Monday, April 30, 2012
ധനമൂലധനത്തിന്റെ അധിനിവേശം കവിതയിലും: ജി സുധാകരന്‍
കോട്ടയം: ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ധനമൂലധനത്തിന്റെ അധിനിവേശം മലയാള കവിതയിലും പ്രകടമാണെന്ന് ജി സുധാകരന്‍ എംഎല്‍എ. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം 67 ാം വാര്‍ഷികാഘോഷം പൊന്‍കുന്നം വര്‍ക്കി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയകാല കവിതകളെപ്പറ്റിയുള്ള ചര്‍ച്ച കേട്ടാല്‍ 1970 ന് ശേഷം മലയാളത്തില്‍ കവിത ഉണ്ടായിട്ടില്ലേ എന്ന് സംശയിക്കും. ഈ കാലഘട്ടത്തിലെ കവികള്‍ വര്‍ത്തമാനകാല വൈരുദ്ധ്യങ്ങളോട് പ്രതികരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സാഹിത്യകാരന്റെ പ്രതിബദ്ധത ആരോട് എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. വിയര്‍പ്പൊഴുക്കുന്ന ജനവിഭാഗത്തോടായിരിക്കണം സര്‍ഗപ്രക്രിയയില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത്. സര്‍വകലാശാലകള്‍ ഭാഷയെ കൊല്ലുകയാണ്. അവശേഷിക്കുന്ന ഭാഷയെ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥവൃന്ദം വീതംവച്ചു തിന്നുന്നു. ശുദ്ധമായ ഭാഷ വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടേതാണ്. മന്ത്രിയായിരിക്കുമ്പോള്‍ കഴിഞ്ഞ പതിറ്റാണ്ടിലെ മലയാള കവിത എന്നൊരു പഠനം വേണമെന്ന നിര്‍ദ്ദേശം സംഘം ബോര്‍ഡില്‍ താനാണ് ഉന്നയിച്ചതെന്നും അത് യാഥാര്‍ഥ്യമായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
114 കവിതകള്‍ ഉള്‍പ്പെടുത്തി കവി ഏഴാച്ചേരി രാമചന്ദ്രന്‍ എഡിറ്റ് ചെയ്ത "പതിറ്റാണ്ടിന്റെ കവിത" എന്ന സമാഹാരം ജി സുധാകരന് നല്‍കി ഡോ. അമ്പലപ്പുഴ രാമവര്‍മ പ്രകാശനം ചെയ്തു. എസ്പിസിഎസ് ഭരണസമിതിയംഗം കൂടിയായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് രചിച്ച "എന്റെ പേര്" കവിതാസമാഹാരം ആര്‍ പാര്‍വതീദേവിക്ക് നല്‍കി ഡോ. സ്കറിയ സക്കറിയ പ്രകാശനം ചെയ്തു. സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷനായി. ജി സുധാകരനുള്ള ഉപഹാരം ഏഴാച്ചേരി സമ്മാനിച്ചു. കെ എം വേണുഗോപാല്‍, ബോര്‍ഡംഗം ആര്‍ ബി രാജലക്ഷ്മി, മുന്‍ സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ശശികുമാര്‍ സ്വാഗതവും സെക്രട്ടറി അജിത് കെ ശ്രീധര്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഏഴാച്ചേരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷയായി. വിവിധ കലാ-സാഹിത്യ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആര്‍ പാര്‍വതീദേവി സമ്മാനദാനം നിര്‍വഹിച്ചു. കെ പ്രശാന്ത് സംസാരിച്ചു. സി എസ് വിനോദ്കുമാര്‍ നന്ദി പറഞ്ഞു.
deshabhimani 300412
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment