Saturday, April 28, 2012

സമരം ശക്തമാക്കും: കേന്ദ്ര ട്രേഡ് യൂണിയനുകള്‍


കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാന്‍ കേന്ദ്രട്രേഡ് യൂണിയനുകളുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി 28ന്റെ ദേശീയപണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കാത്ത കേന്ദ്രത്തിന്റെ സമീപനത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

രാജ്യത്തെ തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പണിമുടക്കില്‍ പ്രകടമായതെന്ന് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ എന്നീ സംഘടനകള്‍ ചൂണ്ടിക്കാട്ടി. അധ്വാനിക്കുന്ന ജനവിഭാഗം പ്രത്യേകിച്ചും കരാര്‍ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സര്‍ക്കാര്‍നയംമൂലം ദുരിതക്കയത്തിലാണ്.

ജനവിരുദ്ധ സമീപനങ്ങളുമായി മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. തൊഴിലാളികള്‍ക്കെതിരായ നിയമനിര്‍മാണത്തിലൂടെയും പൊതുമേഖലയെ തകര്‍ത്തും സര്‍ക്കാര്‍ ജനവിരുദ്ധസമീപനം തുടരുന്നു. സര്‍ക്കാര്‍ ഇത്തരം സമീപനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അടുത്തുതന്നെ വന്‍ സമരം നടത്തും. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച കുറഞ്ഞതും വ്യവസായവളര്‍ച്ചയിലെ ഇടിവും അവശ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലക്കയറ്റവും തൊഴിലാളി ജനവിഭാഗത്തെ ദോഷകരമായി ബാധിക്കും. തൊഴില്‍, വേതനം, ജോലിസ്ഥലത്തെ സാഹചര്യം എന്നിവയില്‍ സാമ്പത്തികത്തകര്‍ച്ച പ്രത്യാഘാതമുണ്ടാക്കും. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. എപ്പോള്‍ ഏതു രൂപത്തിലുള്ള സമരമാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.

deshabhimani 280412

No comments:

Post a Comment