Thursday, April 26, 2012

ഈജിപ്തില്‍ അമേരിക്കന്‍ എന്‍ ജി ഒകള്‍ക്ക് വിലക്ക്


അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എട്ട് സന്നദ്ധസംഘടനകളെ (എന്‍ ജി ഒ), ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നുവെന്ന കാരണമാണ് നിരോധനത്തിന് ഇടക്കാല ഗവണ്‍മെന്റ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ്  നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കാര്‍ട്ടര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള എട്ട് എന്‍ ജി ഒകളെയാണ് ഈജിപ്ത്യന്‍ ഇടക്കാല ഗവണ്‍മെന്റ് നിരോധിച്ചിട്ടുള്ളത്.
ഈജിപ്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് രാജ്യത്തിനുള്ളിലെ സംഘടനകളെ അനുവദിക്കുമെന്നും അന്താരാഷ്ട്ര സംഘടനകള്‍ക്ക് അനുമതി നല്‍കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഈജിപ്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഹൊസ്‌നി മുബാറക്കിന്റെ ഭരണം അവസാനിച്ചശേഷമുള്ള ആദ്യ പ്രസിഡന്റ്തിരഞ്ഞെടുപ്പാണ് ഒരുമാസം കഴിഞ്ഞ് നടക്കാന്‍ പോകുന്നത്.

പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ പത്ത് സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതുടര്‍ന്നുള്ള സംഘര്‍ഷം നിലനില്‍ക്കുകയാണ്. നിരോധിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഖയ്‌രത്ത് അന്‍ഷതര്‍, ഇസ്ലാമിക യാഥാസ്ഥിതികനായ ഹസിം സലാ അബു ഇസ്മയില്‍, മുബാറക്കിന്റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയായിരുന്ന ഒമര്‍ സുലൈമാന്‍ എന്നിവരുള്‍പ്പെടുന്നു.

മുബാറക്കിന്റെ കാലത്ത് ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്ന എല്ലാവരെയും നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഈ തീരുമാനം മുബാറക്കിന്റെ അവസാന പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്കിന് ബാധകമാകുമോയെന്ന് വ്യക്തമല്ല. പുതിയ നിയമം വരുന്നതിനു മുമ്പുതന്നെ ഷഫീക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.

janayugom 260412

1 comment:

  1. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എട്ട് സന്നദ്ധസംഘടനകളെ (എന്‍ ജി ഒ), ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നുവെന്ന കാരണമാണ് നിരോധനത്തിന് ഇടക്കാല ഗവണ്‍മെന്റ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

    ReplyDelete