Friday, July 6, 2012

വിദേശ നിയമസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കരുത് : സുപ്രീം കോടതി


ഇന്ത്യയില്‍ വിദേശ നിയമസ്ഥാപനങ്ങള്‍ സ്ഥാപിക്കാനോ രജിസ്റ്റര്‍ ചെയ്യാനോ അനുമതി നല്‍കരുതെന്ന് റിസേര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
1973ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്റ്റിലെ 29ാം വകുപ്പ് പ്രകാരം വ്യവഹാരങ്ങള്‍ക്കായി ഇന്ത്യയില്‍ പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നാണ് റിസേര്‍വ് ബാങ്കിന് നല്‍കിയ നിര്‍ദ്ദേശം.

വിദേശ നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്.

നിയമം തൊഴിലാക്കുകയെന്നാല്‍ ഏതു തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണെങ്കിലും 1961ലെ ആഡ്വകറ്റ്‌സ് ആക്റ്റ് പിന്തുടരാന്‍ ബാധ്യസ്ഥരാണെന്ന് നിരവധി വിദേശ നിയമ സ്ഥാവപനങ്ങള്‍ക്കടക്കം നോട്ടീസ് നല്‍കിക്കൊണ്ട് ജസ്റ്റീസ് ആര്‍എം ലോധ, അനില്‍ ആര്‍ ധാവെ എന്നിവര്‍ അറിയിച്ചു. ഇന്ത്യയിലെ കക്ഷികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി വന്നുപോകാവുന്ന അടിസ്ഥാനത്തില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും താത്കാലികമായി  ഇന്ത്യ സന്ദര്‍ശിക്കാമെന്നായിരുന്നു ഹൈകോടതി നിരീക്ഷിച്ചത്. അന്താരാഷ്ട്ര മാദ്ധ്യസ്ഥം വഹിക്കുന്നതിനായി ഇന്ത്യയിലെത്തുന്ന അഭിഭാഷകര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനെതിരെയാണ് ബിസിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈകോടതിയുടെ വിധി ചോദ്യം ചെയ്തില്ലെങ്കില്‍ ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാവുമെന്നും വിദേശ നിയമ സ്ഥാപനങ്ങളുടെ പ്രാദേശിക ഓഫീസുകള്‍ക്ക് അനുമതി നല്‍കിയത് ന്യായീകരിക്കുവാന്‍ ആര്‍ബിഐയ്ക്ക് കഴിയാതെ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിക്കുന്നതെന്ന് ബിസിഐ അറിയിച്ചു. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ അവരുടെ ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വാണിജ്യ ഇടപാടുകളുള്‍പ്പെടെ ലയനം, ഏറ്റെടുക്കല്‍, മാദ്ധ്യസ്ഥം, ഏകീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവ നടത്തിവരുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ അഭിഭാഷകര്‍ ഇന്ത്യന്‍ ഹോട്ടലുകളില്‍ വച്ചാണ് മാദ്ധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും നിയമം അനധികൃതമായി വ്യവഹരിക്കുകയാണെന്നും ബിസിഐ കോടതിയില്‍ വാദിച്ചു.

janayugom 060712

1 comment:

  1. ഇന്ത്യയില്‍ വിദേശ നിയമസ്ഥാപനങ്ങള്‍ സ്ഥാപിക്കാനോ രജിസ്റ്റര്‍ ചെയ്യാനോ അനുമതി നല്‍കരുതെന്ന് റിസേര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
    1973ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്റ്റിലെ 29ാം വകുപ്പ് പ്രകാരം വ്യവഹാരങ്ങള്‍ക്കായി ഇന്ത്യയില്‍ പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നാണ് റിസേര്‍വ് ബാങ്കിന് നല്‍കിയ നിര്‍ദ്ദേശം.

    ReplyDelete