Saturday, April 28, 2012
രാജിവയ്ക്കണമെന്ന് ലീഗ്; വി സി വഴങ്ങുന്നില്ല
കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനം വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ മുസ്ലിംലീഗ് ശ്രമം. വി സിയെ രാജിവെപ്പിച്ച് മാനംകാക്കാന്‍ ലീഗ് ശ്രമം തുടങ്ങി. ലീഗ് നേതാക്കള്‍ ഒന്നിച്ച് വി സിക്കെതിരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗം. എന്നാല്‍, സിന്‍ഡിക്കേറ്റിന്റെ കൂട്ടായ തീരുമാനത്തില്‍ തന്നെമാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അദ്ദേഹം. രാജിവയ്ക്കാനില്ലെന്ന് ലീഗ് നേതൃത്വത്തെ വി സി അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ലീഗ് മന്ത്രിമാരെയും നേരിട്ടുകണ്ട് വിവാദതീരുമാനത്തില്‍ വി സി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വി സിയെ സംരക്ഷിക്കാനാവില്ലെന്ന ഉറച്ചനിലപാടിലാണ് ലീഗ് നേതൃത്വം. വി സിയെ പൂര്‍ണമായി തള്ളിപ്പറഞ്ഞ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. അപേക്ഷയിലെ ന്യായാന്യായങ്ങള്‍ നോക്കി നിലപാട് സ്വീകരിക്കേണ്ടത് വിസിയുടെ ഉത്തരവാദിത്തമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഭൂമി അനുവദിക്കുന്നതില്‍ വി സിക്ക് തെറ്റിയെന്നായിരുന്നു വിവാദമുണ്ടായ ഉടനെ ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങളെ ന്യായീകരിക്കുംവിധമാണ് മന്ത്രി പി കെ അബ്ദുറബ്ബ് ആദ്യം പ്രതികരിച്ചത്. എന്നാല്‍, പിന്നീട് നിലപാട് മാറ്റി. വി സിക്ക് തെറ്റുപറ്റി. വിഷയം സര്‍ക്കാരിനെ അറിയിക്കാനുള്ള ബാധ്യത വൈസ് ചാന്‍സലര്‍ക്കുണ്ട്. എന്നാല്‍ അതുണ്ടായില്ല-അദ്ദേഹം വ്യക്തമാക്കി.
സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളും വി സിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. വി സിക്ക് സര്‍വകലാശാലയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നാണ് സിന്‍ഡിക്കേറ്റംഗം ആര്‍ എസ് പണിക്കര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പണിക്കരുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസിനും വി സി അനഭിമതനാണെന്ന് വ്യക്തം. ലീഗ് നേതൃത്വം ഒന്നാകെ തനിക്കെതിരെ തിരിഞ്ഞതോടെ വി സിയും പ്രതിരോധത്തിലായി. എല്ലാ കാര്യങ്ങളും മന്ത്രി പി കെ അബ്ദുറബ്ബിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വി സി പിന്നീട് ഈ നിലപാട് തിരുത്തി. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ചുവടുമാറ്റി. ലീഗ് നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഈ നിലപാടുമാറ്റം.
ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം- എല്‍ഡിഎഫ്
കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭൂമി ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് രാജിവയ്ക്കണമെന്നും എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രി സ്വയം ഒഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് മന്ത്രി തെളിയിച്ചുകഴിഞ്ഞു. ഭൂമിദാനത്തിന് നേതൃത്വം നല്‍കിയ വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്തുനല്‍കും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണും. മാധ്യമങ്ങളും ബഹുജനങ്ങളും ഭൂമിദാനം തുറന്നുകാട്ടിയപ്പോഴാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തീരുമാനം മാറ്റിയത്. വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും സാമുദായികവല്‍ക്കരണവും സര്‍ക്കാര്‍ നയമാക്കി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ കണ്ടതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഭൂമി തിരിമറി നടത്തുന്ന ഉദ്യോഗസ്ഥരെപ്പോലെ: എം എ ബേബി
കൊച്ചി: കള്ളരേഖകള്‍ ഉണ്ടാക്കി ഭൂമി തിരിമറി നടത്തുന്ന ചില റവന്യു ഉദ്യോഗസ്ഥരെപ്പോലെയാണ് കലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ (എഫ്യുടിഎ) സംഘടിപ്പിച്ച സര്‍വകലാശാല സംരക്ഷണ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എന്താണ് വിദ്യാഭ്യാസരംഗത്തുനിന്ന് മോഷ്ടിക്കാന്‍പറ്റുന്നതെന്നാണ് സര്‍ക്കാരിന്റെയും അനുചരവൃന്ദത്തിന്റെയും നോട്ടം. ഇങ്ങനെയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാന കുംഭകോണവും മറ്റും ഉണ്ടാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമായ കാഴ്ചപ്പാടോടെയാണ് വിദ്യാഭ്യാസരംഗത്ത് നടപടി സ്വീകരിച്ചിരുന്നത്. എന്നാല്‍, ഒരുവര്‍ഷത്തെ ഭരണംകൊണ്ട് ഇത് എങ്ങനെ തകര്‍ക്കാമെന്ന് യുഡിഎഫ് തെളിയിച്ചു. സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമംതന്നെ അട്ടിമറിച്ചു. കോളേജില്‍ പഠിപ്പിച്ച് പരിചയമില്ലാത്തയാളെ വിസിയാക്കാന്‍ തീരുമാനിച്ചു. ഇത്തരം വലിയ നിയമലംഘനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചു. ഇതിനെതിരെ യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കൗണ്‍സിലിന്റെ ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ടിലേക്ക് നിരവധി പ്രമുഖര്‍ സഹായവുമായെത്തി. ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ ക്രിസ് ഗോപാലകൃഷ്ണന്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, യുഡിഎഫ് വന്നതോടെ പദ്ധതി എന്തായെന്നു പോലും അറിയില്ല- ബേബി പറഞ്ഞു.
deshabhimani 280412
Labels:
അഴിമതി,
മുസ്ലീം ലീഗ്,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനം വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ മുസ്ലിംലീഗ് ശ്രമം. വി സിയെ രാജിവെപ്പിച്ച് മാനംകാക്കാന്‍ ലീഗ് ശ്രമം തുടങ്ങി. ലീഗ് നേതാക്കള്‍ ഒന്നിച്ച് വി സിക്കെതിരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗം. എന്നാല്‍, സിന്‍ഡിക്കേറ്റിന്റെ കൂട്ടായ തീരുമാനത്തില്‍ തന്നെമാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അദ്ദേഹം. രാജിവയ്ക്കാനില്ലെന്ന് ലീഗ് നേതൃത്വത്തെ വി സി അറിയിച്ചതായാണ് വിവരം.
ReplyDelete