Monday, July 23, 2012
മനേസറിലെ സംഘര്‍ഷം ആസൂത്രിതമെന്ന് മരിച്ച മാനേജരുടെ സഹോദരന്‍
മനേസറിലെ മാരുതി സുസുകി പ്ലാന്റിലുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് സംഘര്‍ഷത്തില്‍ മരിച്ച കമ്പനി ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ അവനീഷ്കുമാര്‍ ദേവിന്റെ സഹോദരന്‍ അവിനാഷ്. അവനീഷും തൊഴിലാളികളും തമ്മില്‍ നല്ല ബന്ധമായിരുന്നു. കൊലപാതകത്തിനായി ചിലര്‍ ആസൂത്രിതമായി സൃഷ്ടിച്ചതാണ് പ്ലാന്റിലെ സംഘര്‍ഷമെന്ന് അവിനാഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായി സൃഷ്ടിച്ചതാണ് മനേസര്‍ സംഘര്‍ഷമെന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ് അവിനാഷിന്റെ വെളിപ്പെടുത്തല്‍.
ഇതിനിടെ, കമ്പനി അധികൃതര്‍ ലോക്കൗട്ട് പ്രഖ്യാപിച്ചു. കമ്പനി അധികൃതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തന്റെ സഹോദരന്‍ നേരത്തേ കമ്പനി വിടാന്‍ ഒരുങ്ങിയിരുന്നതായി അവിനാഷ് പറഞ്ഞു. എന്നാല്‍, രാജിക്ക് മാനേജ്മെന്റ് സമ്മതിച്ചില്ല. തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് അക്രമം. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് അവനീഷ് മരിച്ചതെന്നു വിശ്വസിക്കുന്നില്ല. കൊന്നശേഷം തീയിലേക്ക് എറിഞ്ഞതാണ്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഭയക്കുന്നതായും അവിനാഷ് പറഞ്ഞു.
ബുധനാഴ്ച മനേസറിലെ പ്ലാന്റിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അവനീഷ് മരിച്ചത്. ഒരു തൊഴിലാളിയെ ജാതി വിളിച്ച് സൂപ്പര്‍വൈസര്‍ ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. സൂപ്പര്‍വൈസര്‍ക്കെതിരെ നടപടിയെടുക്കാതെ തൊഴിലാളിയെ സസ്പെന്‍ഡ് ചെയ്തു. തൊഴിലാളികളാണ് അവനീഷിനെ കൊലപ്പെടുത്തിയതെന്ന പ്രചാരണവും മാനേജ്മെന്റ് നടത്തി. എന്നാല്‍, ദീര്‍ഘമായ സമരപാരമ്പര്യമുള്ള മനേസറിലെ തൊഴിലാളികള്‍ ഒരിക്കലും അക്രമം നടത്തിയിട്ടില്ലെന്ന് സിഐടിയു ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മാനേജ്മെന്റ് 2011 ഒക്ടോബറില്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ല. യൂണിയനുമായി ചര്‍ച്ച തുടരുകയായിരുന്നെന്ന് മാരുതി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. സഹപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താതെ കമ്പനിയിലെ നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കില്ല. കമ്പനി ലോക്കൗട്ടില്‍ തന്നെ. പ്ലാന്റ് ഗുജറാത്തിലേക്ക് പറിച്ചുനടാന്‍ പദ്ധതിയില്ലെന്നും ഭാര്‍ഗവ പറഞ്ഞു.
deshabhimani news
Labels:
തൊഴില്‍മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment