Monday, April 30, 2012

വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വിസി വക ഉദ്യോഗം

വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം കലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്‍കി. വിസിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം ലഭിച്ച ഡല്‍ഹി നിവാസി അശ്വതി പത്മസേനന്‍ സര്‍വകലാശാലയുടെ പ്രത്യേക ലെയ്സണ്‍ ഓഫീസറാണിപ്പോള്‍. സര്‍വകലാശാലാ ഓര്‍ഡിസന്‍സില്‍പോലുമില്ലാത്ത തസ്തികയില്‍ മാസശമ്പളം 15,000 രൂപ. ജോലി രാജ്യതലസ്ഥാനത്തും. അശ്വതി പത്മസേനന്‍ നല്‍കിയ അപേക്ഷയില്‍ വിസി തന്റെ ശുപാള്‍ശ എഴുതിയതിങ്ങനെ

"സെന്‍ട്രല്‍ എഡ്യുക്കേഷന്‍ കണ്‍സോര്‍ഷ്യം (സിഇസി) യോഗത്തില്‍ പങ്കെടുക്കാനുള്ള എന്റെ യാത്രക്കിടെ ഞാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് ഇവരെ പരിചയപ്പെട്ടത്. നമ്മള്‍ നേരത്തെ ചര്‍ച്ചചെയ്തപ്രകാരം ഇവര്‍ക്ക് ജോലി ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്താലും"- 2011 നവംബര്‍ 18ന് വിസി ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. ഉദ്യോഗാര്‍ഥിയുടെ കഴിവും പ്രാഗത്ഭ്യവും ബോധ്യപ്പെട്ടതായും അപേക്ഷ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണനയ്ക്കെടുക്കണമെന്നും ഒപ്പം വിസി നിര്‍ദേശിച്ചു.

എന്നാല്‍, സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത തസ്തികയില്‍ നിയമനം നടത്താനാവില്ലെന്ന് ബന്ധപ്പെട്ട സെക്ഷന്‍ രജിസ്ട്രാര്‍ക്ക് മറുപടി നല്‍കി. നിയമനം നിര്‍ബന്ധമാണെങ്കില്‍ പാലിക്കേണ്ട നടപടിക്രമവും അറിയിച്ചു. ഇതേതുടര്‍ന്നാണ് 2011 ഡിസംബര്‍ എട്ടിനു ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് പിന്നീട് രണ്ടുപേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അശ്വതിക്ക് നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് അശ്വതിക്ക് സര്‍വകലാശാല നിയമന മെമ്മോ അയച്ചത്. സര്‍വകലാശാലയ്ക്ക് യുജിസിയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും കേന്ദ്ര മന്ത്രിസഭയില്‍നിന്നും ലഭിക്കുന്ന ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്വരിതപ്പെടുത്താനെന്ന പേരിലാണ് നിയമനം. ന്യൂഡല്‍ഹിയില്‍ "ക്യാമ്പ്ഫയര്‍ ഗ്രാഫിക് നോവല്‍" എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ അശ്വതി അവിടെ ഇരുന്നാണ് ലെയ്സണ്‍ ഓഫീസര്‍ ജോലിചെയ്യുന്നത്. ഹാജര്‍ രജിസ്റ്റര്‍പോലും ഇവര്‍ക്ക് ബാധകമല്ല. എല്ലാ മാസവും ഇവരുടെ അക്കൗണ്ടില്‍ സര്‍വകലാശാല ശമ്പളം അയച്ചുകൊടുക്കുകയാണ്.

സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത എസ്റ്റേറ്റ് ഓഫീസര്‍ തസ്തികയില്‍ മുമ്പ് വിസി നടത്തിയ നിയമനം വിവാദമായിരുന്നു. കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച എം ഭാസ്കരനെയാണ് വിസി പ്രത്യേക താല്‍പര്യമെടുത്ത് എസ്റ്റേറ്റ് ഓഫീസറായി നിയമിച്ചത്. 24,000 രൂപ ശമ്പളത്തിലാണ് നിയമനം.
(സി പ്രജോഷ്കുമാര്‍)

deshabhimani 300412

അശ്വതി പത്മസേനന്റെ കത്തും ലേഖകന്റെ വിശദീകരണവും ഇവിടെ

1 comment:

  1. വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം കലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്‍കി. വിസിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം ലഭിച്ച ഡല്‍ഹി നിവാസി അശ്വതി പത്മസേനന്‍ സര്‍വകലാശാലയുടെ പ്രത്യേക ലെയ്സണ്‍ ഓഫീസറാണിപ്പോള്‍. സര്‍വകലാശാലാ ഓര്‍ഡിസന്‍സില്‍പോലുമില്ലാത്ത തസ്തികയില്‍ മാസശമ്പളം 15,000 രൂപ. ജോലി രാജ്യതലസ്ഥാനത്തും.

    ReplyDelete