Sunday, April 29, 2012

മാസപ്പടിക്കാരെ പുറത്താക്കണം: വി എസ്


എന്‍ഡോസള്‍ഫാന്‍ ലോബിയുടെ മാസപ്പടിക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മനുഷ്യനെയും ജീവജാലങ്ങളെയും ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാനുവേണ്ടി റിപ്പോര്‍ട്ട് തിരുത്താന്‍ ആരോഗ്യവകുപ്പിലെ ഉന്നതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയത് ഗുരുതരവിഷയമാണ്. ഉത്തരവ് ആരോഗ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയും സുപ്രീംകോടതിയുടെ സംയുക്ത വിദഗ്ധസമിതിയും അംഗീകരിച്ചതാണ്. സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ പ്രധാന തെളിവായി റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്. ഇതിനെല്ലാംശേഷം എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധിയുമായി സംസാരിച്ച് റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയും സുപ്രീംകോടതിയോടുള്ള അവഹേളനവുമാണ്. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു. മന്ത്രിയും സര്‍വകലാശാലാ വൈസ്ചാന്‍സലറും ഗുരുതര കുറ്റമാണ് ചെയ്തത്. വിസിയോട് വിശദീകരണം തേടാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മന്ത്രിയുടെ അറിവോടെയാണ് വിസി തീരുമാനമെടുത്തതെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും വി എസ് പറഞ്ഞു.

deshabhimani 290412

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ മാസപ്പടിക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മനുഷ്യനെയും ജീവജാലങ്ങളെയും ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാനുവേണ്ടി റിപ്പോര്‍ട്ട് തിരുത്താന്‍ ആരോഗ്യവകുപ്പിലെ ഉന്നതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയത് ഗുരുതരവിഷയമാണ്. ഉത്തരവ് ആരോഗ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

    ReplyDelete