മഹാറാലി നാളെ
ചരിത്രത്തിലേക്ക് ചെമ്പതാകവീശി തിങ്കളാഴ്ച മഹാറാലി. ദേശീയരാഷ്ട്രീയത്തിനും ഇടതുപക്ഷപ്രസ്ഥാനത്തിനും പുതിയ ദിശാബോധവും ഊര്‍ജവും പകരുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലി ജനകീയചരിത്രത്തിലെ മഹത്തായ ഏടാകും. കാല്‍ലക്ഷം ചുവപ്പുസേനാ പരേഡും നഗരവീഥികളെ ചെങ്കടലാക്കും. കോഴിക്കോട്ട് ആദ്യമായി നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ ഏറ്റവും ഉജ്വലമാണെന്ന് പ്രഖ്യാപിച്ചുള്ള ചുവപ്പുസേനാ മാര്‍ച്ചും റാലിയും കടപ്പുറത്ത് എം കെ പന്ഥെനഗറിലാണ് സംഗമിക്കുക.
സമത പൂക്കുന്ന പുതുലോകത്തിന്റെ അടയാളവും കരുത്തുമായ രക്തപതാകയേന്തി നീങ്ങുന്ന ജനലക്ഷങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യസെല്‍ രൂപീകരിച്ച ദേശം ഇന്നും അജയ്യമായ ചെങ്കോട്ടയാണെന്ന് തെളിയിക്കും. നഗരത്തിലെ സ്ഥലപരിമിതികാരണം കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ് റാലി നിശ്ചയിച്ചത്. മറ്റു ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും നിരവധിപേര്‍ റാലി കാണാനെത്തും. പാര്‍ടി കോണ്‍ഗ്രസ് നഗരിക്കുപുറത്ത് ദിവസവും ആയിരങ്ങള്‍ എത്തുന്നു. ചരിത്രപ്രദര്‍ശനം കാണാന്‍ ശനിയാഴ്ചമാത്രം 28,000 പേരാണ് എത്തിയത്. ഇതിനകം മൂന്നുലക്ഷംപേര്‍ പ്രദര്‍ശനം കണ്ടു.
(പി വി ജീജോ)
പുതുചരിത്രമെഴുതുന്ന ചരിത്രപ്രദര്‍ശനം
""സാധാരണ ജനങ്ങളുടെ സര്‍വകലാശാലയാണിത്. അധ്വാനിക്കുന്നവന് പൊന്‍വെളിച്ചവും ആഗോള മൂലധനശക്തികള്‍ക്ക് വന്‍ പ്രഹരവും-ചരിത്ര പ്രദര്‍ശനത്തെക്കുറിച്ചുള്ള സന്ദര്‍ശകരുടെ അഭിപ്രായങ്ങളാണിത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രദര്‍ശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മൂന്നര ലക്ഷം പേര്‍ കണ്ടു. ചരിത്രത്തിന്റെ ഭാഗഭാക്കായ സമരങ്ങളുടെയും നേതാക്കളുടെയും ചിത്രങ്ങളും ശില്‍പ്പങ്ങളും കാണാന്‍ ജനം ഒഴുകുകയാണ്. 300 പേജുള്ള സന്ദര്‍ശക ഡയറി 15 എണ്ണം കഴിഞ്ഞു. കര്‍ണാടക, രാജസ്ഥാന്‍, ബിഹാര്‍, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ മുന്നേറ്റ ചരിത്രങ്ങളെ എവിടെയങ്കിലും ഇതുപോലെ രേഖപ്പെടുത്തുന്നത് ആദ്യമായാണ്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് ശ്രദ്ധേയമാണെന്നാണ് ചിലര്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്. "ഞാനൊരു കമ്യൂണിസ്റ്റുകാരനല്ല, പക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആളുകള്‍ അണിചേരുന്നതിന്റെ കാരണം മനസ്സിലാക്കാനായി"- സന്ദര്‍ശകഡയറിയില്‍ ഒരാള്‍ എഴുതി.
പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളിലും തിരക്കാണ്. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം, ചിന്ത പബ്ലിഷേഴ്സ്, സമത, ജില്ലാ കൈത്തറി സംഘം, കോട്ടണ്‍ തുണിത്തരങ്ങളുടെ സ്റ്റാളായ നടുവണ്ണൂര്‍ സിപ്കോ, കേരള സോപ്സ് എന്നിവയിലെല്ലാം തിരക്കുണ്ട്. ചരിത്ര പ്രദര്‍ശനത്തിന്റെ സിഡി, പുസ്തകം എന്നിവ എത്തുന്ന മുറയ്ക്ക് വിറ്റുപോകുന്നു. "സോഷ്യലിസമാണ് ഭാവി" ആല്‍ബത്തിന്റെ നിരവധി പതിപ്പുകളാണ് വിറ്റുപോയത്. ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും ചൂടപ്പംപോലെ വിറ്റുപോകുന്നു. 150 രൂപ മുഖവിലയുള്ള പുസ്തകം 100 രൂപയ്ക്കാണ് നല്‍കുന്നത്. സമതയുടെ സ്റ്റാളില്‍ ചെഗുവേരയുടെ പോസ്റ്ററിനും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടെറാകോട്ടയുടെ പാത്രങ്ങള്‍ക്കും വാള്‍ഹാങ്ങിങ്ങ്സിനും ആവശ്യക്കാരേറെ. പ്രദര്‍ശന നഗരിയില്‍ ദിവസവും വൈകിട്ട് ഓപ്പണ്‍ ഫോറവും കലാപരിപാടികളുമുണ്ട്. ആനന്ദ്, സന്ദീപ ഷിജിത് എന്നീ വിദ്യാര്‍ഥികളുടെ തബല വാദന പരിപാടിയും നടന്നു. തിരക്ക് പ്രമാണിച്ച് ഒമ്പത് വരെ പ്രദര്‍ശനം നീട്ടാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.
(സൗമ്യ സരയൂ)
പ്രതിദിനക്വിസില്‍ അരലക്ഷം പേര്‍ പങ്കെടുത്തു
പാര്‍ടി കോണ്‍ഗ്രസ് ചരിത്രപ്രദര്‍ശനത്തില്‍ പ്രതിദിന ക്വിസ് പരിപാടിയില്‍ ഇതുവരെ 50,000 പേര്‍ പങ്കെടുത്തു. ഇവരില്‍ 102 പേരാണ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത്. കേരള നവോത്ഥാനവും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവും, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും കമ്യൂണിസ്റ്റ് പാര്‍ടിയും ഉരുവംകൊണ്ട ചരിത്ര ഘട്ടങ്ങള്‍ സത്യസന്ധതയോടെയും ചരിത്രരേഖകളുടെ പിന്‍ബലത്തോടെയും അവതരിപ്പിക്കുന്ന ചരിത്രപ്രദര്‍ശനം കാണാന്‍ ഇപ്പോഴും ജനങ്ങള്‍ കൂട്ടംകൂട്ടമായി എത്തുന്ന കാഴ്ചയാണ്.
സാമൂഹിക പ്രശ്നങ്ങളുമായി "ഭൂമിതന്നെ നാടകം"
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഓര്‍മിപ്പിക്കുംവിധമുള്ള മനോഹരമായ ഓടക്കുഴല്‍ നാദമാണ് പ്രതിനിധി സമ്മേളനഗരിയിലെ ഉച്ചഭക്ഷണവേളയില്‍ ഏവരെയും ആകര്‍ഷിച്ചത്. കുഴല്‍വിളിക്കുപിന്നാലെ ചടുലതാളവും ഒപ്പം നാടന്‍ശീലുകളുടെ ഹൃദ്യമായ ആവിഷ്കാരവും. പ്രതിഷേധത്തിന്റെയും ഉണര്‍വിന്റെയും തുടിതാളത്തിലേക്ക് സദസിനെയൊന്നടങ്കം കൈപിടിച്ചുയര്‍ത്തിയത് കോഴിക്കോട് പുതിയറ സ്വദേശി കെ വി വിജേഷാണ്. "ഭൂമിതന്നെ നാടകമെന്നു" ചൊല്ലിയാണ് വിജേഷ് അരങ്ങിലെത്തിയത്. ജീവിതത്തിലെ നാടകത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച രംഗഭാഷ്യം സമൂഹത്തിലെ നിരവധി പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടിയത്. സ്ത്രീകള്‍ക്കുനേര്‍ക്കുള്ള അതിക്രമവും തൊഴിലാളികള്‍ക്കെതിരായ പരാക്രമവും സമൂഹത്തിന്റെ ജീര്‍ണതയുമെല്ലാം "ഭൂമിതന്നെ നാടകം" രംഗത്തെത്തിച്ചു. ഭാഷയുടെ അതിര്‍വരമ്പുപോലും വിജേഷിന്റെ പ്രകടനത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ പ്രതിനിധികളില്‍നിന്ന് അകറ്റിയില്ല. ആംഗ്യങ്ങളിലൂടെയും വിവിധ താളങ്ങളിലൂടെയും ആശയം കൈമാറാന്‍ കഴിഞ്ഞത് അവതരണത്തെ ഹൃദ്യമാക്കി. താളംപിടിച്ചും ആര്‍പ്പുവിളിച്ചും ഒപ്പം പാടിയും സദസ്യരും കലാമേളയില്‍ പങ്കാളികളായി.
സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് രംഗപഠനം പൂര്‍ത്തിയാക്കിയ വിജേഷ് വിവിധ നാടകങ്ങള്‍ക്കായി അദ്ദേഹംതന്നെ രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ ചുവടുവച്ചത്. കുട്ടികളുടെ നാടകവേദിയിലും സജീവമായ വിജേഷ് "തകരച്ചെണ്ട", "നന്മ", "പുള്ളിമാന്‍" എന്നീ സിനിമകള്‍ക്കും ഗാനമെഴുതിയിട്ടുണ്ട്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കുഞ്ഞനാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ചുവടുകള്‍ക്ക് താളംപകരാന്‍ കുഞ്ഞനും വേദിയിലുണ്ടായി. വിജേഷിന് സംഘാടകസമിതിയുടെ ഉപഹാരം എം കേളപ്പന്‍ സമ്മാനിച്ചു.
അനാചാരങ്ങള്‍ക്കെതിരെ വീണ്ടും "വി ടി"
സമൂഹത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചുവരുമ്പോള്‍ കണ്ടില്ലെന്നു നടിച്ച് ചരിത്രത്താളില്‍ നിര്‍വികാരനായിരിക്കാന്‍ വി ടി ഭട്ടതിരിപ്പാടിന് കഴിയില്ല. യാഥാസ്ഥിതിക വിശ്വാസത്തിന്റെ ചങ്ങലകള്‍കൊണ്ട് ബന്ധിക്കപ്പെട്ടവരെ പച്ചമനുഷ്യരുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം വീണ്ടും വരും. തൃപ്തി ആര്‍ട്സ്് ഓഫ് പാലക്കാട് (ടാപ്പ് നാടകവേദി) അവതരിപ്പിച്ച "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ഒരു പുനര്‍വായ" എന്ന നാടകത്തിന്റെ കഥാതന്തുവാണിത്. ഇ കെ നായനാര്‍ നഗറിലാണ് (ടൗണ്‍ഹാള്‍) നാടകം അരങ്ങേറിയത്.
സ്വന്തം സമുദായത്തിലെ അന്ധവിശ്വാസവും അനാചാരങ്ങളും തുടച്ചു നീക്കുന്നതിന് നേതൃത്വം നല്‍കിയ വി ടി ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകത്തിന്റെ ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തില്‍ നിന്നുകൊണ്ട് പഴയ കാലത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് നാടകം. ഇ എം എസ് ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ പൊരുതിത്തോല്‍പ്പിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടുമെത്തുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ വി ടി പുനര്‍ജനിക്കുന്നതായാണ് കഥ. തിരുവനന്തപുരത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് തൃപ്തി ആര്‍ട്സ് ആദ്യമായി ഈ നാടകം അവതരിപ്പിച്ചത്. തുടര്‍ന്ന് 15 വേദികളില്‍ അരങ്ങേറി. ഇരുപതോളം അഭിനേതാക്കളുള്ള നാടകത്തിന്റെ സംവിധാനം, രചന, സംഗീതം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് നന്ദജനാണ്. 35 വര്‍ഷം പാരമ്പര്യമുള്ള തൃപ്തി ആര്‍ട്സ് മലബാറിലെ പ്രമുഖ നാടകട്രൂപ്പാണ്.
"വസന്തത്തിന്റെ കനല്‍വഴികളില്‍" പിണറായി സ്വിച്ച് ഓണ്‍ ചെയ്യും
കേരളത്തിലെ വിപ്ലവ പോരാട്ടങ്ങള്‍ പശ്ചാത്തലമാക്കി "വസന്തത്തിന്റെ കനല്‍വഴികളില്‍" സിനിമ നിര്‍മിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരും അസംഘടിതരുമായ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ച് പോരാട്ട ഭൂമിയിലേക്ക് നയിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളാണ് പ്രമേയം. വി എന്‍ അനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടനാരംഭിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും.
പ്രധാനമായും പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ചിത്രീകരണം. നടനും സംവിധായകനുമായ സമുദ്രക്കനിയാണ് പി കൃഷ്ണപിള്ളയായി വേഷമിടുന്നത്. തമിഴ് താരം ഇളവരശന്‍ എ കെ ജിയായും സുധീഷ് ഇ എം എസായും എത്തും. നാസര്‍, പുതുമുഖതാരം റിതേഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ, വി എന്‍ അനില്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം കെ അര്‍ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, എ ആര്‍ റഹ്മാന്റെ സഹോദരി എ ആര്‍ റെയ്ഹാന, ജെയിംസ് വസന്തന്‍, നാടന്‍പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പന്‍ എന്നിവര്‍ സംഗീതം പകരുന്നു. വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൈരളി ടിവിക്ക് വേണ്ടി സംപ്രേഷണം ചെയ്ത "വസന്തത്തിന്റെ കനല്‍വഴികളില്‍" പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതിയും അംഗീകാരവുമാണ് അതേ പേരില്‍ ചലച്ചിത്രം നിര്‍മിക്കാന്‍ പ്രചോദനമായതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വി എന്‍ അനില്‍, ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്രോത്സവവും പുസ്തകോത്സവവും ഇന്നു സമാപിക്കും
ഇ എം എസ് നഗറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഞായറാഴ്ചത്തെ പ്രദര്‍ശനത്തോടെ സമാപിക്കും. കോഴിക്കോട്ട് ഇതാദ്യമായാണ് ഒരു മാസത്തോളം നീണ്ട ചലച്ചിത്രോത്സവം നടക്കുന്നത്. 110 സിനിമകളാണ് ടൗണ്‍ഹാളില്‍ ആരംഭിച്ച് ഇ എം എസ് നഗറില്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകര്‍ ഇതിനെ ഗൗരവമായെടുത്തതിന്റെ തെളിവാണ് എല്ലാ പ്രദര്‍ശനങ്ങളിലുമുണ്ടായ നിറഞ്ഞ സദസ്സെന്ന് ചലച്ചിത്രോത്സവ ഡയറക്ടര്‍ കെ ജെ തോമസ് പറഞ്ഞു.
ഞായറാഴ്ച പകല്‍ 10.30ന് ചലച്ചിത്ര പ്രദര്‍ശനം തുടങ്ങും. മലയാളത്തിലുള്ള ഹ്രസ്വചിത്രങ്ങളായ തട്ടുംപുറത്തപ്പന്‍, രണ്ട്, പാഠം, കടല്‍തീരത്ത് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുക. കോഴിക്കോട്: എസ് കെ പൊറ്റെക്കാട്ട് നഗറില്‍ 26 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. വൈകിട്ട് നാലിന് കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. "മാര്‍ക്സിനെ വായിക്കുമ്പോള്‍"എന്ന വിഷയത്തില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തും.
deshabhimani 080412

ചരിത്രത്തിലേക്ക് ചെമ്പതാകവീശി തിങ്കളാഴ്ച മഹാറാലി. ദേശീയരാഷ്ട്രീയത്തിനും ഇടതുപക്ഷപ്രസ്ഥാനത്തിനും പുതിയ ദിശാബോധവും ഊര്‍ജവും പകരുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലി ജനകീയചരിത്രത്തിലെ മഹത്തായ ഏടാകും. കാല്‍ലക്ഷം ചുവപ്പുസേനാ പരേഡും നഗരവീഥികളെ ചെങ്കടലാക്കും. കോഴിക്കോട്ട് ആദ്യമായി നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ ഏറ്റവും ഉജ്വലമാണെന്ന് പ്രഖ്യാപിച്ചുള്ള ചുവപ്പുസേനാ മാര്‍ച്ചും റാലിയും കടപ്പുറത്ത് എം കെ പന്ഥെനഗറിലാണ് സംഗമിക്കുക.
ReplyDelete