Friday, July 6, 2012

ക്രമക്കേട് നടത്തിയവര്‍ക്ക് റേഷന്‍ ഹോള്‍സെയില്‍ ലൈസന്‍സ്


ക്രമക്കേടുകളുടെ പേരില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്  സസ്‌പെന്റ് ചെയ്ത റേഷന്‍മൊത്ത വ്യാപാരശാലകള്‍ തിരിച്ചുനല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനം.കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ മുന്‍കൈ എടുത്ത് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സസ്‌പെന്റ് ചെയ്യപ്പെട്ട നാല്‍പതോളം റേഷന്‍ മൊത്ത വ്യാപാരശാലകളുടെ ലൈസന്‍സാണ് പുനസ്ഥാപിച്ച് നല്‍കുന്നത്.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കിയത്.
പൊതുജനങ്ങള്‍ക്കായി നല്‍കാന്‍ അനുവദിച്ച  ഗോതമ്പ് വിതരണത്തില്‍ ക്രമക്കേട് നടത്തിയതിന് 2005 ല്‍ സസ്‌പെന്റ് ചെയ്ത ഇടുക്കിയിലെ 12 മൊത്ത വ്യാപാരശാലകളില്‍ ഒമ്പതെണ്ണം നല്‍കാനാണ് സിവില്‍സപ്‌ളൈസ് വകുപ്പിന്റെ തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് ലൈസന്‍സികള്‍ തിരിച്ചുനല്‍കുന്നത്.

വര്‍ഷങ്ങളായി തീരുമാനമാകാതെ കിടന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ സഹായത്തോടെയാണ് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുകള്‍ കരസ്ഥമാക്കിയതെന്നാണ് സൂചന. റേഷന്‍ മൊത്തവ്യാപാരികള്‍ നല്‍കിയ അപ്പീല്‍കേസുകളില്‍ സര്‍ക്കാരിന്റെ വാദം അവതരിപ്പിക്കേണ്ട ഗവ. പ്ലീഡര്‍മാര്‍ അലംഭാവം കാട്ടിയതോടെയാണ് അനുകൂലമായ വിധികരസ്ഥമാക്കാന്‍ കഴിഞ്ഞത്.കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാക്കളും പാര്‍ട്ടി അനുഭാവികളായ ഹൈക്കോടതിയിലെ രണ്ട് സീനിയര്‍ പഌഡര്‍മാരും റേഷന്‍ മൊത്തവ്യാപാരികളുടെ ഫെഡറേഷന്റെ കോട്ടയത്ത് നിന്നുള്ള നേതാവും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുകള്‍ ലഭ്യമായിരിക്കുന്നത്.
ലൈസന്‍സ് തിരികെ ലഭ്യമാക്കുന്നതിന്റെ പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് സൂചന. അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിതമായാണ് ലൈസന്‍സികള്‍ പുനസ്ഥാപിക്കാന്‍ നീക്കം നടത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് യു ഡി എഫ് അനുവദിച്ചിരിക്കുന്ന മൂന്ന് ഗവ. പഌഡര്‍മാരെയും എറണാകുളത്താണ് നിയമിച്ചിരിക്കുന്നത്. രണ്ട് പേരെ ഹൈക്കോടതിയിലും ഒരാളെ ജില്ലാകോടതിയിലുമാണ് നിയമിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ സീനിയര്‍ ഗവ.പഌഡര്‍മാരാണ്. പാര്‍ട്ടി ചെയര്‍മാന്റെ അറിവോട് കൂടിയാണ് നീക്കങ്ങളെന്നാണ് കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒലവക്കോട് എഫ് സി ഐ ഗോഡൗണില്‍ നിന്ന് വിതരണത്തിനായി നല്‍കിയ 34 ലോഡ് ഗോതമ്പില്‍ 29 ലോഡ് ഇടുക്കിയിലെയും കോട്ടയത്തെയും മൊത്തവിതരണക്കാര്‍ ക്രമക്കേട് നടത്തിയതായാണ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇടുക്കിയില്‍ മൂലമറ്റം, തൊടുപുഴ, തടിയമ്പാട്,അടിമാലി, മൂന്നാര്‍, ഉടുമ്പന്‍ചോല, കട്ടപ്പന, ചിന്നക്കനാല്‍, ആനച്ചാല്‍,പണിയക്കര, പീരുമേട്,കൂട്ടിക്കാനം,  എന്നിവിടങ്ങളിലെ മൊത്തവ്യാപാരകേന്ദ്രങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയിരുന്നത്. ഇതില്‍ തൊടുപുഴയിലെ ലൈസന്‍സി ഗോപാലകൃഷ്ണന്‍ 2005 ല്‍ തന്നെ കോടതിയെ സമീപിക്കുകയും ജില്ലാകലക്ടര്‍ പരിശോധിച്ച ശേഷം ലൈസന്‍സ് പുനസ്ഥാപിക്കുന്നത് പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലൈസന്‍സി മാത്രമാണ് പുനസ്ഥാപിക്കപ്പെട്ടത്. ഇതേ  മാതൃക ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ അനൂകൂല വിധി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയതോടെ വീണ്ടും കരിഞ്ചന്ത മാഫിയ രംഗത്ത് വരുകയും അനൂകൂല വിധി നേടുകയുമായിരുന്നു. വിജിലന്‍സിന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയാണ് കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെടുത്തിരിക്കുന്നത്. വിജിലന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ ഫോട്ടോകോപ്പി ഉപയോഗിച്ച് ജൂലൈ 31 ന് മുമ്പായി ലൈസന്‍സുകള്‍ തിരികെ നല്‍കാനാണ് ഹൈക്കോടതി ഉത്തരവ്.ഹൈക്കോടതി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ക്രമക്കേടിന്റെ പേരില്‍ റദ്ദാക്കിയ ലൈസന്‍സികളെല്ലാം പുനസ്ഥാപിക്കാനാണ് നീക്കം.

ഇപ്പോള്‍ നല്‍കിയിരിക്കുന്ന ലൈസന്‍സികള്‍ റദ്ദാക്കികൊണ്ട് പഴയ ഉടമകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ സിവില്‍ സപ്‌ളൈസ് ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയ ലൈസന്‍സികള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ രാഷ്ട്രിയ ഉദ്യോഗസ്ഥലോബിയിലൂടെ കോടികളുടെ അഴിമതിയാണ് അണിയറയില്‍ നടക്കുന്നതെന്നാണ് സൂചന.
 (ജലീല്‍ അരുക്കുറ്റി)

janayugom 060712

1 comment:

  1. ക്രമക്കേടുകളുടെ പേരില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സസ്‌പെന്റ് ചെയ്ത റേഷന്‍മൊത്ത വ്യാപാരശാലകള്‍ തിരിച്ചുനല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനം.കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ മുന്‍കൈ എടുത്ത് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സസ്‌പെന്റ് ചെയ്യപ്പെട്ട നാല്‍പതോളം റേഷന്‍ മൊത്ത വ്യാപാരശാലകളുടെ ലൈസന്‍സാണ് പുനസ്ഥാപിച്ച് നല്‍കുന്നത്.

    ReplyDelete