Saturday, April 28, 2012

കടലോരത്ത് ഇന്ന് പ്രതിഷേധത്തിരയിരമ്പും


പ്രതിഷേധത്തിന്റെ അലമാലകള്‍ തീര്‍ത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചിന് അറബിക്കടലോരത്ത് മനുഷ്യസാഗരം ഇരമ്പും. ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തീര്‍ക്കുന്ന മനുഷ്യസാഗരത്തില്‍ പൊതുസമൂഹമാകെ കണ്ണികളാകും. ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനുകളും ഉള്‍പ്പെടുന്ന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. അഞ്ചിന് കൈകള്‍ കോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും നടക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തിരുവനന്തപുരം കത്തോലിക്ക അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ തിരുവനന്തപുരത്തും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലത്തും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ എറണാകുളത്തും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലും കണ്ണിചേരും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആലപ്പുഴയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കോഴിക്കോട്ടും കേരള കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ് എന്നിവര്‍ തിരുവനന്തപുരത്തും അണിചേരും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ എറണാകുളത്ത് കണ്ണികളാവും.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാപദ്ധതികള്‍ ശക്തിപ്പെടുത്തി ഏകോപിപ്പിക്കുക, മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വെടിവയ്പിലും കപ്പലിടിച്ചും തകര്‍ന്ന ബോട്ടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മത്സ്യമേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ ജാഗ്രതാ സമിതി രൂപീകരിക്കുക, കേസ് കാര്യക്ഷമമായി നടത്താന്‍ വിദഗ്ധ അഭിഭാഷകരെ ചുമതലപ്പെടുത്തുക, തീരത്തുനിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം കപ്പല്‍യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മനുഷ്യസാഗരത്തില്‍ ഉയര്‍ത്തുന്നത്.

deshabhimani 280412

1 comment:

  1. പ്രതിഷേധത്തിന്റെ അലമാലകള്‍ തീര്‍ത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചിന് അറബിക്കടലോരത്ത് മനുഷ്യസാഗരം ഇരമ്പും. ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തീര്‍ക്കുന്ന മനുഷ്യസാഗരത്തില്‍ പൊതുസമൂഹമാകെ കണ്ണികളാകും. ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനുകളും ഉള്‍പ്പെടുന്ന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. അഞ്ചിന് കൈകള്‍ കോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും നടക്കും.

    ReplyDelete