിയ ഉത്തരവ് തദ്ദേശഭരണസ്ഥാപനങ്ങളെ ഞെട്ടിച്ചു.

    ReplyDelete