Monday, July 8, 2013

ഭരണം നിശ്ചലം; ജീവിതം ദുസ്സഹം

സോളാര്‍ തട്ടിപ്പ് വിവാദം മന്ത്രിസഭയെ ഉലയ്ക്കുന്നതിനിടെ ഭരണം നിശ്ചലം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ശൂന്യമാണ്. മന്ത്രിമാര്‍ ഓഫീസിലെത്തുന്നില്ല. ചര്‍ച്ചകളും അവലോകന യോഗങ്ങളും ഇല്ല. ഉദ്യോഗസ്ഥവൃന്ദവും ഇതോടെ നിഷ്ക്രിയത്വത്തിലായി. പൊള്ളുന്ന വിലയില്‍ കുടുംബ ബജറ്റുകള്‍ താളംതെറ്റുകയാണ്. മരുന്നും ഡോക്ടറുമില്ലാത്ത ആശുപത്രികള്‍. ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണ്. പൊതുവിതരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല. കരിഞ്ചന്തയും പൂര്‍ത്തിവയ്പും തകൃതിയായി നടക്കുന്നു. പരിശോധനകള്‍ പേരിനുപോലുമില്ല.

അരിവില 40 രൂപയിലെത്തി. മാവേലി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡിന്റെ വിപണനകേന്ദ്രങ്ങളും കാലിയായി. നിത്യോപയോഗ സാധനങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും. മുളക് 90, ചെറുപയര്‍ 72, കടല 100, ഉഴുന്ന് 72, പഞ്ചസാര 36, വന്‍പയര്‍ 80 എന്നിങ്ങനെയാണ് വിലയുടെ കുതിച്ചുപോക്ക്. റെക്കോഡ് വിലക്കയറ്റത്തിലാണ് പച്ചക്കറി വിപണിയും. തക്കാളി 80, പയര്‍ 80, ഉള്ളി 70, ഏത്തക്കായ 46, ഇഞ്ചി 180 എന്നിങ്ങനെ പോകുന്നുകഴിഞ്ഞ ദിവസത്തെ വില. കേരളത്തില്‍ വിലനിയന്ത്രണം പാളുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. 20 സംസ്ഥാനങ്ങളിലെ ഉപഭോക്തൃ വിലസൂചിക ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിച്ചപ്പോള്‍ കേരളം 11-ാം സ്ഥാനത്താണ്. എല്‍ഡിഎഫ് ഭരണകാലത്ത് കേരളം തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തായിരുന്നു.

കാലവര്‍ഷക്കെടുതി രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ മുഖംതിരിക്കുന്നു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണമോ വൈദ്യസഹായമോ ലഭിക്കുന്നില്ല. കുട്ടനാട് അടക്കമുള്ള പ്രളയമേഖലകളില്‍ മന്ത്രിമാര്‍ ഇടപെടുന്നില്ല. ട്രോളിങ് നിരോധനം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനില്ല. കാല്‍ ലക്ഷം കുടുംബങ്ങളാണ് ദുരിതത്തിലായത്. പനി ശമനമില്ലാതെ തുടരുമ്പോള്‍ മരുന്നും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാതെ വലയുകയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ശനിയാഴ്ച മാത്രം 17,038 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. 53 പേര്‍ക്ക് ഡെങ്കിപ്പനിയാണ്. ദേശീയപാത അടക്കമുള്ള റോഡുകള്‍ തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. അറ്റകുറ്റപ്പണിയും നടക്കുന്നില്ല. സ്പെയര്‍പാര്‍ട്സ് വാങ്ങല്‍ മുടങ്ങിയതുമൂലം കെഎസ്ആര്‍ടിസിയില്‍ ഏകദേശം 1200 ബസാണ് സര്‍വീസ് മുടക്കിയിരിക്കുന്നത്.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment