Thursday, April 7, 2011

വിടുപണിയുമായി മനോരമ മുന്നോട്ടു തന്നെ

കോട്ടയം: വടവാതൂര്‍ മാലിന്യപ്രശ്നത്തില്‍ എംഎല്‍എയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ തന്റെ പേരില്‍ മനോരമ വ്യാജ വാര്‍ത്ത ചമച്ചെന്ന് വടവാതൂര്‍ മാലിന്യവിരുദ്ധ കര്‍മ്മസമിതി കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍. മാലിന്യ പ്രശ്നത്തില്‍ കോട്ടയം എംഎല്‍എ യും കമ്യൂണിസ്റ്റ് പാര്‍ടിയും രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് താന്‍ പറഞ്ഞതായി മനോരമയില്‍ വന്ന വാര്‍ത്ത തന്റെ അറിവോടെയല്ലെന്ന് പോള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാലിന്യസംസ്കരണ പ്രശ്നത്തില്‍ വി എന്‍ വാസവന്‍ എംഎല്‍എ ഫലപ്രദമായി ഇടപെടാത്തതില്‍ പ്രതിഷേധിച്ച് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നാണ് മനോരമ വാര്‍ത്ത. കോണ്‍ഗ്രസ് എസ് പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഐയില്‍ ചേര്‍ന്നുവെന്നത് സത്യമാണ്. കോണ്‍ഗ്രസ് എസ് പ്രദീപ്കുമാര്‍ വിഭാഗം കോണ്‍ഗ്രസ് ഐയില്‍ ലയിച്ചതിനെ തുടര്‍ന്ന് പാര്‍ടി സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനപ്രകാരമായിരുന്നു ഇത്. കളത്തിപ്പടിയില്‍ ചേര്‍ന്ന യോഗത്തിലാണ് മെമ്പര്‍ഷിപ്പ് വാങ്ങിയത്. എംഎല്‍എയുടെ നടപടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടേയില്ല.

താന്‍ രാഷ്ട്രീയപാര്‍ടി മാത്രമേ മാറിയിട്ടുള്ളൂ. മാലിന്യപ്രശ്നത്തില്‍ പഴയ നിലപാടില്‍ തന്നെയാണ്. എംഎല്‍എ വടവാതൂര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ മുഖ്യരക്ഷാധികാരിയാണ്. മന്ത്രിതലത്തിലും നിയമസഭയിലും പ്രശ്നം ഉന്നയിക്കുന്നതിനും ആക്ഷന്‍ കൌണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തങ്ങളിലും എംഎല്‍എ യുടെ ആത്മാര്‍ഥശ്രമം ഉണ്ടായിരുന്നു. ആക്ഷന്‍ കൌണ്‍സിലിന് കക്ഷി രാഷ്ട്രീയമില്ല. വിജയപുരം പഞ്ചായത്തിലെ സര്‍വകക്ഷിയോഗം പിന്തുണ നല്‍കിയ സമരമാണ് ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്നത്. വടവാതൂരില്‍ തന്നെ സംസ്കരണം നടത്തുകയെന്ന സംസ്ഥാന ശുചിത്വമിഷന്റെ നിര്‍ദേശം തള്ളിയതു കൊണ്ടാണ് മന്ത്രിതല ചര്‍ച്ചയിലും സമരം പിന്‍വലിക്കാതിരുന്നത്. വിജയപുരം പഞ്ചായത്ത് ഓഫീസില്‍ പോലും ഇരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ദുര്‍ഗന്ധമാണ് കോട്ടയം നഗരസഭയുടെ കീഴിലെ ഡംപിങ് യാര്‍ഡില്‍ ഇപ്പോഴുള്ളത്. ജൂണ്‍ ഒന്നിന് മുന്‍പ് വിഷയപരിഹാരം ഉണ്ടാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിട്ടുണ്ടെന്ന് പോള്‍സണ്‍ പറഞ്ഞു. തെറ്റായ വാര്‍ത്ത തിരുത്താന്‍ മനോരമയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി 070411

1 comment:

  1. വടവാതൂര്‍ മാലിന്യപ്രശ്നത്തില്‍ എംഎല്‍എയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ തന്റെ പേരില്‍ മനോരമ വ്യാജ വാര്‍ത്ത ചമച്ചെന്ന് വടവാതൂര്‍ മാലിന്യവിരുദ്ധ കര്‍മ്മസമിതി കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍. മാലിന്യ പ്രശ്നത്തില്‍ കോട്ടയം എംഎല്‍എ യും കമ്യൂണിസ്റ്റ് പാര്‍ടിയും രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് താന്‍ പറഞ്ഞതായി മനോരമയില്‍ വന്ന വാര്‍ത്ത തന്റെ അറിവോടെയല്ലെന്ന് പോള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete