Sunday, April 8, 2012

വേദനകള്‍ മറന്ന് ദയാഭായ് എത്തി; പാര്‍ടി കോണ്‍ഗ്രസ് കാണാന്‍

വേദനകള്‍ മറന്ന് ദയാഭായ് എത്തി; പാര്‍ടി കോണ്‍ഗ്രസ് കാണാന്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ദയാഭായ്ക്ക് പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളന നഗരിയില്‍ പ്രവേശിക്കാനായപ്പോള്‍ വേദനകളെല്ലാം മറക്കാനായി. സമ്മേളന നഗറില്‍ പ്രതിനിധികള്‍ക്ക് മാത്രമായി പ്രവേശനം കര്‍ശനമാക്കിയതിനാല്‍ പാര്‍ടി കോണ്‍ഗ്രസ് കാണാന്‍ മാത്രമായി ഗുജറാത്തില്‍ നിന്നെത്തിയ സംഘത്തിന് അകത്തു കയറാന്‍ കഴിയുമായിരുന്നില്ല. കോഴിക്കോട്ടെ ഗുജറാത്തിഭവനില്‍ താമസിച്ചുവരികയായിരുന്ന സംഘത്തിന് സമ്മേളനഗരിയില്‍ പ്രവേശിക്കാന്‍ അനുവാദം വെള്ളിയാഴ്ച ലഭിച്ചതിലുള്ള ആഹ്ലാദവും ആവേശവും സംഘം പങ്കുവച്ചു.

ഗുജറാത്തിലെ പാര്‍ടി സംസ്ഥാന കമ്മിറ്റിയിലും ജില്ലാകമ്മിറ്റിയിലും വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വനിരയിലും ത്യാഗധനരായി പ്രവര്‍ത്തിക്കുന്ന സംഘം സമ്മേളന പ്രതിനിധിയായ ഗുജറാത്തിലെ ഭവ്നഗര്‍ ജില്ലാ സെക്രട്ടറി നളിനി ജഡേജയോടൊപ്പമാണ് എത്തിയത്. ദയാഭായ് കര്‍ഷകസംഘത്തിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും പാര്‍ടി സ്റ്റേറ്റ് കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമാണ്. മൂന്നുവര്‍ഷം മുമ്പ് ബൈക്ക് അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. 1952 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിരുന്നവരും സംഘത്തിലുണ്ട്. സമ്മേളന നഗരിയില്‍ സംഘം രക്തസാക്ഷി ചിത്രങ്ങളില്‍ പ്രണാമമര്‍പ്പിച്ചു. പാര്‍ടിയുടെ ദേശീയ നേതാക്കളെ സന്ദര്‍ശിച്ചു. ഏറെ നേരം നഗരിയില്‍ ചെലവഴിച്ചശേഷമാണ് സംഘം താമസ സ്ഥലത്തേക്ക് മടങ്ങിയത്.

പ്രായം തളര്‍ത്താത്ത ആവേശവുമായി കേളപ്പേട്ടന്‍ സജീവം

പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ പതിവുപോലെ കേളപ്പേട്ടനുണ്ട്. സംഘാടനത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശം നല്‍കി, നേതാക്കളുമായി പരിചയം പുതുക്കി, നാടന്‍പാട്ടുകള്‍ പാടിയും സരസമായ തമാശ പറഞ്ഞും കാരണവരെപ്പോലെ നിറഞ്ഞുനില്‍ക്കയാണ് എം കേളപ്പന്‍. കോഴിക്കോട്ടെ സിപിഐ എമ്മിന്റെ കാരണവരായ ഈ നേതാവ് പാര്‍ടികോണ്‍ഗ്രസ് പ്രതിനിധിസമ്മേളന നഗരിയില്‍ സജീവസാന്നിധ്യമാണ്. പ്രായം 84 ആയി. എന്നാല്‍ പ്രായത്തിന്റെ അവശതയും തളര്‍ച്ചയുമൊന്നുമില്ലാതെ ആവേശത്തിലാണ് സഖാവ്. ഇത്തവണ ശാരീരികാവശതകള്‍ കാരണം പാര്‍ടി സംസ്ഥാനകമ്മിറ്റിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒഴിവായതാണ്. പത്തുപാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്ത അനുഭവസമ്പത്തുണ്ട്.

പത്താം പാര്‍ടി കോണ്‍ഗ്രസിലാണ് ആദ്യം പ്രതിനിധിയായത്. 1978-ല്‍ ജലന്ധറിലായിരുന്നു സമ്മേളനം. കോയമ്പത്തൂരില്‍ 19-ാം കോണ്‍ഗ്രസിലും പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കേളപ്പന്‍ 1950-ല്‍ പണിക്കോട്ടി സെല്‍ അംഗമായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തുന്നത്. കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന സഖാവ് അതിന്റെ ഭാഗമായി ജയില്‍വാസവും അനുഭവിച്ചു. കെഎസ്കെടിയു സംസ്ഥാനകമ്മിറ്റി അംഗമാണ്. കന്നൂപൂട്ടു തൊഴിലാളിയായി തുടങ്ങി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും നേതാവുമായ കേളപ്പേട്ടന്‍ സര്‍ഗധനായ കലാകാരനും എഴുത്തുകാരനുമാണ്. നാടന്‍പാട്ടും വടക്കന്‍പാട്ടുകളും ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ എം കെ പണിക്കോട്ടി കേളപ്പനാണെന്നത് സാഹിത്യപണ്ഡിതര്‍ക്കൊന്നും അധികമറിയാത്ത കാര്യമാണ്. ബാലസാഹിത്യമുള്‍പ്പെടെ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘ രൂപീകരണം മുതല്‍ അനുബന്ധപരിപാടികളിലെല്ലാം സജീവമായിരുന്നു. സെമിനാറുകളിലും സംഗമങ്ങളിലുമെല്ലാം പങ്കാളിയായി. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങിയശേഷം ജില്ലാകമ്മിറ്റി ഓഫീസിലെ തന്റെ സ്ഥിരംമുറിയിലാണ് താമസം. വടകരയിലെ വീടുവരെ ദിവസവും യാത്രചെയ്താല്‍ എല്ലാ ദിവസവും സമ്മേളനത്തിനെത്താനായില്ലെങ്കിലോ എന്ന ആശങ്കയില്‍.

deshabhimani 080412

1 comment:

  1. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ദയാഭായ്ക്ക് പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളന നഗരിയില്‍ പ്രവേശിക്കാനായപ്പോള്‍ വേദനകളെല്ലാം മറക്കാനായി. സമ്മേളന നഗറില്‍ പ്രതിനിധികള്‍ക്ക് മാത്രമായി പ്രവേശനം കര്‍ശനമാക്കിയതിനാല്‍ പാര്‍ടി കോണ്‍ഗ്രസ് കാണാന്‍ മാത്രമായി ഗുജറാത്തില്‍ നിന്നെത്തിയ സംഘത്തിന് അകത്തു കയറാന്‍ കഴിയുമായിരുന്നില്ല. കോഴിക്കോട്ടെ ഗുജറാത്തിഭവനില്‍ താമസിച്ചുവരികയായിരുന്ന സംഘത്തിന് സമ്മേളനഗരിയില്‍ പ്രവേശിക്കാന്‍ അനുവാദം വെള്ളിയാഴ്ച ലഭിച്ചതിലുള്ള ആഹ്ലാദവും ആവേശവും സംഘം പങ്കുവച്ചു.

    ReplyDelete