Wednesday, December 18, 2013

കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു: സിപിഐ എം

ഭക്ഷ്യ സബ്സിഡികള്‍ നിലനിര്‍ത്തുന്നതില്‍ ലോകവ്യാപാര സംഘടനയുടെ ബാലിവട്ടം ചര്‍ച്ചയില്‍ ഇന്ത്യ വിജയം നേടിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം തെറ്റിദ്ധാരണജനകമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയില്‍ പറഞ്ഞു.

വാണിജ്യമന്ത്രിയുടെ പ്രസ്താവനയും മന്ത്രിതലസമ്മേളനം അംഗീകരിച്ച രേഖയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെയും കര്‍ഷകരുടെ ജീവനോപാധികളുടെയും കാര്യത്തില്‍ എത്രമാത്രം വഴങ്ങേണ്ടിവരുമെന്ന് സമ്മേളനരേഖ വ്യക്തമാക്കുന്നു. രാജ്യത്ത് നിലവിലുള്ള ഭക്ഷ്യസുരക്ഷാപദ്ധതിയും കര്‍ഷകരെ സഹായിക്കാനുള്ള താങ്ങുവില സംവിധാനങ്ങളും പൊതുവിതരണ സമ്പ്രദായവും വ്യാപിക്കുന്നതിന് ഈ കരാര്‍ പ്രതിബന്ധമാണ്. ആഭ്യന്തരനയങ്ങളും മുന്‍ഗണനകളും ലോകവ്യാപാര സംഘടനയുടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ അനാവശ്യമായി ചോദ്യംചെയ്യപ്പെടുന്നതിന് ഇത് വഴിയൊരുക്കും. വാണിജ്യത്തിന് സൗകര്യമൊരുക്കല്‍ എന്ന പേരില്‍ വികസ്വരരാജ്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തീരുവ കരാറുകള്‍ക്കും ബാലി ചര്‍ച്ച രൂപംനല്‍കി. കാര്‍ഷിക ബിസിനസ് കുത്തകകളുടെ താല്‍പര്യസംരക്ഷണത്തിലാണ് കരാര്‍ ഉതകുക.

മുസഫര്‍നഗര്‍ കലാപക്കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന് യുപി സര്‍ക്കാരിനോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കണം. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനും ജീവനോപാധി തേടാനും സൗകര്യം വേണം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം, ഗുജറാത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രിയുടെ ആജ്ഞാനുസരണം ഒരു യുവതിയെ പൊലീസ് നിയമവിരുദ്ധമായി നിരീക്ഷിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേക്ഷണം നടത്തണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യതയുടെ ഈ ലംഘനവും ഭീകരവിരുദ്ധസ്ക്വാഡ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ നിയമവിരുദ്ധമായി ഉപയോഗിച്ചുള്ള നിരീക്ഷണവും ഗൗരവതരമായ സംഗതിയാണ്. ഈ സംഭവം അന്വേഷിച്ച് കുറ്റക്കാരെ വിചാരണ ചെയ്യണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് നേതാവും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ബസവപുന്നയ്യയുടെ ജന്മശതാബ്ദി വിപുലമായി ആചരിക്കാന്‍ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസംബര്‍ 14ന് വാര്‍ഷികത്തിന് തുടക്കമായി. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യയശാസ്ത്ര പ്രചാരണം ജന്മശതാബ്ദി കാലയളവില്‍ സംഘടിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. നെല്‍സണ്‍ മണ്ടേല, വൊ എന്‍ഗുയെന്‍ ഗ്യാപ്, ശ്യാമലി ഗുപ്ത, വൈ രാധാകൃഷ്ണമൂര്‍ത്തി എന്നിവരുടെ വിയോഗത്തില്‍ കമ്മിറ്റി അനുശോചിച്ചു.

deshabhimani

No comments:

Post a Comment