Thursday, April 7, 2011

ജമാ അത്തെ ഇസ്ളാമി വിവാദം കാറ്റുപോയ ബലൂണ്‍

പ്രചാരണം അവസാനഘട്ടത്തിലേക്ക് കുതിക്കുമ്പോള്‍ അജന്‍ഡ മാറ്റാന്‍ വലതുപക്ഷം കെട്ടിയിറക്കിയ ജമാ അത്തെ ഇസ്ളാമി വിവാദം കാറ്റുപോയ ബലൂണായി. ഒപ്പം യുഡിഎഫിനെ തിരിഞ്ഞുകുത്തുന്ന ബൂമറാങ്ങും. ബിജെപി-എല്‍ഡിഎഫ് ധാരണയെന്ന ആക്ഷേപമായിരുന്നു ആദ്യം കോണ്‍ഗ്രസും മാനസപത്രങ്ങളും പ്രചരിപ്പിച്ചത്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ ബിജെപി സ്ഥാനാര്‍ഥിയില്ലെന്ന് ആരോപിച്ചും ബിജെപി സഖ്യസ്ഥാനാര്‍ഥി മത്സരിക്കുന്നത് മറച്ചുവച്ചുമാണ് ബേപ്പൂര്‍-വടകര സഖ്യക്കാര്‍ ഈ നുണപ്പടക്കം പൊട്ടിച്ചത്. അത് പൊളിഞ്ഞപ്പോഴാണ് ജമാ അത്തെയുടെ പേരിലെ പുതിയ കള്ളക്കഥ. യുഡിഎഫിന്റെ വിഷയദാരിദ്ര്യം തെളിയിക്കുന്നതായി ഈ കള്ളക്കഥ.

ജമാ അത്തെ ഇസ്ളാമി കേരള അമീര്‍ ടി ആരിഫ് അലി ആലപ്പുഴ ഗസ്റ് ഹൌസില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ കണ്ടതിന്റെപേരില്‍ ആശയക്കുഴപ്പത്തിന്റെ ഭൂകമ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇത്തരം കൂടിക്കാഴ്ച അസാധാരണ സംഭവമല്ല. ഭരണ-പ്രതിപക്ഷ കാലഘട്ടങ്ങളില്‍ യുഡിഎഫ് നേതാക്കളെ കണ്ട കാര്യം ജമാ അത്ത് നേതൃത്വം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. കെപിസിസി സെക്രട്ടറി എം ഐ ഷാനവാസുമായുള്ള ചര്‍ച്ചയില്‍ കഥയില്ലെന്ന് ചിത്രീകരിച്ചതിനുള്ള മറുപടിയായാണ് ഒന്നാംനിരക്കാരുമായി നടത്തിയ ചര്‍ച്ചക്കാര്യം വെളിപ്പെടുത്തിയത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 200 മണ്ഡലങ്ങളില്‍ ജമാ അത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ആന്റണിയുമായും ഉമ്മന്‍ചാണ്ടിയുമായും ജമാ അത്തെ നേതാക്കള്‍ ചര്‍ച്ചനടത്തിയപ്പോഴൊക്കെ വിവാദ-അപവാദ വ്യവസായം തുറന്നിരുന്നില്ല വലതുപക്ഷ മാധ്യമങ്ങള്‍. ഇപ്പോള്‍ സ്വന്തം വിവാദശിശുവിന്റെ അകാലമരണത്തില്‍ അനുശോചിക്കാനാകാത്ത ഗതികേടിലാണ് ഈ മാധ്യമങ്ങള്‍.

ജമാ അത്ത് നേതൃത്വം പിണറായിയെ കണ്ട് നിലപാട് വ്യക്തമാക്കിയതിനെ, അസാധാരണ കാര്യമായി ഇടതുപക്ഷനേതൃത്വം വിലയിരുത്തുന്നില്ല. അവരുമായി രാഷ്ട്രീയസഖ്യമില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും പിണറായിയെ കണ്ടതില്‍ അസാധാരണമായി ഒന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡിയും സി കെ ചന്ദ്രപ്പനും വ്യക്തമാക്കിയത്. മതനിരപേക്ഷതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് കള്ളക്കളിയില്ലെന്ന് പിണറായിയും ചൂണ്ടിക്കാട്ടി. അതോടെ ഇടതുപക്ഷ നേതൃനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു. ജമാ അത്തെ നേതാക്കള്‍ കാണുകയും അവരുടെ നിലപാട് അവരും തന്റെ പാര്‍ടി നിലപാട് താനും വിശദമാക്കി പിരിഞ്ഞെന്നാണ് പിണറായി അറിയിച്ചത്.

എന്നാല്‍, ജമാഅത്തെ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ടിക്ക് സംരക്ഷണം നല്‍കാമെന്ന് പിണറായി ഏറ്റെന്നും അതിന് പ്രത്യുപകാരമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചെന്നുമുള്ള നുണയ്ക്ക് മനോരമ മഷിപുരട്ടി. നിലവിലുള്ള മുന്നണികള്‍ക്ക് ബദലായ പാര്‍ടിയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അതേപ്പറ്റി തീരുമാനം എടുക്കാതിരിക്കെ തങ്ങളെ ഇക്കാര്യത്തില്‍ എതിര്‍ക്കുന്ന പിണറായിയുമായി ചര്‍ച്ച നടത്തിയെന്ന കഥ ചിരിക്കാന്‍മാത്രം വകയുള്ളതാണെന്നുമാണ് ജമാ അത്തെയുടെ പ്രതികരണം. പാണക്കാട് ശിഹാബ് തങ്ങളെ നിരീക്ഷിക്കാന്‍ തങ്ങളുടെ കാര്‍ഡ്രൈവറെ കൈക്കൂലികൊടുത്ത് വിലയ്ക്കെടുത്തെന്ന ആക്ഷേപത്തിന് വിധേയനായ കുഞ്ഞാലിക്കുട്ടി ജമാ അത്തെ ഇസ്ളാമിയിലെ ചിലരെ വിലയ്ക്കെടുത്തിരുന്നെന്നും തുടര്‍സംഭവങ്ങള്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം ഒരു ജമാ അത്തെ നേതാവ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ജമാ അത്തെ ബന്ധത്തിന്റെ പേരിലുള്ള കോലാഹലം. പക്ഷേ, കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയുള്ള ഈ അസംബന്ധപ്രചാരണവും കരിഞ്ഞുപോയി.

ആര്‍ എസ് ബാബു ദേശാഭിമാനി 070411

1 comment:

  1. പ്രചാരണം അവസാനഘട്ടത്തിലേക്ക് കുതിക്കുമ്പോള്‍ അജന്‍ഡ മാറ്റാന്‍ വലതുപക്ഷം കെട്ടിയിറക്കിയ ജമാ അത്തെ ഇസ്ളാമി വിവാദം കാറ്റുപോയ ബലൂണായി. ഒപ്പം യുഡിഎഫിനെ തിരിഞ്ഞുകുത്തുന്ന ബൂമറാങ്ങും. ബിജെപി-എല്‍ഡിഎഫ് ധാരണയെന്ന ആക്ഷേപമായിരുന്നു ആദ്യം കോണ്‍ഗ്രസും മാനസപത്രങ്ങളും പ്രചരിപ്പിച്ചത്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ ബിജെപി സ്ഥാനാര്‍ഥിയില്ലെന്ന് ആരോപിച്ചും ബിജെപി സഖ്യസ്ഥാനാര്‍ഥി മത്സരിക്കുന്നത് മറച്ചുവച്ചുമാണ് ബേപ്പൂര്‍-വടകര സഖ്യക്കാര്‍ ഈ നുണപ്പടക്കം പൊട്ടിച്ചത്. അത് പൊളിഞ്ഞപ്പോഴാണ് ജമാ അത്തെയുടെ പേരിലെ പുതിയ കള്ളക്കഥ. യുഡിഎഫിന്റെ വിഷയദാരിദ്ര്യം തെളിയിക്കുന്നതായി ഈ കള്ളക്കഥ.

    ReplyDelete