Wednesday, April 25, 2012

ഗുരുവായൂരില്‍ കെഎസ്യു വിളംബരജാഥയില്‍ കൂട്ടത്തല്ല്


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ ജാഥക്ക് മുന്നോടിയായി കെഎസ്യു നടത്തിയ വിളംബര ജാഥയില്‍ കൂട്ടത്തല്ല്. എ, ഐ ഗ്രൂപ്പുകളുടെ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. കൈരളി ഹോസ്പിറ്റലിനടുത്തുനിന്ന് നഗരം ചുറ്റി കൈരളിക്ക് സമീപം സമാപിക്കുന്നതിന് മുമ്പായാണ് സംഭവം. ജാഥയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലും സ്വീകരണ പരിപാടികളിലും വിശാല ഐ വിഭാഗത്തെ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പ്രവര്‍ത്തകരുടെ അനൈക്യം തെരുവുയുദ്ധത്തിലെത്തിയത്.
ഐക്കാരനായ കെഎസ്യു ജില്ലാ പ്രസിഡന്റിനെ മാലയിട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തങ്ങളാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസും കെഎസ്യുവും എന്ന് എ വിഭാഗക്കാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നാണ് ഉന്തുംതള്ളും തുടങ്ങിയത്. ജില്ലാ പ്രസിഡന്റടക്കം തെരുവില്‍ അടികൂടി മാനം കളയുന്നത് കണ്ട ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും മര്‍ദനമേല്‍ക്കേണ്ടിവന്നതോടെ പിന്മാറി.

എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് ഐ വിഭാഗം ആരോപിക്കുന്നു. ജാഥയ്ക്ക് ഗുരുവായൂരില്‍ നടക്കുന്ന സ്വീകരണത്തില്‍ നിന്ന് തങ്ങളെ മാറ്റി നിര്‍ത്താനാണ് ഇതെന്നും അവര്‍ കരുതുന്നു. സ്വീകരണത്തിനായി വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായി ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എ വിഭാഗക്കാരുടെ ബുദ്ധിയിലുദിച്ചതാണ് സംസ്ഥാനജാഥ. ജാഥാ സ്വീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഗ്രൂപ്പുകാര്‍ പരസ്പരം പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചെറിയ പരിപാടികള്‍ നടത്തുമ്പോള്‍പ്പോലും വാര്‍ത്താകുറിപ്പിറക്കുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാരും കെഎസ്യുകാരും പക്ഷേ സംസ്ഥാന നേതാവിന്റെ ജാഥ വരുന്നത് സംബന്ധിച്ച് നിശ്ശബ്ദമായിരുന്നു. ഭിന്നത മാധ്യമങ്ങള്‍ അറിയാതിരിക്കാനായിരുന്നു ഇത്.

ലക്ഷങ്ങളുടെ പിരിവെന്ന് ആരോപണം വിഷ്ണുനാഥിന്റെ ജാഥ ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന സംസ്ഥാന ജാഥ ജില്ലയില്‍ ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും. യൂത്ത് കോണ്‍ഗ്രസ് സംഘടന പിടിച്ചെടുക്കാന്‍ ലക്ഷങ്ങളുടെ നിര്‍ബന്ധിത പിരിവ് നടത്തുന്നതിലും ജാഥയില്‍ നിന്ന് എ ഗ്രൂപ്പ് പ്രതിനിധികളെ ഒഴിവാക്കിയതിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് ഐ ഗ്രൂപ്പ് വക്താവ് അറിയിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ജാഥ പര്യടനം. ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പ്രമേയം പാസാക്കുകയും പരസ്യ പ്രസ്താവന നല്‍കുകയും ചെയ്യുന്ന പി എ മാധവന്റെ നേതൃത്വത്തിലുള്ള ഡിസിസി ഭാരവാഹികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ജാഥയില്‍ ഐ ഗ്രൂപ്പിന്റെ ഡിസിസി ഭാരവാഹികളും സഹകരിക്കില്ലെന്ന് ഒരു ഡിസിസി ജനറല്‍ സെക്രട്ടറിയും അറിയിച്ചു. കപട ആദര്‍ശ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ പിന്തുണയില്‍ സംഘടന പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം ആരോപിക്കുന്നു. ഇതിനായി ഓരോ പഞ്ചായത്തു കമ്മിറ്റിയില്‍ നിന്നും 12,000 രൂപ വീതം 60 ലക്ഷം രൂപയാണ് വിഷ്ണുനാഥും സംഘവും കൈക്കലാക്കുന്നതെന്നും ഐ വിഭാഗം പറയുന്നു. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 13 നിയോജകമണ്ഡലം കമ്മിറ്റികളില്‍ ഒമ്പതും ഐഗ്രൂപ്പിനൊപ്പമാകയാല്‍ സ്വീകരണം ശുഷ്കമാവും. പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഐ ഗ്രൂപ്പ് സഹകരിച്ചിരുന്നില്ല. അതേസമയം ഐ ഗ്രൂപ്പിന്റെ ബഹിഷ്കരണം തങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് എ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചു.

deshabhimani 250412

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ ജാഥക്ക് മുന്നോടിയായി കെഎസ്യു നടത്തിയ വിളംബര ജാഥയില്‍ കൂട്ടത്തല്ല്. എ, ഐ ഗ്രൂപ്പുകളുടെ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. കൈരളി ഹോസ്പിറ്റലിനടുത്തുനിന്ന് നഗരം ചുറ്റി കൈരളിക്ക് സമീപം സമാപിക്കുന്നതിന് മുമ്പായാണ് സംഭവം. ജാഥയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലും സ്വീകരണ പരിപാടികളിലും വിശാല ഐ വിഭാഗത്തെ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പ്രവര്‍ത്തകരുടെ അനൈക്യം തെരുവുയുദ്ധത്തിലെത്തിയത്.

    ReplyDelete