Wednesday, December 18, 2013

കല്ലെറിഞ്ഞ കുഞ്ഞിമുഹമ്മദ് ജനസമ്പര്‍ക്കത്തില്‍ വിഐപി

കണ്ണൂര്‍: മുഖ്യമന്ത്രിക്കൊപ്പം വേദിയിലും സദസിലും ജനസമ്പര്‍ക്ക പരിപാടിയില്‍ സജീവ സാന്നിധ്യമായിരുന്നു കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ്. "മുഖ്യമന്ത്രിയെ കല്ലെറിയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തക"നായി ചാനലുകള്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ച കുഞ്ഞിമുഹമ്മദിന് ജനസമ്പര്‍ക്കപരിപാടിയില്‍ വിഐപി പരിഗണനയാണ് ലഭിച്ചത്. വിഐപി തിരിച്ചറിയല്‍ കാര്‍ഡും കഴുത്തിലിട്ടാണ് ഇയാള്‍ പരിപാടിയില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിഞ്ഞത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നു സ്ഥാപിക്കാന്‍ പൊലീസാണ് ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയത്. ഇതുപയോഗിച്ച് എല്‍ഡിഎഫിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകളാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത വിളമ്പിയത്. "ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ കല്ലെറിയുന്നു"വെന്ന അടിക്കുറിപ്പോടെ മനോരമ ഓണ്‍ലൈനില്‍ വന്ന കുഞ്ഞിമുഹമ്മദിന്റെ ചിത്രം യുട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞ് യഥാര്‍ഥ വസ്തുത വെളിപ്പെടുത്തിയത്.

ഗ്രൂപ്പുവഴക്കിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ പി പ്രഭാകരനെ ഗ്രാമസഭയില്‍ മര്‍ദിച്ച കേസിലും പ്രതിയായ കുഞ്ഞിമുഹമ്മദ് മുസ്ലിംലീഗ് ഓഫീസ് തീവച്ചതടക്കം നിരവധി ക്രിമിനല്‍ സംഭവങ്ങളിലും പങ്കാളിയാണ്. ഉന്നത പൊലീസ് ഓഫീസര്‍മാര്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു. മുഖ്യമന്ത്രിക്കുനേരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക വേട്ടയാണ് നടത്തുന്നത്. പരീക്ഷാഹാളില്‍നിന്നും പാതിരാത്രി വീടുവളഞ്ഞും എല്‍ഡിഎഫ് പ്രവര്‍ത്തകരെ പിടികൂടി ജയിലിലടയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് വിഐപി പരിഗണന.

ജനസമ്പര്‍ക്കത്തിന്റെ പേരില്‍ അപ്രഖ്യാപിത കര്‍ഫ്യൂ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കണ്ണൂരില്‍ അപ്രഖ്യാപിത കര്‍ഫ്യൂ. തണ്ടര്‍ ബോള്‍ട്ടും ദ്രുതകര്‍മ സേനയുമുള്‍പ്പെടെ മൂവായിരത്തഞ്ഞൂറിലേറെ സായുധ പൊലീസുകാരെ അണിനിരത്തി ഭരണകൂടഭീകരത അരങ്ങുവാണപ്പോള്‍ നഗരം അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചു; ജനജീവിതം സ്തംഭിച്ചു. ഭീതിയുടെ നിഴലിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരംമുതല്‍ കണ്ണൂര്‍ നഗരം. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുയര്‍ത്തി ഗതാഗതം പൂര്‍ണമായി തടഞ്ഞു. പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച ജവഹര്‍ സ്റ്റേഡിയം, പഴയ ബസ്സ്റ്റാന്‍ഡ്, കോടതി പരിസരം എന്നിവിടങ്ങളില്‍ കാല്‍നടയാത്രയ്ക്കുപോലും തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടിവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം താറുമാറായി. മെഡിക്കല്‍ഷോപ്പുകളടക്കമുള്ള കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് എട്ട് കേന്ദ്രങ്ങളിലാണ് സായുധ പൊലീസ് ബാരിക്കേഡുയര്‍ത്തി നിലയുറപ്പിച്ചത്. കോടതികളുടെ പ്രവര്‍ത്തനംപോലും ഇതുമൂലം അവതാളത്തിലായി. അഭിഭാഷകരെ കടത്തിവിട്ടെങ്കിലും കക്ഷികളെയും സാക്ഷികളെയും ജാമ്യക്കാരെയും തടഞ്ഞത് സംഘര്‍ഷത്തിനു കാരണമായി. കേസ് രേഖകള്‍ കാണിച്ച ചുരുക്കം പേരെമാത്രമാണ് പോകാന്‍ അനുവദിച്ചത്. മിക്കവരുടെയും പക്കല്‍ കേസ് സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ല. ചിലരെ കേസ് രേഖകള്‍ കാണിച്ചിട്ടും കടത്തിവിട്ടില്ല. കക്ഷികള്‍ക്ക് ഹാജരാകാന്‍ കഴിയാത്തതിനാല്‍ പല കേസുകളും മാറ്റിവയ്ക്കേണ്ടി വന്നു. അനുരഞ്ജനക്കേസുകളും മുടങ്ങി.
മുനിസിപ്പല്‍ സ്കൂളിനുമുന്നില്‍ എല്‍ഡിഎഫ് മാര്‍ച്ച് തടയാനെന്ന പേരില്‍ പൊലീസ് റോഡ് പൂര്‍ണമായി അടയ്ക്കുകയായിരുന്നു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പെരുവഴിയിലായി. സിപിഐഎ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നടവഴിയിലെ ബാരിക്കേഡ് നീക്കി പൊലീസ് യാത്രക്കാരെ കടത്തിവിട്ടത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ റോഡിലേ ഇരിക്കൂവെന്നും നടവഴി തടസ്സപ്പെടുത്തി വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കരുതെന്നും ഇ പി കര്‍ശനമായി പറഞ്ഞു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ദേശാഭിമാനി ബുക്ക്ഹൗസിനു മുന്നില്‍ പൊതുജനങ്ങളെ തടഞ്ഞതും ജനരോഷത്തിനിടയാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലേ കടത്തിവിടൂ എന്ന പൊലീസ് നിലപാടിനെ വഴിയാത്രക്കാര്‍ ശക്തമായി എതിര്‍ത്തു.

 "ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് മനസിലാക്കാം, പൊതുറോഡിലൂടെ പോകാന്‍ എന്തര്‍ഥത്തിലാണ് നിങ്ങള്‍ കാര്‍ഡ് ആവശ്യപ്പെടുന്നത്?"- ജനങ്ങള്‍ പൊലീസുദ്യോഗസ്ഥരോട് കയര്‍ത്തു. "മുകളില്‍നിന്നുള്ള ഉത്തരവാണ്" എന്നായിരുന്നു ചുമതലയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരുടെ മറുപടി. ഇതോടെ ജനങ്ങള്‍ കുടുതല്‍ ക്ഷുഭിതരായി. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ പേരില്‍ ഒരു ജനത സമാനതകളില്ലാത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഒരു പക്ഷേ, ഇന്ത്യയില്‍ ആദ്യമായാകും. ഭരണകൂട ഭീകരതയുടെ രഥചക്രങ്ങള്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ഉരുളുന്നത് ജനങ്ങള്‍ നേരില്‍ കണ്ടു. ഏതാനും പേരില്‍നിന്ന് പരാതി സ്വീകരിക്കാന്‍, കുറച്ചുപേര്‍ക്ക് സര്‍ക്കാരിന്റെ നാമമാത്ര ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇത്രയും വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളില്‍നിന്നും ഉയരുന്നത്.

കരിങ്കൊടി പ്രകടനത്തിന് ആയിരങ്ങള്‍

കണ്ണൂര്‍: ജനസമ്പര്‍ക്കത്തിന്റെ മറവില്‍ മുഖം മിനുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിടേണ്ടിവന്നത് ഇരമ്പിയാര്‍ത്ത ജനകീയ പ്രതിഷേധം. എല്‍ഡിഎഫിന്റെ പ്രക്ഷോഭ വേലിയേറ്റം നേരിടാനാകാതെ മുഖ്യന്‍ മുഖമൊളിപ്പിക്കാന്‍ കാട്ടിയ വിക്രിയകള്‍ ജനാധിപത്യകേരളത്തിന് അപമാനമായി. "വീണ്ടും കണ്ണൂര്‍" ആവര്‍ത്തിക്കുമെന്ന വലതുമാധ്യമങ്ങളുടെ നുണക്കോട്ടകള്‍ തകര്‍ത്ത് ഒഴുകിയെത്തിയ ജനാവലി സോളാര്‍ തട്ടിപ്പിന്റെ സൂത്രധാരനെ കേരളത്തിന് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ജില്ലയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനമുന്നേറ്റമാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടിപ്രകടനത്തില്‍ ദൃശ്യമായത്.

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് എട്ടരയോടെയാണ് പടുകൂറ്റന്‍ പ്രകടനം ആരംഭിച്ചത്. കരിങ്കൊടികളേന്തി, മൂര്‍ച്ചയേറിയ മുദ്രാവാക്യങ്ങളുമായി പ്രകടനം മുന്നേറുമ്പോഴും സ്ത്രീകളടക്കമുള്ള വന്‍ ജനാവലി പ്രകടനത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. പാത നിറഞ്ഞുകവിഞ്ഞ് ഇരമ്പിയാര്‍ത്ത പ്രകടനത്തെ ടൗണ്‍ ട്രാഫിക്സ്റ്റേഷനുമുമ്പില്‍ പൊലീസ് ബാരിക്കേഡുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന കുപ്രചാരണം നടത്തിയവര്‍ക്ക് മറുപടിയായി തികച്ചും സമാധാനപരമായി നടന്ന എല്‍ഡിഎഫ് പ്രതിഷേധം. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് പൊലീസ് ബാരിക്കേഡ് തടസ്സമായപ്പോള്‍ ഇ പി ജയരാജന്‍ എംഎല്‍എയും മറ്റ് നേതാക്കളും ഇടപെട്ട് ഗതാഗതതടസ്സം നീക്കിയതും മാതൃകയായി.

ഇരിട്ടത്ത് പതുങ്ങിയെത്തി കാക്കിപ്പടയുടെ കാവലില്‍ രാത്രി വൈകുവോളമുള്ള ജനസമ്പര്‍ക്കനാടകം വെറുക്കപ്പെട്ട ഭരണാധികാരിയുടെ അധഃപതനത്തിന്റെ ആഴമാണ് വെളിവാക്കിയത്. കരിങ്കൊടിപ്രകടനത്തില്‍നിന്ന് പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയ ജില്ലാ പൊലീസ് മേധാവിയുടെ ഭീഷണി തൃണവല്‍ഗണിച്ചാണ് ആയിരങ്ങളെത്തിയത്. ജനകീയപ്രസ്ഥാനത്തെ അമര്‍ച്ചചെയ്യാന്‍ കള്ളക്കേസും മര്‍ദനവും ജയിലിലടയ്ക്കലുമൊന്നും പര്യാപ്തമല്ലെന്നും പ്രതിഷേധത്തിനെത്തിയവര്‍ പ്രഖ്യാപിച്ചു. പ്രതിഷേധ പരിപാടി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍, എല്‍ഡിഎഫ് നേതാക്കളായ ഇല്ലിക്കല്‍ ആഗസ്തി, അഡ്വ. നിസാര്‍ അഹമ്മദ്, ഇ പി ആര്‍ വേശാല, വര്‍ക്കി വട്ടപ്പാറ, പുഴക്കല്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു. എംഎല്‍എമാരായ ജയിംസ് മാത്യു, കെ കെ നാരായണന്‍, ടി വി രാജേഷ്, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഒ വി നാരായണന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, സിപിഐ നേതാക്കളായ സി പി മുരളി, സി പി സന്തോഷ് കുമാര്‍, എ പ്രദീപന്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണന്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ്, ജനതാദള്‍ എസ് നേതാക്കളായ പി പി ദിവാകരന്‍, വി രാജേഷ് പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.

അന്തിയുറങ്ങാന്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയിലും ബാരിക്കേഡ്

കണ്ണൂര്‍: ഉറങ്ങാന്‍ പൊലീസിന്റെ കെട്ടിടം, കാവലിന് ആയുധസജ്ജരായ പൊലീസുകാര്‍. സഞ്ചാരവഴിക്കിരുവശവും കാക്കിയിട്ടവരുടെ മതില്‍. വേദിക്ക് ചുറ്റും തോക്കേന്തിയ സേനയുടെ ജാഗ്രത- ചുറ്റും ക്യാമറക്കണ്ണുകളും. സ്വന്തം ജനതയെ ഭയപ്പെടുന്ന ഭരണാധികാരിയുടെ വെപ്രാളങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രതിഫലിച്ചത്. ജനങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കാനുള്ള നെട്ടോട്ടമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ഇതിന് പൊതുഖജനാവില്‍നിന്ന് തുലച്ചത് ലക്ഷങ്ങളും. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വെരാവല്‍ എക്സ്പ്രസിലാണ് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയത്. റെയില്‍വേസ്റ്റേഷന് തൊട്ടടുത്തുള്ള പൊലീസ് സഹകരണ സംഘം കെട്ടിടത്തിലാണ് മുഖ്യമന്ത്രിക്ക് കിടപ്പറ ഒരുക്കിയത്. ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ ഭയപ്പെട്ട മുഖ്യമന്ത്രി ഉറങ്ങിയത് പൊലീസ് ബാരിക്കേഡിന്റെ ഉറപ്പിലാണ്. നഗരത്തിലെ മറ്റുവഴികളെല്ലാം കൊട്ടിയടച്ച പൊലീസ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാനവഴിയിലും ബാരിക്കേഡ് ഉയര്‍ത്തി. എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി, ഐജി എസ് സുരേഷ്, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് കനത്ത ബന്തവസ്് ഒരുക്കിയത്. റെയില്‍വേസ്റ്റേഷനില്‍ ആയിരക്കണക്കിന് പൊലീസുകാരെയും ദ്രുതകര്‍മസേനയെയും വിന്യസിച്ചിരുന്നു.

മുഖ്യമന്ത്രി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കുമെന്ന പ്രചാരണമാണ് ആദ്യം പൊലീസ് ഓഫീസര്‍മാര്‍ നടത്തിയത്. കാക്കിപ്പടയുടെ അകമ്പടിയോടെ ജവഹര്‍സ്റ്റേഡിയത്തിന് സമീപത്തെ പൊലീസ് സഹകരണസംഘം കെട്ടിടത്തിലാണ് ഉമ്മന്‍ചാണ്ടി എത്തിയത്. രണ്ടുസ്യൂട്ട് മുറികള്‍ യോജിപ്പിച്ച് ഒന്നാക്കി ശീതീകരണസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കെട്ടിടത്തിനു താഴെ ആയുധസജ്ജരായ പൊലീസുകാരെ കാവല്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി ഉറങ്ങാന്‍ പോയത്. പൊലീസുകാരുടെ വിയര്‍പ്പുകൊണ്ട് നിര്‍മിച്ച സംഘം കെട്ടിടമാണ് മുഖ്യമന്ത്രിയുടെ ഒരുദിവസത്തെ ഒളിത്താവളത്തിനായി കുത്തിപ്പൊളിച്ചത്. സാധാരണ മന്ത്രിമാരും മറ്റും താമസിക്കുന്നത് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണ്. പൊലീസ് കായികമേളയോടെ കണ്ണൂര്‍ പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി റിസ്കെടുക്കാന്‍ തയ്യാറായില്ല.

ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ജവഹര്‍സ്റ്റേഡിയത്തിലേക്ക് രാവിലെ എട്ടേകാലോടെ "പൊലീസ് മതില്‍" തീര്‍ത്താണ് മുഖ്യമന്ത്രിയെ എത്തിച്ചത്. മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് കണ്ണൂര്‍ നഗരം തിങ്കളാഴ്ച പകല്‍ മുതല്‍ പൊലീസ് ബന്തവസിലായിരുന്നു. മൂവായിരത്തഞ്ഞൂറിലേറെ പൊലീസുകാരെയാണ് വിവിധ ജില്ലകളില്‍നിന്ന് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പഴയ ബസ്സ്റ്റാന്‍ഡ്, യോഗശാല റോഡ്, ടൗണ്‍സ്റ്റേഷന്‍, ട്രാഫിക് സ്റ്റേഷന്‍ പരിസരം, പ്രസ്ക്ലബ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ബാരിക്കേഡ് കെട്ടി ഗതാഗതം തടഞ്ഞിരുന്നു. തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പുമുള്ളവരെ മാത്രമേ റോഡില്‍ പ്രവേശിക്കാന്‍ അനുവദിച്ചുള്ളൂ. ജവഹര്‍സ്റ്റേഡിയത്തിലേക്ക് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയാണ് ജനങ്ങളെ പ്രവേശിപ്പിച്ചത്.

ടിന്റുവും കുടുംബവും ഇനിയെത്ര കാത്തിരിക്കണം

കണ്ണൂര്‍: രാജ്യം ആദരിക്കുന്ന കായികതാരത്തിന്റെ മാതാപിതാക്കളെയും ജനസമ്പര്‍ക്കത്തിലെത്തിച്ചതിന് മുഖ്യമന്ത്രിക്ക് "അഭിമാനിക്കാം". ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയപ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനംചെയ്ത് മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സ്ഥലത്തിന്റെ കരമൊടുക്കാന്‍ നടപടിയാവശ്യപ്പെട്ടാണ് ടിന്റുലൂക്കയുടെ അച്ഛന്‍ ലൂക്കയെത്തിയത്. ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ലൂക്കയ്ക്കുമുന്നില്‍ മുഖ്യമന്ത്രി ഉത്തരവിട്ടു- കലക്ടറോട് നടപടിയെടുക്കാന്‍. ഇനിയും എത്രകാലം എന്ന ചിന്തയുമായി ലൂക്കയും ഭാര്യ ലിസിയും മടങ്ങി.

ടിന്റുലൂക്ക ഏഷ്യന്‍ഗെയിംസില്‍ 800 മീറ്ററില്‍ മെഡല്‍ നേടിയപ്പോഴാണ് സര്‍ക്കാര്‍ പത്ത് സെന്റ് സ്ഥലവും പാരിതോഷികവുംപ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥലത്തിന്റെ രേഖ കൈമാറിയത് എട്ട് മാസം മുമ്പ്. വീട് നിര്‍മാണം സ്വപ്നം കണ്ട് ടിന്റുവിന്റെ അച്ഛന്‍ ലൂക്ക ആറ് മാസം അവധിയെടുത്ത് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. എന്നാല്‍ ചാവശേരി സ്കൂളിനടുത്ത് അനുവദിച്ച സ്ഥലത്തിന് നികുതി അടയ്ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നിര്‍മാണ പ്രവൃത്തികളും ആരംഭിക്കാനായില്ല. ഇതിനുള്ളില്‍ മൂന്ന് പ്രാവശ്യമാണ് സ്ഥലം അളന്നത്. വില്ലേജ് ഓഫീസ് മുതലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ചുവപ്പുനാട അഴിഞ്ഞില്ല. റവന്യുവകുപ്പറിയാതെ സ്ഥലം നല്‍കാമെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്നമായത്.

കായികവകുപ്പും റവന്യുവകുപ്പും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും ഉദ്യോഗസ്ഥ അനാസ്ഥയുമൊക്കെയാണ് നാടറിയുന്ന താരത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിക്ക് നികുതി അടയ്ക്കാന്‍ വിലങ്ങുതടിയായത്. വീണ്ടും സ്കെച്ച് തയ്യാറാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജനസമ്പര്‍ക്കത്തില്‍ കലക്ടറെ ചുമതലപ്പെടുത്തിയതോടെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം തീര്‍ന്നു.

deshabhimani

1 comment:

  1. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കു ജനങ്ങളില്‍നിന്നുംഏറു കിട്ടുന്നു!!

    ReplyDelete