Sunday, April 29, 2012

ഓപ്പണ്‍ സ്കൂളില്‍ കോഴനിയമനത്തിന് നീക്കം; പിന്നില്‍ ലീഗ് നേതൃത്വം


കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതില്‍ വന്‍ അഴിമതി. മുസ്ലിംലീഗ് എംഎല്‍എമാരും നേതാക്കളുമാണ് അഴിമതിക്ക് ചരടുവലിക്കുന്നത്. നിലവില്‍ ജോലിചെയ്യുന്നവരെ ബാധിക്കുംവിധം തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമായി.

ഇതിനിടെ ഓപ്പണ്‍ സ്കൂളില്‍ നിയമിക്കേണ്ടവരുടെ പട്ടികയുംലീഗ് നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. മന്ത്രി മഞ്ഞളാംകുഴി അലി, വി എം ഉമ്മര്‍ എംഎല്‍എ, മുസ്ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നിയമനത്തിനായി ഇടപെട്ടിട്ടുണ്ട്. ഓപ്പണ്‍സ്കൂളില്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാരായി കൊടുവള്ളി മണ്ഡലത്തിലെ അബ്ദുള്‍ റഊഫ്, മുജീബ് എന്നിവരെ നിര്‍ബന്ധമായും നിയമിക്കണമെന്ന് വി എം ഉമ്മറിന്റെ നിര്‍ദേശം. മാടാല മുഹമ്മദ് മുസ്തഫയെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മഞ്ഞളാംകുഴി അലിയുടെ കത്തുകളിലൊന്ന്. തന്റെ അടുത്ത സുഹൃത്തും കൊല്ലത്തെ ലീഗ് പ്രവര്‍ത്തകനുമായ ദാവൂദിന്റെ ഭാര്യ അഡ്വ. ഹസീനയെ അസിസ്റ്റന്റായി നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെടുന്നു. ഇതുപോലെ നിരവധി ലീഗ് നേതാക്കളാണ് മന്ത്രിക്ക് കത്ത് നല്‍കിയത്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കുന്ന ലിസ്റ്റ് പ്രകാരം നിയമനം നടത്താനാണ് നീക്കം.

ആദ്യം താല്‍ക്കാലികനിയമനം നല്‍കിയശേഷം പിന്നീട് സ്ഥിരപ്പെടുത്തുമെന്നാണ് ലീഗ് പ്രാദേശികനേതാക്കളുടെ വാഗ്ദാനം. ഓപ്പണ്‍ സ്കൂളിലെ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനുള്ള നടപടികള്‍ നീക്കുന്നത് ലീഗ് എംഎല്‍എയുടെ അടുത്ത ബന്ധുവായ ഓപ്പണ്‍സ്കൂള്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററാണ്. ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനം മലപ്പുറത്തേക്ക് മാറ്റാനും ശ്രമമുണ്ട്. മലപ്പുറം ആസ്ഥാനമായി മലബാര്‍-ട്രാവന്‍കൂര്‍ ആക്ട് പ്രകാരം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെയര്‍മാനായ കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
(സുമേഷ് കെ ബാലന്‍)

deshabhimani 290412

1 comment:

  1. കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതില്‍ വന്‍ അഴിമതി. മുസ്ലിംലീഗ് എംഎല്‍എമാരും നേതാക്കളുമാണ് അഴിമതിക്ക് ചരടുവലിക്കുന്നത്. നിലവില്‍ ജോലിചെയ്യുന്നവരെ ബാധിക്കുംവിധം തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമായി.

    ReplyDelete