Monday, July 23, 2012

അതിജീവനത്തിന് കരുത്തായി കാസര്‍കോട് പ്രഖ്യാപനം


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് "കാസര്‍കോട് പ്രഖ്യാപനം". എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസവും പരിസ്ഥിതിയുടെ ജൈവ പുനരുജ്ജീവനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ദേശീയ ശില്‍പശാലയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും പ്രദേശങ്ങളുടെയും പുനരധിവാസ, പുനരുജ്ജീവന, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനായി കര്‍മപദ്ധതി പ്രഖ്യാപിച്ചത്.

കാസര്‍കോടിന്റെ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചെറുത്തുനില്‍പ്പുകളും ലോകമാകമാനം എന്‍ഡോസള്‍ഫാന്‍ നിരോധനത്തിലേക്ക് വഴിതെളിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പ്രഖ്യാപനം ഉയര്‍ത്തിപ്പിടിക്കുന്നു. രാസദുരന്തഭൂമിയില്‍ ഉണ്ടാകുന്ന അതിസങ്കീര്‍ണ പ്രശ്നങ്ങള്‍ തരണംചെയ്യാന്‍ മുന്‍ മാതൃകകള്‍ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളും ഭരണകൂടവും സന്നദ്ധ പ്രവര്‍ത്തകരും എല്ലാമടങ്ങുന്ന ജനകീയ കൂട്ടായ്മ വികസിപ്പിച്ചെടുത്തത്. അത് ഇനിയും തുടരുമെന്ന് ശില്‍പശാല പ്രഖ്യാപിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ കീടനാശിനി കാസര്‍കോടിന്റെ മണ്ണിലും മനുഷ്യരിലും ഇതര ജൈവ വൈവിധ്യങ്ങളിലും സൃഷ്ടിച്ച ആഘാതങ്ങള്‍ സങ്കീര്‍ണങ്ങളായ അനുരണനങ്ങളുണ്ടാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളിലെ ജനതയുടെ ആരോഗ്യപ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. ഇത് അഭിമുഖീകരിക്കാന്‍ അനിവാര്യമായ സംവിധാനങ്ങള്‍ ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ദുരന്തത്തിന്റെ സൃഷ്ടിയായ പ്രശ്നങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഭാരം ഏറെ വഹിക്കുന്നത് സ്ത്രീകളാണ്. പലവിധ വൈകല്യങ്ങളോടെ ജനിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. എന്‍ഡോസള്‍ഫാന്‍ ഏല്‍പ്പിച്ച പാരിസ്ഥിതിക ആഘാതങ്ങളില്‍നിന്ന് പ്രകൃതിയെ മോചിപ്പിക്കേണ്ടത് അടിയന്തര കടമയാണെന്ന് പ്രഖ്യാപനം ഉണര്‍ത്തുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ സുസ്ഥിരത എങ്ങനെ കൈവരിക്കാന്‍ കഴിയുമെന്ന അന്വേഷണം പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനാവശ്യമായ കാഴ്ചപ്പാടും കര്‍മപരിപാടികളും ആവിഷ്കരിക്കുന്നതില്‍ പ്രധാന നാഴികക്കല്ലാണ് ശില്‍പശാല.

ജില്ലാ പഞ്ചായത്തും എന്‍പിആര്‍പിഡിയും രണ്ട് ദിവസമായി വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയുടെ സമാപന സമ്മേളനം മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി കാസര്‍കോട് പ്രഖ്യാപന രേഖ അവതരിപ്പിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ലേഖന മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. വികലാംഗക്ഷേമ കോര്‍പറേഷന്‍ എംഡി എ കെ ഷാജി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍, പാദൂര്‍ കുഞ്ഞാമു, മുംതാസ് ഷൂക്കൂര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ബാബു നന്ദിയും പറഞ്ഞു.

deshabhimani 230712

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് "കാസര്‍കോട് പ്രഖ്യാപനം". എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസവും പരിസ്ഥിതിയുടെ ജൈവ പുനരുജ്ജീവനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ദേശീയ ശില്‍പശാലയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും പ്രദേശങ്ങളുടെയും പുനരധിവാസ, പുനരുജ്ജീവന, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനായി കര്‍മപദ്ധതി പ്രഖ്യാപിച്ചത്.

    ReplyDelete