Monday, April 30, 2012

വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും രംഗത്ത്


പരസ്യപ്രസ്താവനകള്‍ക്ക് കല്‍പിച്ച വിലക്ക് ലംഘിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.  അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ ഒരാഴ്ച മുമ്പ് ഒരു കല്യാണച്ചടങ്ങില്‍ വെച്ചാണ് കെ പി സി സി പ്രസിഡന്റും ലീഗ് നേതാക്കളും  പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി കെട്ടിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ ചൂടാറും മുമ്പ് ഇന്നലെ വീണ്ടും ആരോപണങ്ങളുമായി ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും രംഗത്തെത്തി.

ഇനി പറയാനുള്ളതെല്ലാം നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പു തീയതിയായ ജൂണ്‍ രണ്ട് കഴിഞ്ഞിട്ടു പറയുമെന്നായിരുന്നു കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റിന്റെ വിലക്കു വന്ന ഉടന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലീഗുകാര്‍ പ്രതിസ്ഥാനത്തു വന്ന കാലിക്കറ്റ് സര്‍വകലാശാലം ഭൂമിദാനപ്രശ്‌നത്തോടെ മുരളീധരന്‍ ലീഗ് വിരുദ്ധപ്രസ്താവനയുമായി വീണ്ടുമെത്തുകയായിരുന്നു. സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്നത് പെരുങ്കള്ളന്മാരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ വ്യക്തം. ഭൂമിദാനത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് പൊല്ലാപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന മുരളീധരനെ നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പു പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.

ലീഗിന്റെ ശക്തനായ എതിരാളിയായി അറിയപ്പെടുന്ന ആര്യാടന്‍ മുഹമ്മദ് ഇന്നലെ കോഴിക്കോട് എടക്കാട് മണ്ഡലം സമ്മേളനത്തിലാണ് ലീഗിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. ലീഗിന്റെ പേരെടുത്തുപറയാതെയായിരുന്നു ആക്ഷേപങ്ങള്‍. മുസ്‌ലിം തീവ്രവാദസംഘടനകള്‍ എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ ആര്യാടന്‍ ചില പാര്‍ട്ടികളില്‍ അവര്‍ക്ക് എളുപ്പം കയറിക്കൂടാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞു. ഇത് ലീഗിനെ ഉദ്ദേശിച്ചാണ്. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞ ആര്യാടനെതിരെ  പ്രകടനം നടത്തുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്‌യതില്‍  ലീഗില്‍ കയറിക്കൂടിയ തീവ്രവാദികള്‍ക്ക് പങ്കുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു.

ലീഗിന്റെ ചില നേതാക്കളും ഇതു ശരിവെച്ചുകൊണ്ട് പാര്‍ട്ടിയോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തു. ഇതിനുമുമ്പ് കാസര്‍കോട്ടും കണ്ണൂരും നടന്ന അക്രമസംഭവങ്ങളിലും ലീഗിനകത്ത് കയറിക്കൂടിയ തീവ്രവാദികളുടെ പങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം തീവ്രവാദികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല ലീഗ് എന്ന് പരസ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ ലീഗ് നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു.  ഇതെല്ലാം വെച്ചുകൊണ്ടാണ് ആര്യാടന്‍ ലീഗിനെ തീവ്രവാദികള്‍ക്ക് എളുപ്പം കയറിക്കൂടാവുന്ന പാര്‍ട്ടിയായി ചിത്രീകരിച്ചിരിക്കുന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ കേരളയാത്രയില്‍ പങ്കെടുക്കരുതെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അവരുടെ നേതാക്കളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാവട്ടെ ലീഗിനെ പ്രകോപിപ്പിക്കാന്‍ എല്ലായിടത്തും കാന്തപുരത്തിന്റെ യാത്രാസ്വീകരണങ്ങളില്‍ വലിയ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യാത്രയുടെ സമാപനത്തില്‍ ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും പങ്കെടുത്തു. കാന്തപുരത്തിന്റെ വളര്‍ച്ചയില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ലെന്ന് ലീഗിനെ പ്രകോപ്പിച്ചുകൊണ്ട് ചടങ്ങില്‍ ആര്യാടന്‍ പറയുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് നയിക്കുന്ന യാത്രക്ക് മലബാറില്‍ നല്‍കിയ സ്വീകരണങ്ങളിലെല്ലാം ലീഗ്-കോണ്‍ഗ്രസ് പോര് പ്രകടമായിരുന്നു.  നേതാക്കളുടെ പ്രസംഗങ്ങളെല്ലാം ലീഗിനെതിരായ ആരോപണങ്ങള്‍ നിറഞ്ഞതായിരുന്നു.

ഇരു പാര്‍ട്ടികളുടേയും സംസ്ഥാന പ്രസിഡന്റുമാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് പറഞ്ഞെങ്കിലും അണികള്‍ക്കിടയില്‍ ഇപ്പോഴും ശത്രുത തീര്‍ന്നിട്ടില്ല. ഇരു കൂട്ടര്‍ക്കും ഒരുമിച്ച് ഒരു പരിപാടിയല്‍ പങ്കെടുക്കാനോ യോഗം വിളിച്ചുകൂട്ടാനോ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. അതിനിടെ മലപ്പുറം ജില്ലയില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍  ഇരുകൂട്ടരും പരസ്പരം കാലുവാരാനും ആരംഭിച്ചിട്ടുണ്ട്.

 സി കരുണാകരന്‍ ജനയുഗം 300412

1 comment:

  1. പരസ്യപ്രസ്താവനകള്‍ക്ക് കല്‍പിച്ച വിലക്ക് ലംഘിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ ഒരാഴ്ച മുമ്പ് ഒരു കല്യാണച്ചടങ്ങില്‍ വെച്ചാണ് കെ പി സി സി പ്രസിഡന്റും ലീഗ് നേതാക്കളും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി കെട്ടിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ ചൂടാറും മുമ്പ് ഇന്നലെ വീണ്ടും ആരോപണങ്ങളുമായി ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും രംഗത്തെത്തി.

    ReplyDelete