Monday, April 30, 2012
ആരോഗ്യവകുപ്പില്‍ 'കീടനാശിനി മാഫിയ'യുടെ ക്വട്ടേഷന്‍ സംഘം
പ്രതിയോടും പ്രതിഭാഗം വക്കീലിനോടും കൂടിയാലോചിച്ചിട്ട് കുറ്റപത്രം തിരുത്തിയെഴുതി സമര്‍പ്പിച്ചാല്‍ മതി'.
കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തിയും മൊഴിയെടുത്തും തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ ആഭ്യന്തരവകുപ്പ് അന്വേഷണോദ്യോഗസ്ഥനോടും പബ്ലിക് പ്രോസിക്യൂട്ടറോടും ഇങ്ങനെ ആവശ്യപ്പെടുമോ? അതും സംഭവിക്കും നാളെ. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എന്‍ഡോസള്‍ഫാന്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് അന്വേഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നല്‍കിയ കല്‍പന അങ്ങനെയൊരു സാധ്യത ആസന്നഭാവിയില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് നല്‍കുന്നത്.
2010 അവസാനമാണ് മെഡിക്കല്‍ കോളജ് സംഘം കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ബാധ സംബന്ധിച്ച് പഠനം നടത്തിയത്. കേരള ഗവണ്‍മെന്റിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പഠനം. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശവാസികളില്‍ നിന്നും രക്തസാമ്പിളെടുത്തു. താരതമ്യപഠനത്തിന് കീടനാശിനി തളിക്കാത്ത ഗ്രാമങ്ങളില്‍ നിന്നും അത്രതന്നെയാളുകളുടെ സാമ്പിളുമെടുത്തു. കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. കീടനാശിനി തളിച്ച പ്രദേശത്ത് രോഗബാധ കൂടുതലുണ്ടെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് യഥാസമയം ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. സുപ്രിം കോടതി മുമ്പാകെ ഈ റിപ്പോര്‍ട്ടാണ് ഹാജരാക്കിയത്. ഈ വിവരമറിഞ്ഞപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ പരിഭ്രാന്തരായി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മനസ്സിലാക്കി എക്‌സല്‍ പ്രൊഡക്ഷന്‍ മേധാവി ഗണേശന്‍ പഠനസംഘത്തിലെ ഡോക്ടര്‍മാര്‍ക്ക് വിക്കീല്‍ നോട്ടീസയച്ചു. 2011 ജൂലൈ 28 നകം റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി. ഡോക്ടര്‍ ജയകൃഷ്ണനും സംഘവും വഴങ്ങിയില്ല. അതുകൊണ്ടാണ് ആരോഗ്യമന്ത്രിയെ പാട്ടിലാക്കിയത്. മന്ത്രി കല്‍പിച്ചു: സെക്രട്ടറി ഉത്തരവിട്ടു. റിപ്പോര്‍ട്ട് തിരുത്തണം, ഗണേശന്‍ പറഞ്ഞു. തരും എന്താണ് എഴുതേണ്ടത് എന്ന്.
എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പുതിയ കളിയല്ല ഇത്. 2002 ല്‍ ഒ പി ദുബെ കേന്ദ്രസര്‍ക്കാരിനുവേണ്ടി അന്വേഷണം നടത്താന്‍ വന്നപ്പോള്‍ ആ സംഘത്തില്‍ കീടനാശിനി ഉല്‍പാദകരുടെ പ്രതിനിധികളായ അശ്വിന്‍ഷ്‌റോഫും സാഗര്‍ കൗശിക്കും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ലാബോറട്ടറികളെ അവഗണിച്ച് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യലാബിലാണ് സാമ്പിള്‍ പരിശോധന നടത്തിയത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് കണ്ടെത്തിയതുപോലെ, തിരുത്തിയെഴുതിയ റിപ്പോര്‍ട്ടാണ് ലാബിന്റേതായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. സലിം അലി ഇന്‍സ്റ്റിറ്റിയൂട്ട് വഴങ്ങാത്തപ്പോള്‍ ഭീഷണി. ലാബ് ജീവനക്കാര്‍ക്കുംകിട്ടി വക്കീല്‍ നോട്ടീസ്.
സുപ്രിം കോടതിമുമ്പാകെയുള്ള കേസില്‍ മെഡിക്കല്‍ കോളജിന്റെ പഠനറിപ്പോര്‍ട്ട് പരിഗണിക്കപ്പെടും എന്ന് കണ്ടപ്പോള്‍ മറ്റൊരു അടവ്; ചില എന്‍ ജി ഒ കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ഇങ്ങനെയൊരു പരസ്യവും നല്‍കി.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലും ഗണേശനും ഹരിഹരനും ജി കെ പാണ്ഡെയും തീര്‍ഥാങ്കര്‍ ബസുവും മറ്റും ഉണ്ടായിരുന്നു.
കേന്ദ്ര കൃഷിമന്ത്രാലയം സെക്രട്ടറിയെ മൂകസാക്ഷിയാക്കി ഇവരാണ് ഇന്ത്യയുടെ നിലപാട് ജനീവാ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്. തിരിച്ചുവന്നശേഷം ഇവര്‍ ഡല്‍ഹിയില്‍ വലിയൊരു ശില്‍പശാല സംഘടിപ്പിച്ചു; ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. പങ്കെടുത്ത പ്രമുഖര്‍ സോണിയാഗാന്ധി, മന്‍മോഹന്‍സിംഗ്, ശരത്പവാര്‍. ഇന്ത്യയിലെ കൃഷി മെച്ചപ്പെടണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ അനുപേക്ഷണീയം - ശില്‍പശാലയുടെ പ്രഖ്യാപനം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള മൂന്നുപാധി എന്‍ഡോസള്‍ഫാന്റെ നിയന്ത്രണം നീക്കുക എന്നത് - ശരത്പവാര്‍. കേരള ആരോഗ്യവകുപ്പും കൃഷിവകുപ്പും 'കീടനാശിനി മാഫിയ'യുടെ ക്വട്ടേഷന്‍ സംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു. അതിന് അവസാനത്തെ തെളിവാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.
നാരായണന്‍ പേരിയ ജനയുഗം 300412
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
പ്രതിയോടും പ്രതിഭാഗം വക്കീലിനോടും കൂടിയാലോചിച്ചിട്ട് കുറ്റപത്രം തിരുത്തിയെഴുതി സമര്‍പ്പിച്ചാല്‍ മതി'.
ReplyDeleteകൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തിയും മൊഴിയെടുത്തും തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ ആഭ്യന്തരവകുപ്പ് അന്വേഷണോദ്യോഗസ്ഥനോടും പബ്ലിക് പ്രോസിക്യൂട്ടറോടും ഇങ്ങനെ ആവശ്യപ്പെടുമോ? അതും സംഭവിക്കും നാളെ. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എന്‍ഡോസള്‍ഫാന്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് അന്വേഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നല്‍കിയ കല്‍പന അങ്ങനെയൊരു സാധ്യത ആസന്നഭാവിയില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് നല്‍കുന്നത്.