Monday, April 30, 2012

ഒഞ്ചിയം പോരാട്ടചരിത്രം പുസ്തകരൂപത്തില്‍


ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രം വിവരിക്കുന്ന പി പി ഷാജുവിന്റെ "പടനിലങ്ങളില്‍ പൊരുതിവീണവര്‍" എന്ന പുസ്തകം പുറത്തിറങ്ങുന്നു. ""ഒഞ്ചിയത്തിന്റെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അതുസംബന്ധിച്ച ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്നു പറയാനാവില്ല. ഇതു പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് "പടനിലങ്ങളില്‍ പൊരുതിവീണവര്‍" എന്ന പുസ്തകത്തിലൂടെ നടത്തുന്നത്"" - സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുസ്തകത്തെ സമഗ്രമായി വിലയിരുത്തി എഴുതിയ അവതാരികയില്‍ പറയുന്നു.

""ഇന്നത്തെ കേരളം ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതിന് ഇടയാക്കിയ ഘടകങ്ങളെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് ഏറെയൊന്നും അറിഞ്ഞുകൊള്ളണമെന്നില്ല. ആ ചരിത്രം അവരെ പഠിപ്പിക്കുക എന്നത് നാടിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. അക്കാലത്തെ പോരാട്ടങ്ങളുടെ ഓര്‍മ പഴയ തലമുറയില്‍ ജ്വലിപ്പിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഈ രണ്ട് ചരിത്രപരമായ ദൗത്യങ്ങളും നിര്‍വഹിക്കുന്ന തരത്തിലാണ് ഈ പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.""

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ ആമുഖം എഴുതിയത് ചരിത്രകാരന്‍ രാജന്‍ ഗുരുക്കളാണ്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന് 135 രൂപയാണ് വില. ഒഞ്ചിയം രക്തസാക്ഷി ദിനാചരണ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ തിങ്കളാഴ്ച വൈകിട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പുസ്തകം പ്രകാശനംചെയ്യും. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന അന്തരിച്ച പി പി ഗോപാലന്റെ മകനാണ് അധ്യാപകനായ ഗ്രന്ഥകര്‍ത്താവ് പി പി ഷാജു. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം നരവംശശാസ്ത്രത്തില്‍ പഠനം നടത്തുന്നു.

deshabhimani 300412

1 comment:

  1. ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രം വിവരിക്കുന്ന പി പി ഷാജുവിന്റെ "പടനിലങ്ങളില്‍ പൊരുതിവീണവര്‍" എന്ന പുസ്തകം പുറത്തിറങ്ങുന്നു.

    ReplyDelete