Sunday, April 29, 2012

കെഎസ്യു, എംഎസ്എഫ് പ്രചാരണം വസ്തുതാവിരുദ്ധം: എസ്എഫ്ഐ


ബംഗളൂരുവിലെ കോളേജില്‍ അജ്മല്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെഎസ്യു, എംഎസ്എഫ് നേതൃത്വം എസ്എഫ്ഐക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വസ്താവിരുദ്ധവും പരിഹാസകരവുമാണെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.

ബംഗളൂരുവിലെ ചിക്ജാല ഷാഷിബ് കോളേജില്‍ ഏറോനോട്ടിക് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന കണ്ണൂര്‍ കാപ്പാട് സ്വദേശി അജ്മല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെതുടര്‍ന്ന് പൊള്ളലേറ്റ് കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടു. ആശുപത്രി കിടക്കയില്‍ അജ്മല്‍ നല്‍കിയ മൊഴിയിലും പ്രാഥമിക അന്വേഷണത്തിലും അജ്മലിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ പ്രശ്നത്തില്‍ ഇടപെടുന്നതും അജ്മലിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും.

കെഎസ്യുവും എംഎസ്എഫും എസ്എഫ്ഐയുടെ ഇടപെടലിനെ അപഹസിക്കുന്ന രീതിയില്‍ പെരുമാറുകയാണ്. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ഘാതകരെ ശിക്ഷിക്കേണ്ടതും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും സാമൂഹ്യനീതിയുടെ ഭാഗമാണ്. ഇത് തിരിച്ചറിയാതെ നടത്തുന്ന പ്രചാരണങ്ങള്‍ പൊതുസമൂഹം അവജ്ഞയോടെ തള്ളും. അജ്മലിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പോരാട്ടത്തില്‍ കെഎസ്യുവിനെയും എംഎസ്എഫിനെയും എസ്എഫ്ഐ സ്വാഗതം ചെയ്യുന്നു. ഈ സമരത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവനാളുകളും ചേരണമെന്നും എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

അജ്മലിന്റെ മരണം കുറ്റവാളികളെ സംരക്ഷിക്കുന്നവര്‍ക്ക് താക്കീതായി കലക്ടറേറ്റ് മാര്‍ച്ച്

കണ്ണൂര്‍: ബംഗളൂരുവില്‍ റാഗിങ്ങിനിടെ കൊല്ലപ്പെട്ട കാപ്പാട്ടെ എന്‍ജിനിയറിങ് വിദ്യാര്‍ഥി അജ്മലിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയും എസ്എഫ്ഐയുംചേര്‍ന്ന് നടത്തിയ മാര്‍ച്ച് പങ്കാളിത്തംകൊണ്ട് വന്‍ബഹുജനസമരമായി മാറി. കാപ്പാട് പ്രദേശത്തെ എല്ലാവീടുകളില്‍നിന്നും ആണ്‍പെണ്‍വ്യത്യാസമില്ലതെ സമരത്തിലണിചേര്‍ന്നു. പ്രിയപ്പെട്ട മകന്റെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി അജ്മലിന്റെ പിതാവ് എം ഹാരിസും അടുത്ത കുടുംബാംഗങ്ങളും മാര്‍ച്ചിനെത്തി.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ ഇനിയിത് ആവര്‍ത്തിക്കാതിരിക്കൂ എന്ന് ഹാരീസ് പറഞ്ഞു. ഉമ്മൂമ്മ സൈനബ, മൂത്തമ്മ നസീമ, മൂത്താപ്പ അബ്ദുള്ള, ഇളയമ്മമാരായ മൈമുന, നൂര്‍ജഹാന്‍ തുടങ്ങി നിരവധി ബന്ധുക്കള്‍ അധികൃതരില്‍നിന്ന് നീതിതേടി സമരത്തിനെത്തി. അജ്മലിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്ന് ആരും മോചിതരായിട്ടില്ലെങ്കിലും നാടിന്റെ ഐക്യദാര്‍ഢ്യം അവര്‍ക്ക് ആശ്വാസം പകര്‍ന്നു. കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കേരള പൊലീസ് തടസ്സം നില്‍ക്കുകയാണെന്ന് സമരം ഉദ്ഘാടനംചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തീപടരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ റാഗിങ്ങാണ് അജ്മലിന്റെ മരണത്തിന് ഇടയാക്കിയത്. ബാഹ്യസ്വാധീനത്തിന് വഴങ്ങി പ്രതികളെ രക്ഷപ്പെടുത്താനാണ് കേരള പൊലീസ് ശ്രമിക്കുന്നത്. ഇത് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ കേരള ഗവണ്‍മെന്റും പൊലീസും തയ്യാറാകണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.

അജ്മലിന്റെ മരണത്തിന് കാരണക്കാരെ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുക്കണമെന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ സനോജ്, ജില്ലാ സെക്രട്ടറി എം ഷാജര്‍, പി സുമോദ്സന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി, നെല്ല്യാട്ട് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി നാട്ടുകാരും അണിനിരന്നു.

deshabhimani 290412

1 comment:

  1. ബംഗളൂരുവിലെ കോളേജില്‍ അജ്മല്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെഎസ്യു, എംഎസ്എഫ് നേതൃത്വം എസ്എഫ്ഐക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വസ്താവിരുദ്ധവും പരിഹാസകരവുമാണെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.

    ReplyDelete