ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളിച്ചപ്പോള്‍ ടവര്‍ ലൊക്കേഷനാണ് കഥാപാത്രം. ഈയിടെയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അങ്ങനെയാണ്. എല്ലാം മൊബൈല്‍ ടവര്‍ നോക്കി പറയും. ശാലുവിന്റെ വീട്ടില്‍ പോയോ? എത്ര നിമിഷം തങ്ങി? ആര്‍ക്കു വേണമെങ്കിലും ടവര്‍ നോക്കാം. മന്ത്രി സഞ്ചരിച്ച വഴിയിലൂടെ ഓരോ മൊബൈല്‍ ടവറും പിന്നിട്ട സമയം നോക്കിയാല്‍ മതി. അതായത് ശാലുവിന്റെ വീട്ടില്‍ നിന്നത് വെറും രണ്ടുമിനിറ്റ് എന്നത് തിരുത്തുന്നു. ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് ഒരു മൂന്ന് മിനിറ്റെങ്കിലും ഉണ്ടാകും. അതില്‍ കുടുതലില്ല കട്ടായം.
തിരുവഞ്ചൂരിന് ഒരു അപസര്‍പ്പക കഥാകാരനുള്ള അവാര്‍ഡ് കൂടി തരപ്പെടുത്താം. തിരുവഞ്ചൂരിന്റെ കഥാകഥനവും വ്യാജരേഖയും ഒരു മന്ത്രിയുടെ റിയാലിറ്റി ഷോയുംകൂടി ആയതോടെ എല്ലാവര്‍ക്കും കാര്യങ്ങള്‍ എളുപ്പത്തില്‍ പിടികിട്ടി. നുണയുടെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ശാലുമേനോന്‍ ക്ഷണിച്ചിട്ടാണോ പോയത്? അതല്ല പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയതാണോ? എല്ലാറ്റിനും തിരുവഞ്ചൂരിന് ഉത്തരമുണ്ട്. മൊബൈല്‍ ടവര്‍ നോക്കൂ. ശാന്തമായി നോക്കൂ.....സരിതയെ വിളിച്ചതിനും തിരുവഞ്ചൂരിന് ന്യായീകരണമുണ്ട്. സരിതയെ വിളിച്ചത് മെയ് 23നാണ്. എന്നാല്‍, തലശേരിയില്‍നിന്ന് പൊലീസ് പുറപ്പെട്ടത് ജൂണ്‍ ഒന്നിനാണ്. അതുകൊണ്ട് പൊലീസ് സംഘം പുറപ്പെട്ടത് അറിയിക്കാനല്ല വിളിച്ചത്. അപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്‍ തലേദിവസം സരിതയെ അങ്ങോട്ടു വിളിച്ചതോ? അതിന് ഉത്തരം മൗനം.
സരിതയുമായും ശാലുവുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞപ്പോള്‍ തിരുവഞ്ചൂരിന് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തില്‍പ്പെട്ടവരെയും നാറ്റിക്കുക. ഇങ്ങനെ നാറ്റിച്ച കൂട്ടത്തില്‍ മന്ത്രി കെ പി അനില്‍കുമാര്‍ ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ല. കോടിയേരിയുടെ പ്രസംഗത്തിനിടെ അടൂര്‍ പ്രകാശ് ഇടപെട്ടപ്പോള്‍ അടൂര്‍ പ്രകാശിന്റെ കഥ ഇപ്പോള്‍ പറയുന്നില്ലെന്നേ പറഞ്ഞുള്ളൂ. ഏതായാലും തേക്കടിയില്‍ സരിതയോടൊപ്പം പോയ മന്ത്രിമാരില്‍ അടൂര്‍ പ്രകാശ് ഇല്ലല്ലോ എന്നും കോടിയേരി ചോദിച്ചു. കട്ടവന്റെ തല നരച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞിട്ടില്ല. പക്ഷേ, മന്ത്രി എ പി അനില്‍കുമാറിന് മറുപടി പറഞ്ഞേ പറ്റൂ. കോടിയേരി പറഞ്ഞ ആ മന്ത്രി ഞാനല്ല. ഞാന്‍ തേക്കടിയില്‍ പോയിട്ടുണ്ട്. പക്ഷേ, സരിത ഉണ്ടായിരുന്നില്ല. 6-7 മാസമായത്രെ അനില്‍കുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. യാത്ര രാത്രിയായത് എന്റെ കുറ്റം. എന്റെമാത്രം കുറ്റം. അന്നു മുതല്‍ വിവാദത്തിലാണ്. ഇപ്പോള്‍ സരിതയുടെ പേരുമായി കൂട്ടിക്കുഴയ്ക്കുന്നതിലും അനില്‍കുമാറിന് കുണ്ഠിതം. അനില്‍കുമാര്‍ കരഞ്ഞില്ലെന്നേ ഉള്ളൂ. ഒരു കാര്യംമാത്രം പറഞ്ഞില്ല.
കെ മുരളീധരന്‍ ചോദിച്ചപോലെ പാതിരാത്രിക്ക് വിളിച്ചത് ഭാഗവതം വായിക്കാനോ? കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനോ? തന്നോടൊപ്പം അന്ന് തേക്കടിയില്‍ ഉണ്ടായിരുന്ന സഹമന്ത്രിയെക്കുറിച്ചും മൗനം. ഒരു കാര്യം ഉറപ്പ്. ഗണേശ്കുമാര്‍ തലയില്‍ തപ്പിയില്ല, തേക്കടിയില്‍ പോയില്ലെന്നു പറഞ്ഞതുമില്ല. അനില്‍കുമാറിന്റെ റിയാലിറ്റി ഷോ കണ്ട് കരയാന്‍ സന്ദര്‍ശക ഗ്യാലറിയില്‍ ആരുമുണ്ടായില്ല. കാരണം പ്രതിപക്ഷ ആരോപണം നാട്ടുകാര്‍ കേള്‍ക്കുന്നത് സ്പീക്കര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് ആരെയും അകത്തേക്ക് കയറ്റിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും രക്ഷയില്ല. വാഹനം വേണമെങ്കില്‍ പുറത്തിട്ട് നടന്നു കയറുക. രാഷ്ട്രപതി ഭവനില്‍പോലും ഇല്ലാത്ത സുരക്ഷാ സന്നാഹം. ഭീകരര്‍ നിയമസഭ തകര്‍ക്കാന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയപോലെ. സ്പീക്കര്‍ക്ക് അതിനും ന്യായീകരണമുണ്ട്. 10-12 വര്‍ഷം മുമ്പെപ്പോഴോ ഇങ്ങനെ ചെയ്തിട്ടുണ്ടുപോലും.
ഏത് അന്വേഷണത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാണ്. പക്ഷേ, താന്‍ കുടുങ്ങുന്ന ഒരു അന്വേഷണത്തിനുമില്ല. ശ്രീധരന്‍ നായരുടെ കോടതിയിലെ രഹസ്യമൊഴിക്ക് ശേഷം കൈരളി ചാനലില്‍ അഭിമുഖം വന്നത് രഹസ്യമൊഴി കൊടുത്തതിനു പിന്നിലെ ഗൂഢാലോചനയെന്ന് തിരുവഞ്ചൂര്‍ സമര്‍ഥിക്കുന്നുണ്ടെങ്കിലും മുഖ്യന്‍ തിരിച്ചാണ് പറഞ്ഞത്. പൊലീസ് ഇടപെട്ടാണ് രഹസ്യമൊഴിയെടുത്തതെന്നായി മുഖ്യമന്ത്രി. പരസ്പരം പാരവയ്ക്കാന്‍ മത്സരിക്കുന്നതുപോലെ രഹസ്യമൊഴിയിലും രണ്ടുപേരും തമ്മിലുള്ള വൈരുധ്യം കാണാം. ഈയിടെയായി തിരുവഞ്ചൂര്‍ ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിക്കുന്നത് പഞ്ചാംഗദോഷംകൊണ്ടല്ല. കൈയിലിരിപ്പിന്റെ ഗുണമാണെന്ന് മനസിലാക്കാന്‍ തിങ്കളാഴ്ച ഹാജരാക്കിയ ഇന്ത്യന്‍ എക്സ്പ്രസിന്റെ പകര്‍പ്പ് മാത്രം മതി. 2010ല്‍ എനര്‍ജി മാനേജ്മെന്റ് കൗണ്‍സില്‍ ഊര്‍ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ പത്രങ്ങള്‍ക്കും പരസ്യം നല്‍കി. ഈ പരസ്യം ഉള്‍പ്പെടുത്തി ഇന്ത്യന്‍ എക്സ്പ്രസിന്റെ പരസ്യവിഭാഗം ഒരു സപ്ലിമെന്റ് പുറത്തിറക്കി. അതില്‍ ഉള്‍പ്പെടുത്തിയ ടീം സോളാറിന്റെ പരസ്യം സര്‍ക്കാര്‍ പരസ്യമാണെന്ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പോലും പറയാന്‍ മടിക്കും. എന്നാല്‍, തിരുവഞ്ചൂര്‍ അതും സഭയില്‍ പ്രയോഗിച്ചു.
തീര്‍ന്നില്ല പത്രത്തിന്റെ പകര്‍പ്പും മേശപ്പുറത്ത് വച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെ പിന്തുണച്ചു. ഒടുവില്‍ ചിത്രം തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഇതെങ്ങനെ വന്നതെന്ന് അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍. ഇതും ടവര്‍ നോക്കി കണ്ടുപിടിക്കാന്‍ പറ്റുമോ ആവോ? ആരോപണവിധേയനായ കെ കരുണാകരന്‍ രാജിവച്ച മാതൃക ഉമ്മന്‍ചാണ്ടി പിന്തുടരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് കൈയടിച്ചത് ആവേശംകൊണ്ടാണ്. കെ മുരളീധരന്‍ എ ഗ്രൂപ്പുകാരെ നോക്കി ഊറിച്ചിരിക്കുന്നതും കാണാമായിരുന്നു. കെപിസിസി പ്രസിഡന്റ് ആയതുകൊണ്ടാകാം, ചെന്നിത്തല അനങ്ങിയില്ല. ചെന്നിത്തല പ്രകോപിപ്പിച്ചതുകൊണ്ടോ എന്തോ, ലീഗുകാരാരും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഹായിക്കാനുമെത്തിയില്ല.
എം രഘുനാഥ് deshabhimani
സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച സമയത്ത് പിണറായി വിജയന്‍ അതേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നു... തട്ടിപ്പില്‍ പിണറായിയുടെ പങ്ക് അന്വേഷിക്കണം...! :)
ReplyDelete