Thursday, April 26, 2012

ഭൂമിദാനം: അന്വേഷണം നടത്താതെ സിന്‍ഡിക്കേറ്റിന്റെ ഒളിച്ചുകളി


കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാതെ സര്‍വകലാശാലയും സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നു. ഭൂമിദാനം വിവാദമായതോടെ തീരുമാനം റദ്ദാക്കി തടിയൂരാനാണ് സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും ശ്രമിച്ചത്. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സര്‍വകലാശാലയുടെ ഭൂമി നല്‍കാന്‍ നീക്കം നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച പ്രതികരിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങളും വി സി അബ്ദുള്‍സലാമും ഇതേ ന്യായമാണ് ഉന്നയിക്കുന്നത്. പിന്നെ എന്തിനാണ് വിവാദ തീരുമാനം റദ്ദാക്കിയതെന്ന ചോദ്യത്തിന് ഉത്തരമില്ല.

മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സര്‍വകലാശാലാ ജീവനക്കാരും യുവജന സംഘടനകളും പ്രക്ഷോഭരംഗത്തിറങ്ങുകയും ചെയ്തിരുന്നില്ലെങ്കില്‍ ഭൂമിദാനം നടക്കുമായിരുന്നു. ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന മുഖ്യമന്ത്രിയുടെ വാദം സാങ്കേതികം മാത്രമാണ്. സിന്‍ഡിക്കേറ്റ് അംഗീകരിച്ച ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ഭരണസ്വാധീനമുപയോഗിച്ച് അംഗീകാരം നേടാനാകും. ഭൂമി അനുവദിക്കണമെന്ന മൂന്ന് ട്രസ്റ്റുകളുടെയും അപേക്ഷ സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഭൂമി അനുവദിക്കുന്നതില്‍ വഴിവിട്ട നീക്കം നടന്നുവെന്നത് പ്രകടമാണ്. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭൂമി അനുവദിക്കുന്നതില്‍ അനാവശ്യ ധൃതി കാണിച്ചതിലും ദുരൂഹതയുണ്ട്.

കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനും 31നും ഇടയിലുള്ള സിന്‍ഡിക്കേറ്റ് യോഗങ്ങളാണ് വിവാദ തീരുമാനം കൈക്കൊണ്ടത്. സര്‍വകലാശാലയുടെ വികസനമായിരുന്നു ലക്ഷ്യമെങ്കില്‍ ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ അപേക്ഷ ക്ഷണിക്കണമായിരുന്നു. അപേക്ഷ നല്‍കിയ ട്രസ്റ്റുകളുടെ അംഗീകാരം, പ്രവര്‍ത്തന പാരമ്പര്യം, സാമ്പത്തികശേഷി, ഉദ്ദേശശുദ്ധി എന്നിവയൊന്നും പരിശോധിക്കാന്‍ തയ്യാറാകാതിരുന്നതും ഗൂഢാലോചനയ്ക്ക് തെളിവാണ്.

മാധ്യമങ്ങളില്‍ വാര്‍ത്തവന്നപ്പോഴാണ് അപേക്ഷ നല്‍കിയ ട്രസ്റ്റുകളുടെ തലപ്പത്ത് ലീഗുകാരാണെന്ന് അറിഞ്ഞതെന്നാണ് വി സി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അപേക്ഷകളില്‍ മതിയായ പരിശോധന നടന്നിട്ടില്ലെന്ന് വി സിയുടെ വാക്കുകള്‍തന്നെ വ്യക്തമാക്കുന്നു. ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കാന്‍ സിന്‍ഡിക്കേറ്റിലെ ഒരു കോണ്‍ഗ്രസ് അംഗം ശുപാര്‍ശ നല്‍കിയെന്നാണ് മറ്റൊരു സിന്‍ഡിക്കേറ്റംഗം ആരോപിച്ചത്. ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഭൂമിദാനം നടന്നതെന്നത് ഈ വാക്കുകള്‍ തെളിയിക്കുന്നു. ഭൂമിദാനം സംബന്ധിച്ച് അറിയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദവും ബാലിശമാണ്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റാണ് ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കിയത്. താന്‍ അറിയാതെയാണോ അപേക്ഷ നല്‍കിയതെന്ന് തങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശരിയായ അന്വേഷണം നടന്നാല്‍ സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പങ്കും വെളിച്ചത്തുവരും.

deshabhimani 260412

No comments:

Post a Comment