Thursday, April 26, 2012
വയനാട് വീണ്ടും ഭൂസമരത്തിലേക്ക്
കല്‍പ്പറ്റ: മണ്ണില്‍ മനുഷ്യരായി ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിക്കായുള്ള ആദിവാസികളുടെ പോരാട്ടം വയനാട്ടില്‍ വീണ്ടും സജീവമാകുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പരാജയപ്പെടുന്ന ഘട്ടത്തില്‍ മെയ് മാസം ഭൂമിയില്‍ കുടില്‍ കെട്ടി അവകാശം സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഭൂരഹിത ആദിവാസി കണ്‍വന്‍ഷന്‍ തീരുമാനിച്ചിരുന്നു. പത്തുവര്‍ഷം മുമ്പത്തെഗപ്പാലെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ആദിവാസി ക്ഷേമസമിതിയുടെ തീരുമാനം.
മണ്ണിനുടമകളായിരുന്ന ആദിവാസികള്‍ മണ്ണില്‍ അന്യരാകുന്നതായി സര്‍ക്കാര്‍ സ്ഥാപനമായ "കില" കഴിഞ്ഞവര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തീര്‍ത്തും ഭൂമിയില്ലാത്ത 1986 കുടുംബങ്ങള്‍ ഇപ്പോഴുമുണ്ടെന്നായിരുന്നു ഇത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ വയനാട്ടില്‍ വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയശേഷമുള്ള കണക്കാണിത്. നാമമാത്ര ഭൂമിയുള്ളവരായി കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ ഉണ്ട്. 36,135 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് വയനാട്ടിലുള്ളതെന്നിരിക്കെ ഇതില്‍ പകുതിയിലേറെയും ഇന്നും അവഗണിക്കപ്പെടുന്നവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കില നടത്തിയ പഠനം അനുസരിച്ച് വയനാട്ടില്‍ 13,732 കുടുംബങ്ങള്‍ അഞ്ചു സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. അഞ്ചു മുതല്‍ ഒമ്പതുസെന്റ് വരെ ഭൂമിയുള്ള 896 കുടുംബങ്ങളും 10 മുതല്‍ 24 സെന്റ് വരെ കൈവശമുള്ള 6018 കുടുംബങ്ങളും ഉണ്ട്. 3062 കുടുംബത്തിന് 25 മുതല്‍ അമ്പത് സെന്റില്‍ താഴെ മാത്രമേ കൈവശമുള്ളു. ഇത്രയും ദുരവസ്ഥയുണ്ടായിട്ടും ഭൂമി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ ആദിവാസികള്‍ക്ക് സ്ഥലം വാങ്ങി വിതരണംചെയ്യാന്‍ അനുവദിച്ചിരുന്നു. ജില്ലയില്‍ ഒട്ടേറെ സ്വകാര്യഭൂമികള്‍ ഈയാവശ്യത്തിന് പരിശോധിക്കുകയും ചെയ്തതാണ്. ബ്രഹ്മഗിരി എസ്റ്റേറ്റ് ഭൂമി കണ്ടെത്തി അനുയോജ്യമായ വില നല്‍കി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അന്നത്തെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു. വൈത്തിരി താലൂക്കിലെ എളമ്പിലേരി എസ്റ്റേറ്റ് ഏറ്റെടുക്കാനും നീക്കമുണ്ടായിരുന്നു. റിക്വിസഷന്‍ ഓഫീസറായി അന്നത്തെ ഐടിഡിപി ഓഫീസറെയും കലക്ടര്‍ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ മാറിയതോടെ ഇക്കാര്യത്തില്‍ നടപടികള്‍ പതുക്കെയായി. പട്ടികവര്‍ഗ ക്ഷേമമന്ത്രി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളും വയനാട്ടുകാരിയായിട്ടുംകൂടി ആവശ്യമായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നാല്‍ ചില സ്വകാര്യ ഭൂമികള്‍ ഏറ്റെടുക്കാന്‍ തനിക്ക് പ്രത്യേക താല്‍പര്യം ഉണ്ട് എന്ന കത്ത് മന്ത്രി കലക്ടര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവെച്ച 50 കോടി രൂപ ഇപ്പോഴും വെറുതെ കിടക്കുകയാണ്. ആദിവാസികളേറെയും ഭൂരഹിതരായും തുടരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ ആദിവാസികള്‍ നിര്‍ബന്ധിതമാകുന്നത്.
നടപടി തുടങ്ങിയിട്ട് ഒരുവര്‍ഷം ഭൂമി ഏറ്റെടുക്കല്‍ ഇപ്പോഴും വഴിയില്‍
കല്‍പ്പറ്റ: ആദിവാസികള്‍ക്ക് ഭൂമി വില കൊടുത്ത് വാങ്ങി നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവെച്ച 50 കോടി രൂപ ഉപയോഗിച്ച് ഭൂമി കണ്ടെത്താനായിരുന്നു തീരുമാനം. ആവശ്യമെങ്കില്‍ ഫണ്ട് കൂടുതല്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ നടപടികള്‍ പാതിവഴിയിലായ നിലയിലാണ്.
സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഭൂമി കണ്ടെത്തി അനുയോജ്യമായ വില നല്‍കി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അന്നത്തെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23, 24 തീയതികളില്‍ പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്ബയ്യന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം വയനാട്ടില്‍ പരിശോധന നടത്തിയിരുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ മുന്‍ വയനാട് കലക്ടര്‍ പി പി ഗോപിയും സംഘത്തിലുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ അന്നത്തെ റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനും ജില്ലയില്‍ എത്തി. ബ്രഹ്മഗിരി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എസ്റ്റേറ്റ് ഉടമകളുമായി വിലപേശുകയുംചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് അവര്‍ വില്‍ക്കാന്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാഅധികൃതരും സര്‍ക്കാരും തീരുമാനിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് ഉന്നതതല സംഘം സ്ഥലം പരിശോശിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുള്ള സ്ഥലം ഒഴിവാക്കി 82 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു നീക്കം. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥസംഘത്തിന് ഭൂമിയില്‍ ഭൗതികസൗകര്യം ഏര്‍പ്പെടുത്തുന്നത് പ്രയാസമാകും എന്ന് ബോധ്യമായിതിനാല്‍ പ്രബഹമഗിരി ഉപേക്ഷിച്ചു. തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റും സന്ദര്‍ശിച്ചു. തുടര്‍ന്നാണ് മേപ്പാടിയിലെ എളമ്പിലേരി എസ്റ്റേറ്റ് സന്ദര്‍ശിച്ച് ഇത് ഏറ്റെടുക്കാനും തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്ബയ്യന്‍ സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവും നല്‍കിയാണ് മടങ്ങിയത്. 72 ഏക്കര്‍ വരുന്നതാണ് ഈ എസ്റ്റേറ്റ്. റിക്വിസഷന്‍ ഓഫീസറായി അന്നത്തെ ഐടിഡിപി ഓഫീസറെയും കലക്ടര്‍ ചുമതലപ്പെടുത്തി. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇതില്‍ നടപടിയായില്ല.
deshabhimani 260412
Subscribe to:
Post Comments (Atom)
No comments:
Post a Comment