Thursday, April 26, 2012

സപ്ലൈകോയ്ക്ക് നെല്ലുവിറ്റവര്‍ വെട്ടില്‍; കുടിശ്ശിക 460 കോടി


കോട്ടയം: കര്‍ഷകരില്‍നിന്ന് ശേഖരിച്ച നെല്ലിനുള്ള വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ വലയ്ക്കുന്നു. സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തവര്‍ക്ക് കഴിഞ്ഞ ഒന്നരമാസമായി പണം നല്‍കുന്നില്ല. കുടിശ്ശിക 460 കോടി കവിഞ്ഞു. സപ്ലൈകോയുടെ ഓഫീസുകളില്‍ എത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്.കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നാണ് ഇവര്‍ക്ക് ലഭിക്കുന്ന മറുപടി. ബ്ലേഡ് പലിശക്ക് പണം കടം വാങ്ങിയവര്‍ക്കും നിലത്തിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി കൃഷിയിറക്കിയവര്‍ക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്.

പാലക്കാട്ടും കോട്ടയത്തും ആലപ്പുഴയിലുമാണ് കൂടുതല്‍ കുടിശ്ശിക. പാലക്കാട്ട് 1,17,350 ടണ്‍ നെല്ല് സംഭരിച്ചതായാണ് ഒടുവിലത്തെ കണക്ക്. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ച ഇവിടെ കുടിശ്ശിക 150 കോടിയിലേറെയാണ്. കഴിഞ്ഞ മാര്‍ച്ച് പകുതിയ്ക്കുശേഷം തുക വിതരണം മുടങ്ങി. 70 കോടി രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. 99,512 ടണ്‍ നെല്ലാണ് ആലപ്പുഴയില്‍ സംഭരിച്ചത്. 175 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുണ്ട്. നല്‍കിയതാകട്ടെ 20 കോടിയും. മാര്‍ച്ച് 14നുശേഷം വിതരണം നടന്നിട്ടില്ല. കോട്ടയത്ത് കുടിശിക 100 കോടി കവിഞ്ഞു. 38,660 ടണ്‍ നെല്ല് സംഭരിച്ച ഇവിടെ പതിനേഴര കോടി രൂപ മാത്രമായിരുന്നു വിതരണം. മാര്‍ച്ച് 19നുശേഷം ചില്ലിക്കാശ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. തൃശൂരില്‍ 35 കോടി രൂപയാണ് കുടിശിക. 51,057 ടണ്‍ നെല്ല് സംഭരിച്ച വകയില്‍ ഇനി 37 കോടി രൂപ കൂടി വിതരണം ചെയ്യണം. പത്തനംതിട്ടയില്‍ ഇതുവരെ ഒരുരൂപ പോലും വിതരണം ചെയ്തിട്ടില്ല. ഇവിടെ കൊയ്ത്ത് താമസിച്ചതിനാലാണ് വിതരണം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 7,313 ടണ്‍ നെല്ല് പത്തനംതിട്ടയില്‍ സംഭരിച്ചിട്ടുണ്ട്. തുക വിതരണം ഏകദേശം പൂര്‍ത്തിയായ വയനാട്ടില്‍ 2049 ടണ്‍ നെല്ലാണ് സംഭരിച്ചത്. മൂന്നുകോടി രൂപ വിതരണം ചെയ്തു. മലപ്പുറത്ത് 44 ലക്ഷം രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 2933 ടണ്‍ നെല്ല് ഇവിടെ സംഭരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൊത്തം 3,19,681.65 ടണ്‍ നെല്ലു സംഭരിച്ചതായാണ് ഏപ്രില്‍ 21 വരെയുള്ള കണക്ക്. ഫെബ്രുവരി 15 മുതലാണ് സംസ്ഥാനത്ത് പുഞ്ചകൃഷിയുടെ നെല്ലുസംഭരണം ആരംഭിച്ചത്. മെയ് പകുതിയോടെ സംഭരണം പൂര്‍ത്തിയാകുമ്പോള്‍ നാലുലക്ഷം ടണ്ണിനുമേല്‍ നെല്ല് സംഭരിക്കാനാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നെല്ല് വില ക്വിന്റലിന് 700 രൂപയില്‍ നിന്ന് 1500 രൂപയായി വര്‍ധിപ്പിച്ചത്. നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അവരുടെ അക്കൗണ്ടിലേക്ക് പണവും കൊടുത്തിരുന്നു
(സിബിജോര്‍ജ്)

deshabhimani 260412

1 comment:

  1. കര്‍ഷകരില്‍നിന്ന് ശേഖരിച്ച നെല്ലിനുള്ള വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ വലയ്ക്കുന്നു. സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തവര്‍ക്ക് കഴിഞ്ഞ ഒന്നരമാസമായി പണം നല്‍കുന്നില്ല. കുടിശ്ശിക 460 കോടി കവിഞ്ഞു. സപ്ലൈകോയുടെ ഓഫീസുകളില്‍ എത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്.കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നാണ് ഇവര്‍ക്ക് ലഭിക്കുന്ന മറുപടി. ബ്ലേഡ് പലിശക്ക് പണം കടം വാങ്ങിയവര്‍ക്കും നിലത്തിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി കൃഷിയിറക്കിയവര്‍ക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്

    ReplyDelete