Monday, July 8, 2013

വ്യാജരേഖയുമായി തിരുവഞ്ചൂര്‍; സഭയില്‍ പ്രതിഷേധം ശക്തം

സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തായ സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി. കളവു പറഞ്ഞും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകള്‍ ഉയര്‍ത്തിയും മുഖ്യമന്ത്രിയും കൂട്ടരും ഉരുണ്ടുകളിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ വേദിക്കു മുന്നിലെത്തി. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ ഉച്ചയോടെ നിര്‍ത്തിവച്ചു.

സരിത തട്ടിപ്പില്‍പ്പെട്ട പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ റാന്നി മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉള്ളടക്കം ആര്‍ക്കും അറിയില്ലെന്നും ന്യായം പറഞ്ഞ് തടിതപ്പാനായിരുന്നു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രമം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം  നടുത്തളത്തിലിറങ്ങി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കര്‍ സഭാ നടപടികള്‍ താല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഒരു മണിക്കൂറിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ പ്രതിപക്ഷത്തിനെതിരെ ആഭ്യന്തര മന്ത്രി ഉയര്‍ത്തിക്കാട്ടിയ ഒരു രേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പ്രതിപക്ഷനിര ഒന്നടങ്കം പ്രതിക്ഷേധവുമായി ഇളകി മറിയുകയായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരും സരിത നായരുടെ കറക്ക് കമ്പനിയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമായിരുന്നു തിരുവഞ്ചൂരിന്റേത്. പഴയൊരു ഇംഗ്ലീഷ് പത്രത്തിന്റെ ഫോട്ടോ കോപ്പിയാണ് മന്ത്രി സഭയില്‍ കൊണ്ടുവന്നത്. അത് സര്‍ക്കാര്‍ പരസ്യമല്ലെന്ന് പ്രതിപക്ഷം സ്പീക്കറെ ബോധ്യപ്പെടുത്തുകയും മന്ത്രിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിക്ഷേധിക്കുകയും ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദ്‌ചെയ്ത് ധനവിനിയോഗ ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കി സഭ പിരിഞ്ഞതായും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് കേസന്വേഷണം നടത്തുകയാണ് വേണ്ടതെന്നും സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ശ്രീധരന്‍ നായരുമായി ചര്‍ച്ചനടത്തിയത് മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ പങ്കുള്ള മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കാതെ കേസ് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പുറത്തുകൊണ്ടുവരുന്ന സത്യം ആരും അറിയാതിരിക്കുന്നതിനു വേണ്ടിയാണ് സഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ പൊതുജനത്തെ വിലക്കിയത്. പരാതി കൊടുക്കുന്നവരെ ജയിലില്‍ ഇടുന്ന നയമാണ് ആഭ്യന്തര വകുപ്പ് മന്ത്രി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിഴലായി അറിയപ്പെടുന്ന ജോപ്പന്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആളായിട്ടും അയാള്‍ക്കെതിരെ ഇതുവരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അതും ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം കോടിരൂപയുടെ തട്ടിപ്പ് സോളാര്‍ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനും തട്ടിപ്പുമായി പങ്കുണ്ട്. തട്ടിപ്പിലൂടെ കോടികള്‍ വിഹിതമായി കൈക്കലാക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ജൂണ്‍ 25ന് സഭയില്‍ അറിയിക്കാന്‍ ആരംഭിച്ചതോടെ സ്പീക്കര്‍ മൈക്ക് ഓഫാക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ താന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവരുന്നത്. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വി എസ് ആവര്‍ത്തിച്ചു.

ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശാലുമേനോന്റെ വീട്ടില്‍ താന്‍ പോയതായി അദ്ദേഹം സഭയില്‍ സമ്മതിച്ചു. എന്നാല്‍ ശാലുമേനോനെ സഹായിക്കാന്‍ ശ്രമിച്ചിട്ടില്ല. ചങ്ങനാശേരിയില്‍ നിന്നും അറസ്റ്റു ചെയ്ത ശാലുവിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയെങ്കിലും രാത്രി എട്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതുവരെ ഏതൊരു വ്യക്തിക്കും സ്വകാര്യ വാഹനം ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഒരുചാനലില്‍ ശ്രീധരന്‍നായരുടെ തുടര്‍ച്ചയായുള്ള അഭിമുഖങ്ങള്‍ വരുന്നതില്‍ ദുരൂഹതയുള്ളതായും മന്ത്രി പറഞ്ഞു.

ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പിന്നീട് എഴുതിചേര്‍ത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീധരന്‍ നായരെ തനിക്ക് അറിയാമെന്നും അത് ക്വാറി അസോസിയേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കും. സി ബി ഐ അന്വേഷണം നടത്തണമോയെന്ന് സര്‍ക്കാര്‍ ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം  പ്രതിപക്ഷം നിയമസഭയില്‍ ശക്തമാക്കിയതോടെ കഴിഞ്ഞ രണ്ടാഴ്ചക്കാലം സഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. മുഖ്യമന്ത്രിക്ക് തട്ടിപ്പുമായുള്ള ബന്ധത്തെ ദൃഢമാക്കുന്ന തെളിവുകള്‍ ഓരോദിവസവും പുറത്തുവരുന്നതിനിടെയാണ് ഇന്നലെ സഭ പുനരാരംഭിച്ചത്. പ്രതിപക്ഷ  അംഗങ്ങള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനും ശാലുമേനോനും ഒരുമിച്ച് നില്‍ക്കുന്ന വിവിധ  പോസ്റ്ററുകളുമായാണ് സഭയിലെത്തിയത്.

janayugom

No comments:

Post a Comment