Thursday, April 26, 2012

ജനങ്ങളോട് ഇത്രയും ക്രൂരത പാടില്ല: റഗുലേറ്ററി കമീഷന്‍


വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ബോര്‍ഡ് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍. പ്രതിമാസം 150 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്ന മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും അധിക ഉപയോഗത്തിന് 10 രൂപ നിരക്ക് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഹിയറിങ്ങിലാണ് ബോര്‍ഡിനെ കമീഷന്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഗാര്‍ഹിക ഉപയോക്താക്കളോട് ഇത്രയും ക്രൂരത എന്തിനാണെന്ന് വൈദ്യുതി ബോര്‍ഡ് പ്രതിനിധികളോട് കമീഷന്‍ ആരാഞ്ഞു. മുമ്പ് വൈദ്യുതി പ്രതിസന്ധിയുണ്ടായ രണ്ടുപ്രാവശ്യവും പ്രതിമാസം 300 യൂണിറ്റിനു മേലുള്ള ഉപയോഗത്തിനാണ് അധിക നിരക്കിന് നിര്‍ദേശിച്ചിരുന്നത്. ഇത്തവണ പ്രതിമാസം 150 യൂണിറ്റിനു മേലുള്ള ഓരോ യൂണിറ്റിനും 10 രൂപ നിരക്ക് ഈടാക്കാണമെന്നാണ് നിര്‍ദേശം. ഇത് അനുവദിച്ചാല്‍ ലോഡ്ഷെഡിങ് പിന്‍വലിക്കുമോയെന്ന കമീഷന്റെ ചോദ്യത്തിന് ബോര്‍ഡ് പ്രതിനിധികള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

ജനങ്ങളില്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നതിനെതിനെതിരെയും കമീഷന്‍ പ്രതികരിച്ചു. എച്ച്ടി-ഇഎച്ച്ടി ഉപയോക്താക്കള്‍ക്ക് മാത്രമായി വൈദ്യുതിനിയന്ത്രണം നടപ്പാക്കാനുള്ള ബോര്‍ഡിന്റെ ആദ്യ ശുപാര്‍ശയെ റഗുലേറ്ററി കമീഷന്‍ വിമര്‍ശിച്ചിരുന്നു. 99 ശതമാനം ഉപയോക്താക്കളെയും ഒഴിവാക്കി ഒരു ശതമാനത്തിനുമേല്‍ പ്രതിസന്ധിയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു വിമര്‍ശം. അതു കണക്കിലെടുത്താണ് ഗാര്‍ഹിക മേഖലയ്ക്കുകൂടി ബാധകമാകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ബോര്‍ഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്തുക, ഉപഭോഗം നിയന്ത്രിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയായിരുന്നു തങ്ങളുടെ പ്രതികരണമെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. അത് മുതലെടുത്ത് വലിയ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.

മൂഴിയാര്‍ പവര്‍ഹൗസില്‍ സ്ഫോടനം ഉണ്ടാകുകയും കാലവര്‍ഷം ചതിക്കുകയുംചെയ്ത രണ്ട് അവസരത്തിലാണ് മുമ്പ് അധിക ഉപഭോഗത്തിന് നിരക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഒന്നര ലക്ഷത്തോളം വരുന്ന വന്‍കിട ഗാള്‍ഹിക ഉപയോക്താക്കളെമാത്രമേ അത് ബാധിച്ചുള്ളൂ. എന്നാല്‍, 15 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കെങ്കിലും അധികനിരക്ക് ബാധകമാക്കുന്നതാണ് ഇപ്പോഴത്തെ നിര്‍ദേശം. 2011 ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ താപവൈദ്യുതി വാങ്ങിയതിന്റെ സര്‍ച്ചാര്‍ജ് ജനങ്ങളില്‍നിന്ന് ഈടാക്കാനുള്ള ബോര്‍ഡിന്റെ ഹര്‍ജിയിലും ബുധനാഴ്ച ഹിയറിങ്ങ് നടന്നു. നിലവില്‍ സര്‍ച്ചാര്‍ജ് പിരിച്ചുകൊണ്ടിരിക്കെ പുതിയ പിരിവിനുളള നീക്കം തടയണമെന്ന് ഹിയറിങ്ങില്‍ പങ്കെടുത്ത സംഘടനകള്‍ ആവശ്യപ്പെട്ടു. 50 കോടി രൂപ അനുവദിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍, 120 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ച്ചാര്‍ജില്‍നിന്ന് ഒഴിവാക്കിയതിനെ കമീഷന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കിട്ടിയോ എന്ന ചോദ്യത്തിനും കെഎസ്ഇബിക്ക് മറുപടിയുണ്ടായില്ല.

deshabhimani 260412

No comments:

Post a Comment