Thursday, April 26, 2012

എല്ലാ രംഗത്തും ജീവിതച്ചെലവ് ഉയരും


ഡീസല്‍ വിലനിയന്ത്രണം നീക്കുന്നത് സമസ്ത മേഖലയിലും വന്‍ വിലക്കയറ്റത്തിനിടയാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഡീസല്‍ വില വര്‍ധന കനത്ത ആഘാതമാകും. രാജ്യത്തെ ഡീസല്‍ ഉപയോഗത്തിന്റെ 37 ശതമാനം ലോറി ഗതാഗത മേഖലയിലാണ്. ചരക്കുനീക്കത്തിന്റെ 70 ശതമാനമാണ് റോഡുമാര്‍ഗം നടക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിത്യോപയോഗ സാധനങ്ങള്‍, വ്യവസായത്തിനുള്ള അസംസ്കൃതവസ്തുക്കള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ എത്തിക്കുന്നതില്‍ റോഡുമാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന് വലിയ പങ്കാണ്. ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനയുടെ നിരക്കിന്റെ പല മടങ്ങാകും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന.

റെയില്‍ മാര്‍ഗമുള്ള ചരക്കുഗതാഗതം 30 ശതമാനമാണ്. യാത്രാ ട്രെയിനുകള്‍ക്കും ചരക്കുവണ്ടികള്‍ക്കുമായി ഒരു വര്‍ഷം 275 കോടി ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്നു. ഇന്ധനവിലവര്‍ധനയ്ക്ക് ആനുപാതികമായി യാത്ര, ചരക്കുകൂലി വര്‍ധിപ്പിക്കുമെന്ന് റെയില്‍ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ട് ശതമാനം ഡീസല്‍ ഉപയോഗം നടക്കുന്നത് റോഡുമാര്‍ഗമുള്ള പൊതു യാത്രാവാഹനങ്ങള്‍ക്കാണ്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബസുകളില്‍ യാത്രാനിരക്ക് ഇനിയും വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം വഴിവയ്ക്കുക.

ഡീസല്‍ ഉപയോഗത്തിന്റെ 12 ശതമാനം കാര്‍ഷിക മേഖലയിലാണ്. ജലസേചന ആവശ്യത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കനാല്‍വഴിയുള്ള ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളാണ് കാര്‍ഷികമേഖലയില്‍ വലിയൊരു ഭാഗം. ഇവിടെയെല്ലാം ഭൂഗര്‍ഭജലമോ ജലാശയങ്ങളിലെ വെള്ളമോ പമ്പുചെയ്താണ് കൃഷി. ഡീസല്‍വില വര്‍ധിപ്പിക്കുന്നതോടെ കൃഷി പൂര്‍ണമായും തകരും. കാര്‍ഷികോല്‍പ്പന്ന വിലത്തകര്‍ച്ചയില്‍ പ്രധാന ഘടകമാണ് കടത്തുകൂലി. വില കൂപ്പുകുത്തുമ്പോള്‍ കൃഷിയിടങ്ങളില്‍നിന്ന് വിപണികളിലേക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ചെലവുപോലും കര്‍ഷകര്‍ക്ക് കിട്ടാറില്ല. ഡീസല്‍വില വീണ്ടും കൂടുമ്പോള്‍ വിലത്തകര്‍ച്ചയുടെ ആഘാതവും കൂടും. 11760 കോടി ലിറ്റര്‍ ഡീസലാണ് ഇന്ത്യ ഒരു വര്‍ഷം ഉപയോഗിക്കുന്നത്. ഒരു ലിറ്ററിന് 14.75 രൂപ നഷ്ടം സഹിച്ചാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യഘട്ടമെന്ന നിലയില്‍ ലിറ്ററിന് പത്ത് രൂപയെങ്കിലും വര്‍ധിപ്പിച്ചേക്കും. ഇതുവഴി 117600 കോടി രൂപയായിരിക്കും ജനങ്ങളില്‍നിന്ന് അധികമായി പിഴിയുക. വിലവര്‍ധന വിവിധ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതം വഴി ഇതിന്റെ പല മടങ്ങ് തുക ജനങ്ങളുടെ പോക്കറ്റില്‍നിന്ന് ചോരും.

deshabhimani 260412

1 comment:

  1. ഡീസല്‍ വിലനിയന്ത്രണം നീക്കുന്നത് സമസ്ത മേഖലയിലും വന്‍ വിലക്കയറ്റത്തിനിടയാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഡീസല്‍ വില വര്‍ധന കനത്ത ആഘാതമാകും. രാജ്യത്തെ ഡീസല്‍ ഉപയോഗത്തിന്റെ 37 ശതമാനം ലോറി ഗതാഗത മേഖലയിലാണ്. ചരക്കുനീക്കത്തിന്റെ 70 ശതമാനമാണ് റോഡുമാര്‍ഗം നടക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിത്യോപയോഗ സാധനങ്ങള്‍, വ്യവസായത്തിനുള്ള അസംസ്കൃതവസ്തുക്കള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ എത്തിക്കുന്നതില്‍ റോഡുമാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന് വലിയ പങ്കാണ്. ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനയുടെ നിരക്കിന്റെ പല മടങ്ങാകും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന

    ReplyDelete