Wednesday, April 25, 2012

മാമ്പഴക്കാലമായി, ഇനി പാക് കള്ളനോട്ടുകളുടെ പെരുമഴക്കാലം


മാമ്പഴക്കാലമായതോടെ സംസ്ഥാനത്തെ വിപണികളില്‍ പാകിസ്ഥാനില്‍ അച്ചടിച്ച വ്യാജനോട്ടുകളുടെ പെരുമഴക്കാലമായി. ഈ സീസണില്‍ ചുരുങ്ങിയത് നൂറുകോടി രൂപയുടെ വ്യാജന്മാര്‍ വന്ന് മറിയുമെന്നാണ് സംസ്ഥാന പൊലീസിലെ കൌണ്ടര്‍ഫീറ്റ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഒപ്പം ഇന്ത്യയില്‍ അച്ചടിക്കുന്ന കള്ളനോട്ടുകളും സാമാന്യം നല്ലതോതില്‍ കൈമറിയുമെന്നാണ് അന്വേഷണവൃത്തങ്ങളുടെ കണക്കു കൂട്ടല്‍.

പാക് ചാരസംഘടനയായ ഐ എസ് ഐ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കാന്‍ വേണ്ടി തയ്യാറാക്കിയ ആസൂത്രിതപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വ്യാജനോട്ടുകള്‍ ഇന്ത്യയിലുടനീളം വ്യാപകമായി പ്രചരിച്ചുവരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കു കടത്തി തീവണ്ടിമാര്‍ഗ്ഗം താര്‍ എക്സ്പ്രസ്സില്‍ രാജസ്ഥാനിലെത്തിക്കുന്ന പാക്നിര്‍മ്മിത നോട്ടുകള്‍ക്കാണ് രാജ്യമെമ്പാടും വിപുലമായ വിതരണശൃംഖലയുള്ളതെന്നും നേരത്തേത്തന്നെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വെളിപ്പെടുത്തിയിരുന്നു.

പാകിസ്ഥാനില്‍ നിന്ന് ശ്രീലങ്കയും മാലിയും വഴി വന്‍തോതില്‍ കള്ളനോട്ടുകള്‍ കേരളത്തിലേക്ക് പ്രവഹിക്കുന്നത് കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള ഇടനാഴികളിലൂടെയാണെന്നും രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ളാദേശില്‍ നിന്നും പശ്ചിമബംഗാളിലേക്കും അസമിലേക്കും കുടിയേറിയവരുള്‍പ്പെടെ കേരളത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍, ഭീകര- തീവ്രവാദ ബന്ധമുള്ളവര്‍ എന്നിവര്‍ വഴി കൈമറിഞ്ഞാണ് പാക് നിര്‍മ്മിത ഇന്ത്യന്‍ കറന്‍സി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് കടന്നുകയറ്റം നടത്തുന്നതെന്ന് അടുത്തകാലത്ത്  നടന്ന ചില കള്ളനോട്ടു വേട്ടകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വ്യാജനോട്ടുകള്‍ എളുപ്പത്തില്‍ വിനിമയം ചെയ്യാവുന്നതും അത്രയങ്ങു പെട്ടെന്നു പിടിക്കപ്പെടാതിരിക്കാനുള്ള മേഖലകള്‍ പാക്ചാരസംഘടന ആസൂത്രണവൈഭവത്തോടെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് കൌണ്ടര്‍ഫീറ്റ് സ്ക്വാഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്രകാരം വന്നുമറിയുന്ന ഒരു കള്ളനോട്ടുപോലും ബാങ്കുകളിലെത്താറില്ലെന്നതാണ് വേട്ട ദുഷ്കരമാക്കുന്ന ഘടകമെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു.

മാമ്പഴ വിപണി, ആടുമാടു കച്ചവടം, ആക്രി വ്യാപാരം എന്നീ ശ്രദ്ധിക്കപ്പെടാത്തതും സമ്പദ്വ്യവസ്ഥയില്‍ തീര്‍ത്തും അപ്രധാനവുമായ മേഖലകള്‍ വഴി വ്യാജനോട്ടു വിതരണം നടക്കുന്നതിനാല്‍ വിപുലമായ ഒരന്വേഷണവലയമുണ്ടാക്കിയാലേ ഇതുവഴിയുള്ള കളളനോട്ടുകളുടെ പ്രചാരണത്തിനു തടയിടാനാവൂ എന്നും അഭിപ്രായമുണ്ട്. മാവുകള്‍ പൂത്തു തുടങ്ങുന്നതോടെ ശക്തിയാര്‍ജ്ജിക്കുന്ന കള്ളനോട്ട് പ്രവാഹം ഓണംവിപണി വരെ തഴച്ചുകൊഴുത്തു നില്‍ക്കും. പിന്നീട് മിക്കവാറും ആട്, ആക്രിവിപണികള്‍, നാട്ടിന്‍പുറത്തു സമീപകാലത്തായി കൂണുകള്‍ പോലെ മുളച്ചുവന്ന സ്വര്‍ണ്ണാഭരണശാലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും വ്യാജന്മാരുടെ വിളയാട്ടം.

പാക് കള്ളനോട്ടുകള്‍: ഇതിനകം നടന്നത് 100 കോടിയുടെ ഇടപാട്

തിരുവനന്തപുരം: ഒരുലക്ഷം രൂപയുടെ നല്ല നോട്ടുകള്‍ നല്‍കിയാല്‍ എട്ടും പത്തും ലക്ഷം രൂപ വരെ ഒറിജിനലിനെ വെല്ലുന്ന പാക് കള്ളനോട്ടുകള്‍ ലഭിക്കുമത്രെ. മാവുകള്‍ പൂവിട്ടു തുടങ്ങുന്നതോടെ മാമ്പഴ വ്യാപാരികള്‍ മാവുകള്‍ മൊത്തത്തിന് വിലയിട്ടെടുക്കുന്നു. സീസണായാല്‍ വിപണിയില്‍ അറുപതോ എഴുപതോ രൂപയായി വിലയിടിയുന്ന മുന്തിയ ഇനം മാമ്പഴത്തിന് കിലോക്ക് നൂറ്റന്‍പതു രൂപയോളം വരുന്ന തോതിലാണ് മാങ്ങ അടങ്കലെടുക്കുന്നതെന്ന് ഈ വിപണിയില്‍ ഏറെക്കാലമായി ബന്ധമുള്ളവര്‍ പറയുന്നത്.

മാങ്ങയ്ക്കല്ല, പൂവിനാണ് ഇക്കൂട്ടര്‍ വിലയിടുന്നത്. കര്‍ഷകനെ സംബന്ധിച്ചിടത്തോളം മോഹവിലയായതിനാല്‍ പാരമ്പര്യ മാമ്പഴകച്ചവടക്കാര്‍ ഈ അടങ്കല്‍മേഖലയില്‍ നിന്നും ഏറെക്കുറെ നിഷ്കാസനം ചെയ്യപ്പെട്ട നിലയിലാണ്. കാലം തെറ്റി വരുന്ന മഴയില്‍ പൂക്കള്‍ മിക്കവയും കൊഴിഞ്ഞുപോയാലും അടങ്കലെടുക്കുന്നവര്‍ക്ക് ഒരു കുലുക്കവുമില്ലെന്നുള്ളതാണ് ദുരൂഹം.

 രണ്ടോ മൂന്നോ ലക്ഷം രൂപ മുതല്‍മുടക്കി ഇരുപതും മുപ്പതും ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ മാമ്പഴവിപണിയിലിറക്കിയിരിക്കുന്നതിനാല്‍ പത്തുലക്ഷം രൂപയുടെ മാമ്പഴം ലഭിച്ചാല്‍ പോലും ലോട്ടറിയടിച്ച പോലെയാണെന്ന് അവര്‍ക്കറിയാം. ജതിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പാക് കള്ളനോട്ടുകള്‍ കൈമാറി മാമ്പഴവിപണി കൈയ്യടക്കിയിരിക്കുന്നവരുടെ മുഖ്യ താവളങ്ങളെന്നും സൂചനയുണ്ട്.  ഇവരില്‍ പലരും വിദേശത്തേക്ക് മാമ്പഴം കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇവിടെയും വ്യാജന്മാര്‍ മറിയുന്നുവെന്നും സംശയിക്കപ്പെടുന്നു.

മാമ്പഴം അടങ്കല്‍ നല്‍കുന്നത് ദരിദ്രകര്‍ഷകരോ നാമമാത്രകര്‍ഷകരോ ആയിരിക്കും. മാമ്പഴം വിറ്റുകിട്ടുന്ന മോഹവില തങ്ങളുടെ വരുമാനത്തിലെ ബോണസ് ആയി കണക്കാക്കുന്നവര്‍. ഇവരാരും പണം ബാങ്കുകളില്‍ നിക്ഷേപിക്കില്ലെന്ന് കള്ളനോട്ട് ഇടപാടുകാര്‍ക്ക് ഉറപ്പുണ്ട്. പണം കൈയില്‍ കിട്ടിയാല്‍ മത്സ്യ- മാംസ വിപണിയിലും മറ്റു നിത്യോപയോഗസാധനങ്ങളോ വസ്ത്രങ്ങളോ സുഭിക്ഷമായി വാങ്ങുന്നതിനും ദിവസങ്ങള്‍ കൊണ്ട് ഈ മാമ്പഴ വരുമാനം ചെലവഴിച്ചിരിക്കും.

അതിനാല്‍ സുരക്ഷിത മേഖലകളിലേക്ക് കളളനോട്ട് പ്രവാഹത്തിന്റെ ചാലുകീറുന്ന വൈഭവമാര്‍ന്ന തന്ത്രമാണ് പാക് ചാര സംഘടന ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.  ഇതിനകം തന്നെ നൂറു കോടിയുടെ ഇത്തരം മാമ്പഴ -വ്യാജനോട്ട് ഇടപാടുകള്‍ നടന്നുകഴിഞ്ഞിട്ടുണ്ടെന്നും ഈ തുകയത്രയും ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നുമാണ് അന്വേഷണവൃത്തങ്ങളുടെ നിഗമനം.

ഇക്കാരണങ്ങള്‍ കണക്കിലെടുത്ത് കള്ളനോട്ടുകള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഈ പുതിയ മേഖലകളെയും അവയ്ക്കു പിന്നിലെ ബിസിനസ്സുകാരെയും നിരീക്ഷണവലയത്തിലാക്കിയിട്ടുണ്ടെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

കെ രംഗനാഥ് janayugom 250412

1 comment:

  1. മാമ്പഴക്കാലമായതോടെ സംസ്ഥാനത്തെ വിപണികളില്‍ പാകിസ്ഥാനില്‍ അച്ചടിച്ച വ്യാജനോട്ടുകളുടെ പെരുമഴക്കാലമായി. ഈ സീസണില്‍ ചുരുങ്ങിയത് നൂറുകോടി രൂപയുടെ വ്യാജന്മാര്‍ വന്ന് മറിയുമെന്നാണ് സംസ്ഥാന പൊലീസിലെ കൌണ്ടര്‍ഫീറ്റ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഒപ്പം ഇന്ത്യയില്‍ അച്ചടിക്കുന്ന കള്ളനോട്ടുകളും സാമാന്യം നല്ലതോതില്‍ കൈമറിയുമെന്നാണ് അന്വേഷണവൃത്തങ്ങളുടെ കണക്കു കൂട്ടല്‍.

    ReplyDelete