Saturday, July 7, 2012

പൊലീസ് ക്യാമ്പില്‍ പി മോഹന് ക്രൂരപീഡനം


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹന് ക്രൂരപീഡനം. ഒമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മോഹനനെ സന്ദര്‍ശിച്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പത്ത് എംഎല്‍എമാര്‍ക്കും സിപിഐ എം നേതാക്കള്‍ക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ഭീകരമായ മാനസിക പീഡനമാണ് ഉണ്ടാകുന്നതെന്നും വൃത്തികെട്ട പദങ്ങള്‍ ഉപയോഗിച്ചാണ് പൊലീസുകാര്‍ ചോദ്യം ചെയ്യുന്നതെന്നും പി മോഹനന്‍ എംഎല്‍എമാരോട് പറഞ്ഞു.

നിയമസഭാ അംഗമായ ഭാര്യ കെ കെ ലതിക എംഎല്‍എയെയും മക്കളെയും ബന്ധപ്പെടുത്തി അങ്ങേയറ്റം നെറികെട്ട കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പി മോഹനനോട് പറയുന്നതെന്ന് എംഎല്‍എമാരുടെ സംഘത്തിന് നേതൃത്വം നല്‍കിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീമും ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വടകര പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ മോശമായ സാഹചര്യത്തിലാണ് പി മോഹനനെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ഷൗക്കത്തലി. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന ഷൗക്കത്തലി കസ്റ്റഡിയിലെടുക്കുന്നവരെ ഹീനമായാണ് പീഡിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പൊലീസ് നീക്കങ്ങള്‍. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാനും അതുവഴി സിപിഐ എമ്മിനെ തകര്‍ക്കാനുമുള്ള ആയുധമാക്കി ചന്ദ്രശേഖരന്‍ വധത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉപയോഗിക്കുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. നിയമസഭയില്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തിയായി പോരാടുന്ന നേതാവാണ് കെ കെ ലതിക. നിയമസഭക്കകത്തു തന്നെ ഇതിലുള്ള അസഹിഷ്ണുത തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ലതികയോടുള്ള പ്രതികാരം രാഷ്ട്രീയ ആയുധമാക്കുന്ന തിരുവഞ്ചൂരിന്റെ നിലപാട് ശരിയല്ലെന്നും ഇ പി പറഞ്ഞു.

പി മോഹനന്‍ ആവശ്യമായ ഭക്ഷണം കഴിക്കുന്നുവെന്നും സുഖമായി ഉറങ്ങുന്നുവെന്നുമാണ് മനോരമ പറയുന്നത്. എന്നാല്‍ ലോക്കപ്പ് മുറിയില്‍ അടച്ചിട്ട മോഹനന്‍ തറയിലാണ് കിടന്നുറങ്ങുന്നത്. ഇനിയെങ്കിലും മാധ്യമങ്ങള്‍ നീചമായ പ്രചാരണത്തില്‍ നിന്ന് പിന്മാറണമെന്നും എളമരം കരീം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സതീദേവി, എന്‍ കെ രാധ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശനിയാഴ്ച വൈകിട്ട് എംഎല്‍എമാരും നേതാക്കളും പ്രത്യേക അന്വേഷണ സംഘത്തിന്റെ വടകര പുതുപ്പണത്തെ ക്യാമ്പ് ഹൗസിലാണ് മോഹനനെ കാണാന്‍ ആദ്യം എത്തിയത്. എഐജി അനൂപ് കുരുവിളയുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തി. വടകര പൊലീസ് സ്റ്റേഷനിലാണ് മോഹനനെ പാര്‍പ്പിച്ചതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി ഏഴോടെ എംഎല്‍എമാരും നേതാക്കളും സ്റ്റേഷനിലെത്തി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, ജെയിംസ് മാത്യു, കെ കെ ലതിക, കെ ദാസന്‍, എം കുഞ്ഞമ്മദ്, പുരുഷന്‍ കടലുണ്ടി, സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

ലതികയെ പ്രതിയാക്കുമെന്ന് ഭീഷണി: പിണറായി

കല്‍പ്പറ്റ: ഭാര്യ കെ കെ ലതിക എംഎല്‍എയെ പ്രതിചേര്‍ക്കുമെന്നു പറഞ്ഞ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ ഭീഷണി കേട്ട് മോഹനന്‍ പൊലീസിന്റെ കാല്‍ക്കല്‍ വീഴുമെന്ന് ധരിക്കരുത്. അദ്ദേഹത്തെപ്പോലൊരു നേതാവിനെ ഇത്തരം തറവേലകള്‍കൊണ്ട് തളര്‍ത്താമെന്ന് കരുതുന്നത് വെറും വ്യാമോഹമാണെന്നും പിണറായി പറഞ്ഞു. വയനാട്ടില്‍ പൂതാടി പഞ്ചായത്തിലെ ആദിവാസി ഭൂസമരകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് കസ്റ്റഡിയിലുള്ള മോഹനന്‍, ടി പി വധത്തില്‍ പാര്‍ടിയുടെ ഉന്നതനേതാക്കള്‍ക്കു പങ്കുണ്ടെന്ന് പറഞ്ഞതായ കള്ളക്കഥകളാണ് മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. പ്രക്ഷോഭം നടത്തുന്നവരെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാമെന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വ്യാമോഹമാണ്. കള്ളകേസെടുക്കല്‍ അഭ്യന്തരവകുപ്പിന് ഹരമാണിപ്പോള്‍. ഉമ്മന്‍ചാണ്ടിയുടെ മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. തിരുവഞ്ചൂര്‍ അഭ്യന്തരവകുപ്പ് ഏറ്റെടുത്തതോടെ നിരവധി വ്യക്തികള്‍ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

നേതാക്കള്‍ക്കെതിരെ മൊഴിനല്‍കാന്‍ അന്ത്യശാസനം

വടകര: ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഐ എം സംസ്ഥാന നേതാക്കളാണ് നിര്‍ദേശിച്ചതെന്ന് രണ്ടു ദിവസത്തിനകം മൊഴി നല്‍കണമെന്ന് പി മോഹന് ഡിവൈഎസ്പി ഷൗക്കത്തലിയുടെ അന്ത്യശാസനം. കേസില്‍ തനിക്ക് ബന്ധമില്ലെന്നും ഇതു സംബന്ധിച്ച് അറിയാത്ത കാര്യങ്ങള്‍ പറയില്ലെന്നും ഉറച്ചുനിന്ന മോഹനനോട്, നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കടുത്ത ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഷൗക്കത്തലി മുന്നറിയിപ്പ് നല്‍കി. താന്‍ ഇതുവരെ കാണാത്ത പന്ത്രണ്ട് പേരടങ്ങുന്ന പൊലീസ് സംഘം വളഞ്ഞിട്ട് മണിക്കൂറുകളോളം പീഡിപ്പിച്ചെന്ന് മോഹനന്‍ എംഎല്‍എമാരോട് പറഞ്ഞു.

deshabhimani 080712

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹന് ക്രൂരപീഡനം. ഒമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മോഹനനെ സന്ദര്‍ശിച്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പത്ത് എംഎല്‍എമാര്‍ക്കും സിപിഐ എം നേതാക്കള്‍ക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ഭീകരമായ മാനസിക പീഡനമാണ് ഉണ്ടാകുന്നതെന്നും വൃത്തികെട്ട പദങ്ങള്‍ ഉപയോഗിച്ചാണ് പൊലീസുകാര്‍ ചോദ്യം ചെയ്യുന്നതെന്നും പി മോഹനന്‍ എംഎല്‍എമാരോട് പറഞ്ഞു.

    ReplyDelete