Monday, April 30, 2012
കമ്പനിവല്‍ക്കരണം: വൈദ്യുതി ബോര്‍ഡിലെ പെന്‍ഷന്‍ മുടങ്ങും
ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും പെന്‍ഷനും അപകടത്തിലാക്കി വൈദ്യുതി ബോര്‍ഡില്‍ പുനഃസംഘടന നടപ്പാക്കുന്നു. കമ്പനി രൂപീകരണത്തിന് സര്‍ക്കാരും നിലവിലുള്ള ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന ത്രികക്ഷി കരാര്‍ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് അട്ടിമറി. ഇപ്പോള്‍ വിഭാവനം ചെയ്ത രീതിയില്‍ കമ്പനിവല്‍ക്കരണം നടന്നാല്‍ നിരവധിപേര്‍ക്ക് പെന്‍ഷന്‍ മുടങ്ങും.
നിലവിലുള്ള ജീവനക്കാരെ മുഴുവന്‍ കമ്പനിയില്‍ സ്ഥിരപ്പെടുത്തുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൈമാറ്റ കരടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, "നിലവിലുള്ള" എന്നതിനു പകരം "യോഗ്യരായ" എന്ന് യുഡിഎഫ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തി. സമയബന്ധിതമായി പ്രൊമോഷന്‍ നല്‍കുമെന്ന വ്യവസ്ഥയും മാറ്റി. കാര്യക്ഷമത വിലയിരുത്തിയായിരിക്കും പ്രൊമോഷനെന്ന് പുതിയ കരടില്‍ പറയുന്നു. ഇതെല്ലാം ജീവനക്കാരില്‍ സംശയം ജനിപ്പിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ കമ്പനിവല്‍ക്കരണം നടപ്പാക്കുന്നത് പെന്‍ഷന്‍ മുടങ്ങാനിടയാക്കും.
സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ചാണ് കമ്പനിയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. കമ്പനിവല്‍ക്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കുന്ന പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നു. എന്നാല്‍, കേരളത്തിലാകട്ടെ, ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. 7584 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചാലേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. നിലവില്‍ 4520 കോടിയുടെ സ്രോതസ്സുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പ്രതിവര്‍ഷം 850 കോടിയാണ് ബോര്‍ഡ് നിലവില്‍ മുടക്കുന്നത്. കേരളത്തില്‍ ജനങ്ങളുടെ കൂടിയ ആയുര്‍ദൈര്‍ഘ്യം, വര്‍ധിച്ചുവരുന്ന ശമ്പള ആനുകൂല്യങ്ങള്‍ എന്നിവ ബാധ്യത ഇനിയും വര്‍ധിപ്പിക്കും. ഫണ്ടിലേക്കുള്ള തുകയില്‍ 2400 കോടിയോളും രൂപയുടെ കുറവുള്ളത് പെന്‍ഷന്‍ മുടങ്ങാനിടയാക്കും. കമ്പനിവല്‍ക്കരണം നടപ്പായാല്‍ അടുത്തമാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ജൂണ്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അടുത്തമാസം തന്നെ കമ്പനിവല്‍ക്കരണം നടപ്പാക്കാനാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം. ഐഎഎസുകാരനായ ചെയര്‍മാന്‍ മെയ് 31നു സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നതാണ് ഇതിനു കാരണമായി പറയുന്നത്. മെയ് മാസം തന്നെ കമ്പനിവല്‍ക്കരണം നടപ്പായാല്‍ നിലവിലുള്ള ചെയര്‍മാന് കമ്പനിയുടെ ചുമതലക്കാരനാകാനും കഴിയും.
(ആര്‍ സാംബന്‍)
deshabhimani 300412
Subscribe to:
Post Comments (Atom)
No comments:
Post a Comment