Wednesday, April 25, 2012

സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്


സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലേക്ക്. ഇതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ടവിരമിക്കലും വന്നതോടെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലായി. മെയ്മാസം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് നൂറിലധികം വിദഗ്ധ ഡോക്ടര്‍മാരാണ് വിരമിക്കുന്നത്. ഇവരില്‍ 80 ശതമാനംപേരും സ്‌പെഷ്യാലിറ്റി കേഡറിലുള്ളവരാണ്. സംസ്ഥാനത്ത് ഏതാണ്ട് 240 ഓളം സ്‌പെഷ്യല്‍ കേഡറില്‍ ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് ആ ഒഴിവുകള്‍ ഒന്നുംതന്നെ നികത്താതെ വിരമിക്കല്‍ നടക്കുന്നത്. കൂട്ടത്തോടെയുള്ള വിദഗ്ധഡോക്ടര്‍മാരുടെ വിരമിക്കല്‍ ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വ്യാപകമായി ഡെങ്കിപനി, മഞ്ഞപിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ സാധാരണക്കാരെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതിനിടെ ഡോക്ടര്‍മാരുടെ സമരവും വരികയാണ്. കഴിഞ്ഞ ആറുമാസംമുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മെയ് ഏഴ്മുതല്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങുകയാണ്.

മെയ്, നവംബര്‍ മാസങ്ങളില്‍ ആശുപത്രികളില്‍നിന്ന് കൂട്ടവിരമിക്കല്‍ നടക്കുന്നതോടെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിക്ക് ഇടയാക്കും. 350 ഓളം ഡോക്ടര്‍മാരെ പിഎസ്‌സി വഴി നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് പിഎസ്‌സിയുടെ അഭിമുഖത്തിന് പങ്കെടുത്തത്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവന-വേതനവ്യവസ്ഥകള്‍ പരിഷ്‌കരിക്കാത്തതാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍മേഖലയെ അവഗണിക്കുന്നതെന്ന് കെജിഎംഒ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലാണ് ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് രൂക്ഷമായിട്ടുള്ളത്.
ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയാല്‍ ഒരുപരിധിവരെ പ്രശ്‌നം താല്‍ക്കാലികമായെങ്കിലും പരഹരിക്കപ്പെടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ പിജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്‍മാരുംകഴിഞ്ഞദിവസം അവരുടെ സമരം പിന്‍വലിച്ചെങ്കിലും വരുംദിവസം ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്നാണ് സൂചന. മെഡിക്കല്‍കോളജുകളിലെ രോഗികള്‍ക്ക് ഏറെ ഗുണകരമായി പ്രവര്‍ത്തിച്ചുവരുന്ന പിജി ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ അത് സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍കോളജിലെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ബോണ്ട് വ്യവസ്ഥകള്‍ പിന്‍വലിക്കുക, നിര്‍ബന്ധിത ഗ്രാമീണ സേവനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങാണ് പിജി ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്. എംബിബിഎസ്, പിജി, സൂപ്പര്‍സ്‌പെഷ്യാലിറ്റി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാര്‍, ഹൗസ്‌സര്‍ജന്മാര്‍ തുടങ്ങിയ ഡോക്ടര്‍മാരാണ് സമരത്തിനൊരുങ്ങുന്നത്.  സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ സമരം വന്നാല്‍ ആരോഗ്യമേഖലയിലെ പ്രതിസന്ധി  അതീവഗുരുതരമാകും. എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് കഴിഞ്ഞമാസംമാത്രം 15 ഓളം ഡോക്ടര്‍മാര്‍ വിരമിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ സുധാകരന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വന്‍തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരുവിഭാഗത്തിലും സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്ലായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ജുനൈദ് റഹ്മാന്‍ പറഞ്ഞു. ഈ മാസം ആശുപത്രിയില്‍നിന്ന് നാല് വിദഗ്ധഡോക്ടര്‍മാര്‍ വിരമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
(പി ആര്‍ സുമേരന്‍)

janayugom 250412

No comments:

Post a Comment