Saturday, April 28, 2012

ഭൂമിദാനം മന്ത്രിയുടെ അറിവോടെ


കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെയും മുസ്ലിംലീഗ് മന്ത്രിമാരുടെയും വാദം പച്ചക്കള്ളമെന്ന് നിയമസഭാ രേഖകള്‍. എല്ലാം സര്‍ക്കാര്‍ അറിഞ്ഞിരുന്നെന്ന് സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തം. ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും അവകാശവാദം ഇതോടെ പൊളിയുകയാണ്.

സി എച്ച് ചെയറിന് ഭൂമി നല്‍കാനുള്ള അപേക്ഷ സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മൂന്നു മാസത്തിനകം മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അബ്ദുറബ്ബ് നിയമസഭയില്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 20ന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂമിദാനം സംബന്ധിച്ച് പി ശ്രീരാമകൃഷ്ണന്‍, എസ് ശര്‍മ എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി അബ്ദുറബ്ബ് സഭയില്‍ മറുപടി നല്‍കിയത്. സി എച്ച് ചെയറിന് ഭൂമി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചതായി മറുപടിയില്‍ മന്ത്രി സ്ഥിരീകരിക്കുന്നു. 2011 ഡിസംബര്‍ എട്ടിന്റെ സിന്‍ഡിക്കറ്റ് യോഗമാണ് അപേക്ഷ പരിഗണിച്ചതെന്നായിരുന്നു മന്ത്രി സഭയെ അറിയിച്ചത്. സര്‍വകലാശാലയില്‍ അഞ്ച് ചെയര്‍ നിലവിലുണ്ടെന്നും അവയ്ക്ക് 20 സെന്റ് വീതം ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2003 നവംബര്‍ ആറിനു സര്‍വകലാശാല പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പരമാവധി 20 സെന്റ് മാത്രമേ നല്‍കാനാകൂ എന്നും മറുപടിയിലുണ്ട്. എന്നാല്‍, സി എച്ച് ചെയറിന് എത്ര ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി. ലീഗ് ഉന്നതരുടെ നിര്‍ദേശമനുസരിച്ചായിരുന്നു മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിക്കണമെന്ന സിന്‍ഡിക്കറ്റ് തീരുമാനം. സി എച്ച് ചെയറിന്റെ പേരില്‍ പത്ത് ഏക്കര്‍ ഭൂമി കൈമാറാന്‍ പോകുന്ന കാര്യം ശ്രീരാമകൃഷ്ണന്‍ ഇതേ ദിവസം സബ്മിഷനിലൂടെയും സഭയെയും സര്‍ക്കാരിനെയും ധരിപ്പിച്ചിരുന്നു. എന്നാല്‍, വ്യക്തമായ മറുപടി പറയാതെ മന്ത്രി ഉരുണ്ടുകളിച്ചു. സി എച്ച് മുഹമ്മദുകോയയുടെ പേരില്‍ ആരംഭിക്കുന്ന ചെയറിന് പത്ത് ഏക്കര്‍ ഭൂമി കൈമാറാനുള്ള തീരുമാനം സര്‍വകലാശാല എടുക്കാന്‍ പോകുകയാണെന്ന് സബ്മിഷനിലൂടെ ചൂണ്ടിക്കാണിച്ച ശ്രീരാമകൃഷ്ണന്‍ ചെയറുകള്‍ക്ക് 20 സെന്റിലധികം ഭൂമി ഇതിനുമുമ്പ് നല്‍കിയിട്ടില്ലെന്നും പറഞ്ഞു. സി എച്ച് മുഹമ്മദുകോയ ജീവിച്ചിരിക്കുകയാണെങ്കില്‍ അദ്ദേഹം തന്നെ എതിര്‍ക്കാനിടയുള്ള ഏറ്റവും തെറ്റായ തീരുമാനമാണ് പത്ത് ഏക്കര്‍ കൈമാറാനുള്ള നീക്കമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം സഭാ രേഖകളിലുണ്ട്. എന്നിട്ടും അജ്ഞത നടിക്കുകയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും.

ചെയറിന് 20 സെന്റില്‍ കൂടുതല്‍ നല്‍കുന്നതിലെ തടസ്സം മറികടക്കാനാണ് പിന്നീട് ഗ്രേസ് അസോസിയേഷന്‍ എന്ന പേരില്‍ കടലാസ് സംഘടനയുണ്ടാക്കി പുതിയ അപേക്ഷ സമര്‍പ്പിച്ചത്. അതോടെ ചെയറിനു പകരം സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്നായി പേര്. ഈ അപേക്ഷയാണ് സിന്‍ഡിക്കറ്റ് പരിഗണിച്ചതും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതും. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അനുവദിച്ചത് 10.55 ഏക്കറാണ്. മാസ്റ്റര്‍ പ്ലാനിലെ കെട്ടിടങ്ങളുടെ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് 55 സെന്റ് കൂടുതല്‍ അനുവദിക്കുന്നത്. ചെയറിനു വേണ്ടിയുള്ള അപേക്ഷ പിന്‍വലിക്കുന്നതായും പകരം സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റിക്ക് ഭൂമി അനുവദിക്കണമെന്നും കാണിച്ചാണ് രണ്ടാമത് അപേക്ഷ നല്‍കിയത്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സെമിനാര്‍ കോംപ്ലക്സ്, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവ മാസ്റ്റര്‍ പ്ലാനിലുണ്ട്. 30 കോടിരൂപയാണ് ആദ്യഘട്ടത്തിലെ ചെലവ് കാണിച്ചത്. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനടുത്തായി ദേശീയപാതയോടു ചേര്‍ന്നാണ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റിന് അനുവദിച്ച ഭൂമി. സെന്റിന് 15 ലക്ഷം രൂപ വരെയാണ് ഇവിടെ വിപണിവില.
(കെ എം മോഹന്‍ദാസ്)

deshabhimani 280412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെയും മുസ്ലിംലീഗ് മന്ത്രിമാരുടെയും വാദം പച്ചക്കള്ളമെന്ന് നിയമസഭാ രേഖകള്‍. എല്ലാം സര്‍ക്കാര്‍ അറിഞ്ഞിരുന്നെന്ന് സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തം. ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും അവകാശവാദം ഇതോടെ പൊളിയുകയാണ്.

    ReplyDelete