Monday, April 30, 2012

നിലവാരമില്ലാത്ത മാലിന്യപ്ലാന്റുകള്‍ വാങ്ങാന്‍ നീക്കം: കോഴയ്ക്ക് കളമൊരുങ്ങുന്നു


സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തകൃതിയായ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിക്ക് കളമൊരുങ്ങി.  ഇതിന്റെ ആദ്യപടിയായി 379 കോടി രൂപയുടെ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയുടെ  പ്രതിനിധികള്‍ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ആക്ഷപമുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍  നല്‍കുന്ന കമ്പനികള്‍ക്ക് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് 2010 സെപ്റ്റംബറില്‍ കേന്ദ്ര നഗരാസൂത്രണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനെത്തിയിട്ടുള്ള കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇല്ലെന്നും സൂചനയുണ്ട്.

ഇതൊക്കെ രഹസ്യമാക്കി ഗുണനിലവാരമില്ലാത്ത കമ്പനികളുമായി കരാര്‍ ഒപ്പിട്ട് ഉപകരണങ്ങള്‍ വാങ്ങാനാണ് നഗരാസൂത്രണ വകുപ്പിന്റെ തീരുമാനം. ഗുണനിലവാരമില്ലാത്ത കമ്പനികളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിലൂടെ കമ്മിഷന്‍ ഇനത്തില്‍ കോടികള്‍ ലഭിക്കും. പത്ത് ശതമാനം കമ്മിഷന്‍ നല്‍കാമെന്ന് തലസ്ഥാനത്ത് തമ്പടിച്ചിട്ടുള്ള കമ്പനി പ്രതിനിധികള്‍ പദ്ധതിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് അംഗീകരിച്ചില്ല. 30 മുതല്‍ 40 ശതമാനം വരെ കമ്മിഷന്‍ ലഭിച്ചാല്‍ മാത്രമേ കരാറില്‍ എത്താന്‍ കഴിയൂവെന്നാണ്  അധികൃതരുടെ നിലപാട്.

ഇതിനിടെ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കമ്പനികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക എംപാനല്‍മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുടെ  ശുപാര്‍ശയോടെ കെ എസ് യു ഡി പി അധികൃതര്‍ക്ക് കത്ത് നല്‍കി.  തുടര്‍ന്നുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഭയന്ന് കെ എസ് യു ഡി പി അധികൃതര്‍ ഉത്തരവ് ഇനിയും നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍   വന്‍തുക കോഴ വാഗ്ദാനം ചെയ്ത്  കെ എസ് യു ഡി പി അധികൃതരേയും് പാട്ടിലാക്കുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ക്രഷര്‍, ബെയ്‌ലര്‍, കോംപാക്ടര്‍, വാഹനങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്.  456 പ്ലാന്റുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.  ഇതിന് മാത്രം 69 കോടി ചെലവ് വരും. വ്യക്തമായ നിയമങ്ങള്‍ പാലിച്ച് ഇ ടെന്റര്‍ നടപടികള്‍ പാലിച്ചാല്‍ 42 കോടി രൂപ ചെലവില്‍ ഇതൊക്കെ വാങ്ങാന്‍ കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഇതിലും കുറച്ച് വിലയ്ക്ക് ലഭിക്കും. വന്‍തുക കോഴ വാങ്ങുകയാണ്  വകുപ്പ് നിയന്ത്രിക്കുന്ന കക്ഷിയുടെ ലക്ഷ്യമെന്ന ആക്ഷേപവുമുണ്ട്.

സ്ഥാപിക്കുന്ന പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തുന്നതിന് കോടികള്‍ വീണ്ടും ചെലവാകും.  ഇക്കാര്യം കമ്പനി അധികൃതരും സമ്മതിക്കുന്നു.  യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിന് പുറമേ  അറ്റകുറ്റപണി ഇനത്തിലും കോടികളുടെ  ദീര്‍ഘകാല അഴിമതിക്ക് ഇത് കാരണമാകും.

ഇത് കൂടാതെ ജീവനക്കാര്‍ കൂടുതലായുള്ള ഓഫീസ് സമുച്ചയങ്ങളിലും വ്യവസായ ശാലകളിലും പ്രത്യേക മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ്, പബ്ലിക് ഓഫീസ്, വികാസ് ഭവന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ എയ്‌റേറ്റ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.  മെഡിക്കല്‍ കോളജില്‍ 2.7 കോടി രൂപ സെക്രട്ടേറിയറ്റില്‍ 1.6 കോടി, പബ്ലിക് ഓഫീസില്‍ 98 ലക്ഷം രൂപ ചെലവിലുമാണ് പുതിയ പ്ലാന്റുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ എയ്‌റേറ്റഡ് സാങ്കേതിക വിദ്യ മറ്റുള്ള രാജ്യങ്ങളില്‍ ഇതിനകം ഉപേക്ഷിച്ചു. സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇവ  ഇളക്കി മാറ്റി പുതിയവ സ്ഥാപിച്ചു.
ഇതേ മെഷീനുകളാണ് സംസ്ഥാനത്തെ സര്‍ക്കാരിനെ സ്വാധീനിച്ച് കേരളത്തില്‍ വില്‍ക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. കമ്പോള വിലയെക്കാള്‍ 60 ശതമാനം വരെ വില കുറച്ച്  സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇളക്കി മാറ്റിയ മെഷീനുകള്‍ വില്‍ക്കാന്‍ തയ്യാറാണ്. ഇതിലൂടെയും കോടികള്‍ കോഴയായി ലഭിക്കും.

എയ്‌റേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പരിസ്ഥിതി സന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കെ എസ് യു ഡി പിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആക്ഷപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചത്തെ യോഗ മിനിട്‌സില്‍ തങ്ങളുടെ വിയോജനകുറിപ്പ് രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ആക്ഷപമുണ്ട്. കോടികള്‍ കായ്ക്കുന്ന മരമാണ് മാലിന്യ പ്ലാന്റുകളെന്ന സത്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രത്യേകിച്ചും അടിത്തിടെ അധികാരത്തിലെത്തിയ മന്ത്രി മഞ്ഞളാം കുഴി അലിക്കും ബോധ്യമുണ്ട്.

janayugom 010512

1 comment:

  1. സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തകൃതിയായ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിക്ക് കളമൊരുങ്ങി. ഇതിന്റെ ആദ്യപടിയായി 379 കോടി രൂപയുടെ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
    ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയുടെ പ്രതിനിധികള്‍ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ആക്ഷപമുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് 2010 സെപ്റ്റംബറില്‍ കേന്ദ്ര നഗരാസൂത്രണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനെത്തിയിട്ടുള്ള കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇല്ലെന്നും സൂചനയുണ്ട്.

    ReplyDelete