Sunday, April 29, 2012
എസ്എസ്എല്‍സി: നൂറുമേനി പദ്ധതി തകര്‍ത്തതും പിന്നോട്ടടിക്കു കാരണം
എസ്എസ്എല്‍സി വിജയശതമാനത്തില്‍ കോട്ടയം ജില്ല മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് "നൂറുമേനി" പദ്ധതി തകിടം മറിച്ചതും കാരണമായി. എല്‍ഡിഎഫ് ജില്ലാപഞ്ചായത്ത് ഭരിച്ചപ്പോള്‍ കൊണ്ടുവന്ന ഈ പദ്ധതി യുഡിഎഫ് അധികാരമേറ്റയുടന്‍ വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോഴുണ്ടായ പിന്നോട്ടടിക്കു മറുപടി പറയേണ്ടത് സര്‍ക്കാരും ജില്ലാപഞ്ചായത്തുമാണ്. സോഷ്യല്‍ സയന്‍സിന് കൂട്ടത്തോല്‍വി വന്നതാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ഒരു പത്രത്തിന്റെ പ്രചാരണവും അധികാരികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്.
എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ വിജയശതമാനം ഉയര്‍ന്നതിനു പിന്നില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ നൂറുമേനി പദ്ധതിയായിരുന്നെന്ന് കണക്കുകളില്‍ തന്നെ വ്യക്തം. 2010ല്‍ ജില്ലയിലെ വിജയം 96.37 ശതമാനമായിരുന്നു. 2011ല്‍ 97.02 ലേക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍ ജില്ല സ്വന്തമാക്കിയത് സംസ്ഥാനത്തെ ഒന്നാം റാങ്ക്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ജില്ലയില്‍ 80 ശതമാനമായിരുന്നു വിജയം. നൂറുശതമാനവും വിജയം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. കെ അനില്‍കുമാറാണ് നൂറുമേനി പദ്ധതി ആവിഷ്കരിച്ചത്. കെ പി സുഗുണന്‍ പ്രസിഡന്റായ ഭരണസമിതി പദ്ധതി ജില്ലയില്‍ എല്ലായിടത്തും നടപ്പാക്കാന്‍ തീരുമാനിച്ചു. സ്കൂളുകളില്‍ സര്‍വേ നടത്തിയായിരുന്നു തുടക്കം. കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങളും സാമ്പത്തിക-സാമൂഹ്യ സ്ഥിതിയും ഇതിലൂടെ മനസിലാക്കി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മൂന്നാട്ട് കൊണ്ടുവരാന്‍ "എഡ്യുകെയര്‍" പരിപാടി സംഘടിപ്പിച്ചു.
പിന്നീടാണ് ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലും നൂറുമേനി പദ്ധതി തുടങ്ങിയത്. ഒമ്പതാം ക്ലാസിലെ അര്‍ധവാര്‍ഷിക പരീക്ഷയുടെ നിലവാരം കൂടി മാനദണ്ഡമാക്കി കുട്ടികളെ എ,ബി,സി എന്നിങ്ങനെ തരംതിരിച്ചു. ഇതില്‍ "സി" ഗ്രൂപ്പില്‍ പെട്ട കുട്ടികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് പ്രത്യേക ട്യൂഷന് ഓരോ അധ്യാപകര്‍ക്കും ചുമതല നല്‍കി. രാവിലെ ഒമ്പതു മുതല്‍ 10 വരെയും ക്ലാസ് കഴിഞ്ഞ് വൈകിട്ട് നാലിനും പ്രത്യേക പരിശീലനം നല്‍കി. ഇതിനായി എയ്ഡഡ് സ്കൂളുകളില്‍ സ്പെഷ്യല്‍ അധ്യാപകരെ നിയോഗിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ വിരമിച്ച അധ്യാപകരെ കൂടി വിനിയോഗിച്ചു. പിടിഎ, പ്രധാനാധ്യാപകര്‍ എന്നിവരുടെ യോഗം വിളിച്ച് പഠനപ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഉറപ്പാക്കി. മികവുള്ള കുട്ടികളെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയും ഉള്‍പ്പെടുത്തി പഠനഗ്രൂപ്പുണ്ടാക്കിയതും നേട്ടമായി. ലളിതമായ രീതിയില്‍ കണക്കും സാമൂഹ്യശാസ്ത്രവും മനസിലാക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയതും ഗുണമായി. കൗണ്‍സിലിങിന് ഡോക്ടര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി.
തുടക്കകാലത്ത് സി വിഭാഗത്തില്‍ 7000 കുട്ടികളായിരുന്നു. 2007-08ലെ ഫലം വന്നപ്പോള്‍ ഇതില്‍ 5900 കുട്ടികളും ഉപരിപഠന യോഗ്യത നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിജയശതമാനം കൂടി. 2008-09ല്‍ 96.22 ലേക്കും അടുത്തവര്‍ഷം 96.37 ലേക്കും ഉയര്‍ന്നു. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളും ശ്രദ്ധേയമായി. പദ്ധതിക്കു മുമ്പ് ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമായിരുന്നു നൂറുമേനി വിജയം. 2010ല്‍ 18 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി തികച്ചു. 2011ല്‍ 23 സ്കൂളുകളിലേക്ക് നേട്ടം വര്‍ധിച്ചു. 2020 ഓടെ എസ്എസ്എല്‍സി വിജയിക്കാത്തവരില്ലാത്ത ജില്ലയാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എസ്എസ്എല്‍സി ഫലം: ജില്ല പിന്നിലായത് ജില്ലാപഞ്ചായത്തിന്റെ പിടിപ്പുകേട്
എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ കോട്ടയം ജില്ല പിന്നോട്ട് പോയത് ജില്ലാപഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗം ആരോപിച്ചു.
ജില്ലാപഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ജില്ലയിലെ പിന്നോക്കം നില്‍ക്കുന്ന സ്കൂളുകളെ കണ്ടെത്തി അവയ്ക്ക് മുന്നേറാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് നൂറുമേനി പദ്ധതി ആവിഷ്കരിച്ചത്. യുഡിഎഫ് നേതൃത്വത്തില്‍ നിലവിലുള്ള ഭരണസമിതി ഈ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടുപോയി. ഭരണകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണിത്. ജില്ലാപഞ്ചായത്ത് ഭവന്റെ നവീകരണം നിര്‍മിതി കേന്ദ്രത്തിനു നല്‍കിയെങ്കിലും അഭിപ്രായവ്യത്യാസം മൂലം പണികര്‍ നിര്‍ത്തി. ജില്ലാപഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഭരണസമിതി തികഞ്ഞ പരാജയമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ബിജു തോമസും സെക്രട്ടറി പി എസ് പുഷ്പമണിയും ആരോപിച്ചു.
എസ്എസ്എല്‍സി: ജില്ല പിന്നിലായത് ഭരണത്തിന്റെ പിടിപ്പുകേട് - ഡിവൈഎഫ്ഐ
കോട്ടയം: എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ കോട്ടയം ജില്ല പിന്നോട്ട് പോയത് ജില്ലാ ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ഡിവൈഎഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു.
ജില്ലയില്‍ എല്‍ഡിഎഫ് ഭരണകാലത്തും ജില്ലാപഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചുണ്ടിരുന്നപ്പോഴും വിദ്യാഭ്യാസമേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. അഡ്വ. കെ അനില്‍കുമാര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കെ നൂറുമേനി പദ്ധതിയടക്കം ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. പിന്നീട് വന്ന യുഡിഎഫ് ഭരണം അവ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടത്ര മുന്‍കൈയെടുത്തില്ല. ജില്ലയിലെ പിന്നോക്കം നില്‍ക്കുന്ന സ്കൂളുകളെ കണ്ടെത്തി അവയ്ക്ക് മുന്നേറാനുള്ള സാഹചര്യമോ പ്രത്യേക പരിഗണനയോ നല്‍കുന്നതില്‍നിന്ന് ജില്ലാപഞ്ചായത്ത് പിന്നോട്ടുപോയി. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളെ വേണ്ടവിധത്തില്‍ ഏറ്റെടുത്ത് പിന്തുണ നല്‍കാന്‍ ജില്ലയിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചില്ല. പൊതുവിദ്യാഭ്യാസത്തെയടക്കം തകര്‍ക്കുന്ന നിലപാടുമായി പോകുന്ന ഭരണകര്‍ത്താക്കള്‍ ഇതില്‍നിന്നും പിന്തിരിയണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും ആവശ്യപ്പെട്ടു.
deshabhimani 290412
Subscribe to:
Post Comments (Atom)
എസ്എസ്എല്‍സി വിജയശതമാനത്തില്‍ കോട്ടയം ജില്ല മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് "നൂറുമേനി" പദ്ധതി തകിടം മറിച്ചതും കാരണമായി. എല്‍ഡിഎഫ് ജില്ലാപഞ്ചായത്ത് ഭരിച്ചപ്പോള്‍ കൊണ്ടുവന്ന ഈ പദ്ധതി യുഡിഎഫ് അധികാരമേറ്റയുടന്‍ വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോഴുണ്ടായ പിന്നോട്ടടിക്കു മറുപടി പറയേണ്ടത് സര്‍ക്കാരും ജില്ലാപഞ്ചായത്തുമാണ്. സോഷ്യല്‍ സയന്‍സിന് കൂട്ടത്തോല്‍വി വന്നതാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ഒരു പത്രത്തിന്റെ പ്രചാരണവും അധികാരികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്.
ReplyDelete