Tuesday, July 17, 2012

ഫ്ളാറ്റ് വാടകയ്ക്ക്; താമസം ആഡംബരവീട്ടില്‍


പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് ചുളുവില്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് ആഡംബര വീടുകളില്‍. നഗരത്തില്‍ മൂന്നും നാലും വീടുള്ള പലര്‍ക്കും ഇന്ന് ഈ ഫ്ളാറ്റുകള്‍ അധിക വരുമാന മാര്‍ഗം. ഫ്ളാറ്റ് സംഘടിപ്പിച്ച മലയാള മനോരമയിലെ 11 പേരില്‍ പത്തും അവിടെ താമസമില്ല. ഇതില്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം ഫ്ളാറ്റ് വാടകക്ക് കൊടുത്ത് പട്ടം എല്‍ഐസി ലെയ്നിലെ ആഡംബര വീട്ടിലാണ് താമസം. പി ടി ചാക്കോ നഗറില്‍ ആദ്യം വാങ്ങിയ ഫ്ളാറ്റ് വിറ്റശേഷമാണ് ഇദ്ദേഹം പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് തരപ്പെടുത്തിയത്. മനോരമയിലെ പി കിഷോറിന് നഗരത്തില്‍ത്തന്നെ ഒന്നിലേറെ ഫ്ളാറ്റുണ്ട്. ജി വിനോദ് ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തശേഷം ഭാര്യ ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനൊപ്പം കുമാരപുരത്ത് സ്വന്തം വീട്ടിലാണ് താമസം. മറ്റൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി പി ജെയിംസിന് ഇടപ്പഴഞ്ഞി സിഎസ്എം നഗറിനു സമീപം സ്വന്തം വീടുണ്ട്. ഹൗസിങ് ബോര്‍ഡിനെ അറിയിക്കാതെ ചട്ടവിരുദ്ധമയാണ് ഇവരെല്ലാം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

 ചട്ടങ്ങള്‍ പാലിക്കാതെയാണ് പേരൂര്‍ക്കടയിലെ ഫ്ളാറ്റുകള്‍ ഭൂരിപക്ഷവും സ്വന്തമാക്കിയതും. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലെന്നും ജില്ലയില്‍ മറ്റു താമസ സൗകര്യങ്ങളില്ലെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഇവരെല്ലാം നല്‍കിയിരുന്നു. അപ്പോള്‍ത്തന്നെ സ്വന്തമായോ ഭാര്യയുടെ പേരിലോ വീടുള്ളവരായിരുന്നു അപേക്ഷകരില്‍ പലരും. വ്യാജ സത്യവാങ്മൂലം നല്‍കി സര്‍ക്കാരിനെയും ഭവന നിര്‍മാണ ബോര്‍ഡിനെയും കബളിപ്പിക്കുകയായിരുന്നു ഇവര്‍. മാധ്യമപ്രവര്‍ത്തകരുടെ സ്വാധീനം ഉപയോഗിച്ച് വായ്പത്തുക എഴുതിത്തള്ളുമെന്ന് ഉറപ്പാക്കിയാണ് പലരും അപേക്ഷ നല്‍കിയതുതന്നെ. മനോരമ, ദീപിക ഗ്രൂപ്പുകളായിരുന്നു ഇതിനു ചരടുവലിച്ചത്. ഫ്ളാറ്റ് സ്വന്തമാക്കിയയുടന്‍ കെഎസ്ഇബി ഫീഡറും കുടിവെള്ള ലൈനും നല്ല റോഡുമെല്ലാം സ്വാധീനമുപയോഗിച്ച് തരപ്പെടുത്തി. കൂടിയ വാടക ഇതുവഴി ഉറപ്പാക്കുകയും ചെയ്തു.

രണ്ടു ബെഡ് റൂം ഫ്ളാറ്റിന് 7.62 ലക്ഷവും മൂന്നു ബെഡ്റൂമിന്റേതിന് 10.28 ലക്ഷവും ആയിരുന്നു വില. പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവനിര്‍മാണ സബ്സിഡി തുകയായ 50,000 രൂപ കിഴിച്ചാണ് വില നിശ്ചയിച്ചത്. ഇത്രയും സൗകര്യങ്ങള്‍ ഈ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍, വിവിധ ജില്ലകളിലായി വര്‍ഷങ്ങള്‍ക്കുമുമ്പ് അപേക്ഷ നല്‍കിയ പലര്‍ക്കും ഇന്നും ഭവനിര്‍മാണ സബ്സിഡി ലഭിച്ചിട്ടില്ല. പലിശയും കൂട്ടുപലിശയുമായി ഇപ്പോള്‍ ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കേണ്ട തുക 25 മുതല്‍ 29 ലക്ഷം വരെ എത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ഈ ഫ്ളാറ്റിന് 45 മുതല്‍ അമ്പതു ലക്ഷം രൂപവരെ വില വരുമെന്ന് കണക്കാക്കുന്നു.


രാഷ്ട്രീയഗൂഢാലോചന അന്വേഷിക്കണം: ഫെഡറേഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൗസിങ് ബോര്‍ഡിന്റെ അനധികൃത ഇളവ് നല്‍കിയതിലെ രാഷ്ട്രീയഗൂഢാലോചന അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു). തീരുമാനം റദ്ദാക്കണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എ സമ്പത്ത് എംപിയും ജനറല്‍സെക്രട്ടറി പി എസ് മനോജും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ബോര്‍ഡാണ് ഇപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായ വായ്പാ ഇളവ് നല്‍കുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്ക് കാലാകാലങ്ങളില്‍ ബോര്‍ഡ് വായ്പ തിരിച്ചടവിന് ഇളവു നല്‍കിയിട്ടുണ്ട്. ആ തരത്തിലുള്ള ഇളവ് നല്‍കുന്നതിന് ഫെഡറേഷന്‍ എതിരല്ല. എന്നാല്‍, ഒരു തവണപോലും തിരിച്ചടവ് നടത്താതെ സ്വന്തം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരുടെ 20 കോടിയോളംവരുന്ന കുടിശ്ശിക എഴുതിത്തള്ളാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. ഇതിന്റെപിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണം. യുഡിഎഫിന് അനുകൂലമായ വാര്‍ത്തകള്‍ പടയ്ക്കുന്നതിന്റെ പ്രത്യുപകാരം ആണിതെന്നും സംശയിക്കുന്നു.

കേരളത്തിലെ പാര്‍പ്പിടപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 1971ല്‍ രൂപംകൊണ്ട ഹൗസിങ് ബോര്‍ഡ് വഴി ഇതിനകം ഏഴു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമുണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികവും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കാണ്. 1996-2001 വര്‍ഷത്തില്‍ മൈത്രി പദ്ധതിക്കാലത്ത് 712 കോടി രൂപയാണ് വായ്പ നല്‍കിയത്. ഭവനപദ്ധതിക്കുള്ള പലിശ മൂലധന സബ്സിഡി യഥാകാലം ബോര്‍ഡിന് ലഭിക്കാത്തതിനാല്‍ ഹഡ്കോയ്ക്കുള്ള വായ്പപോലും യഥാസമയം അടയ്ക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലവും വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാത്തതുമൂലവും കഴിഞ്ഞ 12 വര്‍ഷമായി പുതിയ പദ്ധതികളൊന്നുംതന്നെ ബോര്‍ഡിന് ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധയിനങ്ങളിലായി നിലവില്‍ 650 കോടിയില്‍ അധികം രൂപ ബോര്‍ഡിന് സര്‍ക്കാരില്‍നിന്ന് കിട്ടാനുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.


ആരോപണം ശരിയല്ലെന്ന് ഫ്ളാറ്റ് ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍

പേരൂര്‍ക്കടയില്‍ പത്രപ്രവര്‍ത്തക ഭവനപദ്ധതിപ്രകാരം ഫ്ളാറ്റുകള്‍ അനുവദിച്ചതുസംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റര്‍ എസ് എസ് സതീഷ് അറിയിച്ചു. രണ്ടു കിടപ്പുമുറിയുള്ള 1500 ചതുരശ്രയടിയുടെയും മൂന്ന് ബെഡ്റൂമുള്ള 1700 ചതുരശ്രയടിയുടെയും ഫ്ളാറ്റുകളാണ് എന്നത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. യഥാക്രമം 917.085, 1257.22 എന്നിങ്ങനെയാണ് വിസ്തൃതി. ഒന്നേകാല്‍ലക്ഷം രൂപയല്ല, 2.88 ലക്ഷം രൂപയാണ് തനിക്ക് ആദ്യം അടയ്ക്കേണ്ടിവന്നത്. പ്രതിമാസ തിരിച്ചടവ്12,955 രൂപയായിരുന്നു. രണ്ടുതവണ അടച്ചതായും സതീഷ് അറിയിച്ചു.

deshabhimani 170712

1 comment:

  1. ഹൗസിങ് ബോര്‍ഡിനെ അറിയിക്കാതെ ചട്ടവിരുദ്ധമയാണ് ഇവരെല്ലാം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

    ചട്ടങ്ങള്‍ പാലിക്കാതെയാണ് പേരൂര്‍ക്കടയിലെ ഫ്ളാറ്റുകള്‍ ഭൂരിപക്ഷവും സ്വന്തമാക്കിയതും. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലെന്നും ജില്ലയില്‍ മറ്റു താമസ സൗകര്യങ്ങളില്ലെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഇവരെല്ലാം നല്‍കിയിരുന്നു. അപ്പോള്‍ത്തന്നെ സ്വന്തമായോ ഭാര്യയുടെ പേരിലോ വീടുള്ളവരായിരുന്നു അപേക്ഷകരില്‍ പലരും. വ്യാജ സത്യവാങ്മൂലം നല്‍കി സര്‍ക്കാരിനെയും ഭവന നിര്‍മാണ ബോര്‍ഡിനെയും കബളിപ്പിക്കുകയായിരുന്നു ഇവര്‍. മാധ്യമപ്രവര്‍ത്തകരുടെ സ്വാധീനം ഉപയോഗിച്ച് വായ്പത്തുക എഴുതിത്തള്ളുമെന്ന് ഉറപ്പാക്കിയാണ് പലരും അപേക്ഷ നല്‍കിയതുതന്നെ. മനോരമ, ദീപിക ഗ്രൂപ്പുകളായിരുന്നു ഇതിനു ചരടുവലിച്ചത്. ഫ്ളാറ്റ് സ്വന്തമാക്കിയയുടന്‍ കെഎസ്ഇബി ഫീഡറും കുടിവെള്ള ലൈനും നല്ല റോഡുമെല്ലാം സ്വാധീനമുപയോഗിച്ച് തരപ്പെടുത്തി. കൂടിയ വാടക ഇതുവഴി ഉറപ്പാക്കുകയും ചെയ്തു.

    ReplyDelete