Saturday, July 21, 2012

വില നിയന്ത്രണം നീക്കുന്നു; ഇനി ജീവന്‍രക്ഷാ മരുന്നിനും തീവില


മരുന്നുവിപണി തീവിലയിലേക്ക്. പെട്രോള്‍ കമ്പനികള്‍ക്ക് സമാനമായി വില നിശ്ചയിക്കാന്‍ മരുന്നുല്‍പ്പാദകര്‍ക്ക് അധികാരം നല്‍കണമെന്ന നയരേഖയിലെ നിര്‍ദേശം നടപ്പായാല്‍ അവശ്യ- ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ഇല്ലാതാകും. ഉടന്‍ നടപ്പാക്കാനൊരുങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് പോളിസിയിലാണ് ഈ നിര്‍ദേശം. കഴിഞ്ഞ ഒക്ടോബറില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് തയ്യാറാക്കിയ ഔഷധനയം മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. അവശ്യ-ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കൊള്ളവില ഈടാക്കാനുതകുന്ന വ്യവസ്ഥകള്‍ ഒളിഞ്ഞിരിക്കുന്നതാണ് പുതിയ ഔഷധ നയരേഖ. ഉല്‍പ്പാദനരീതിയുടെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിര്‍ണയിക്കുന്ന നിലവിലെ രീതി മാറി ഉല്‍പ്പാദനച്ചെലവ് ആധാരമാക്കി വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം ലഭിക്കും.

1977ല്‍ പാര്‍ലമെന്റ് പാസാക്കിയ വിലനയം അനുസരിച്ചാണ് വില നിശ്ചയിച്ചിരുന്നത്. മൂന്നു കാറ്റഗറിയായി തിരിച്ചാണ് വില കണക്കാക്കല്‍. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായാണ് കാറ്റഗറിയും വിലയും നിശ്ചയിക്കുന്നത്. 2002ലാണ് രാജ്യത്ത് ഔഷധമേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. തുടര്‍ന്ന് അവശ്യ- ജീവന്‍രക്ഷാമരുന്നുകളുടെ പട്ടിക ചുരുക്കാനും വിലനിയന്ത്രണം എടുത്തുകളയാനും തീരുമാനിച്ചപ്പോള്‍ ചില ഉപഭോക്തൃസംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ മരുന്നുകളുടെ പട്ടിക പുതുക്കി സാധാരണക്കാര്‍ക്ക് ലഭ്യത ഉറപ്പാക്കണമെന്ന് വിധിയുണ്ടായി.

2011ല്‍ 348 മരുന്നുകളുടെ ദേശീയപട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ലഭ്യത ഉറപ്പാക്കണമെന്ന കോടതിനിര്‍ദേശം തെറ്റായി വ്യാഖ്യാനിച്ചാണ് പുതിയ വിലനിര്‍ണയ നയം പ്രഖ്യാപിച്ചത്. ലാഭം ലഭിക്കാത്തതിനാല്‍ കമ്പനികള്‍ ഇത്തരം മരുന്ന് ഉല്‍പാദിപ്പിക്കുന്നില്ലെന്നും വില നിയന്ത്രണം ഇളവ്ചെയ്ത് വിദേശകമ്പനികളെയടക്കം പ്രോത്സാഹിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ലോകവ്യാപാരസംഘടനയുടെ താല്‍പര്യപ്രകാരം ആവിഷ്കരിച്ച ബൗദ്ധിക സ്വത്തവകാശം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുകയാണ് കേന്ദ്രനീക്കം. ചില നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം നിര്‍ബന്ധിതമാക്കുന്നതോടെ ജീവന്‍രക്ഷാ- അവശ്യ മരുന്ന് കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന രീതി കാലഹരണപ്പെടും. ഇതോടൊപ്പം പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്ന് ഗുണമേന്മ വര്‍ധിപ്പിച്ചെന്ന വാദവുമായി വിലകൂട്ടി വില്‍ക്കാനുള്ള സുസ്ഥിര പേറ്റന്റ് രീതിയും നടപ്പാകുമെന്ന് ആശങ്കയുണ്ട്.
(സതീഷ് ഗോപി)

deshabhimani 210712

1 comment:

  1. മരുന്നുവിപണി തീവിലയിലേക്ക്. പെട്രോള്‍ കമ്പനികള്‍ക്ക് സമാനമായി വില നിശ്ചയിക്കാന്‍ മരുന്നുല്‍പ്പാദകര്‍ക്ക് അധികാരം നല്‍കണമെന്ന നയരേഖയിലെ നിര്‍ദേശം നടപ്പായാല്‍ അവശ്യ- ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ഇല്ലാതാകും. ഉടന്‍ നടപ്പാക്കാനൊരുങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് പോളിസിയിലാണ് ഈ നിര്‍ദേശം. കഴിഞ്ഞ ഒക്ടോബറില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് തയ്യാറാക്കിയ ഔഷധനയം മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. അവശ്യ-ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കൊള്ളവില ഈടാക്കാനുതകുന്ന വ്യവസ്ഥകള്‍ ഒളിഞ്ഞിരിക്കുന്നതാണ് പുതിയ ഔഷധ നയരേഖ. ഉല്‍പ്പാദനരീതിയുടെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിര്‍ണയിക്കുന്ന നിലവിലെ രീതി മാറി ഉല്‍പ്പാദനച്ചെലവ് ആധാരമാക്കി വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം ലഭിക്കും

    ReplyDelete