കോതമംഗലം മാര്‍ ബസേലിയോസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ സമരത്തില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് ആശുപത്രി സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മിനിമം വേതനം ആവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് മാനേജ്മെന്റിന്റെ ഭീഷണി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമരം പ്രഖ്യാപനത്തുടര്‍ന്ന് ദിവസക്കൂലിക്ക് രാത്രി ജോലിയ്ക്ക് 1000 രൂപയും പകല്‍ ജോലിയ്ക്ക് 700 രൂപയും നല്‍കി പുറത്തുനിന്ന് നേഴ്സുമാരെ നിയോഗിക്കുകയാണ്. കൂടുതല്‍ തുക നല്‍കി പുറത്തുനിന്നുള്ളവരെ ജോലിക്കെടുത്ത് സമരം പൊളിക്കാനാണ് മാനേജ്മെന്റ് നീക്കം. ഇത്തരക്കാര്‍ക്ക് 30,000 രൂപ വരെ ലഭിക്കുമെന്നിരിക്കെ മിനിമം വേതനത്തിന് സമരം ചെയ്യുന്നവരുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ല.
ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കിയിട്ടും അതിന്റെ പേരില്‍ ഇപ്പോഴും നേഴ്സുമാരെ ചൂഷണം ചെയ്യുകയാണ്. ബിഎസ്സി, എംഎസ്സി, ജനറല്‍ നേഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഡ്യൂട്ടി നല്‍കിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. 246 ജീവനക്കാരില്‍ 167 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് തൊഴില്‍വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഷിഹാബ്, എം പി സിബി മുകേഷ്, പിന്‍സി സൂസന്‍ ലേബി, ജിഷ വി പോള്‍, രജിത രാജ് എന്നിവര്‍ പങ്കെടുത്തു.
deshabhimani 280412
No comments:
Post a Comment