Friday, December 6, 2013

വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയോ

ഫേസ്ബുക് വിവാദത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഫേസ്ബുക് ഉപയോഗിച്ചെന്ന ആരോപണം വിധിയെ സ്വാധീനിക്കാനാണോ എന്നും പരിശോധിക്കണം. കേസിന്റെ വിധി 30 ന് പ്രഖ്യാപിക്കാനിരിക്കെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത് എന്നത് പ്രധാനമാണ്. ഫേസ്ബുക് ഉപയോഗിച്ചെന്നതിന് തെളിവായി മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളും വിശ്വസനീയമല്ല. പ്രതികള്‍ക്ക് ഒരുതരത്തിലുള്ള രാജകീയ സൗകര്യങ്ങളും നല്‍കിയിട്ടില്ലെന്നും ജയില്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട്് പ്രതികരിക്കവെ ഡിജിപി പറഞ്ഞു.


കഠിനമായ ശിക്ഷ ലഭിക്കാനാണോ പ്രതികള്‍ക്കെതിരെയുള്ള ഫേസ്ബുക് വിവാദമെന്ന് പരിശോധിക്കണം. അഥവാ, കൊലപാതക കേസില്‍ വെറുതെ വിട്ടാല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആറ് മാസം ശിക്ഷകിട്ടട്ടെ എന്ന ഉദ്ദേശ്യവുമാകാം. ഫോണ്‍ ഉപയോഗിച്ചതും ഫേസ്ബുക് ആക്ടിവേറ്റ് ചെയ്തതും ജയിലിനകത്തുനിന്നാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പുറത്തുനിന്നാണോ എന്നത് ശാസ്ത്രീയ പരിശോധനയിലൂടെയേ കണ്ടെത്താനാകു. പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ജയിലിലാണെന്ന മാധ്യമവാര്‍ത്തകളും ശരിയല്ല. ഒരു ചതുരശ്ര കിലോമീറ്റര്‍വരെ ടവര്‍ ലൊക്കേഷന്‍ ലഭിക്കും. ഇതില്‍ ഒരു ഭാഗംമാത്രമാണ് ജയില്‍. കൃത്രിമമായി തെളിവുകള്‍ ചമയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ജയിലിന് തൊട്ട് പുറത്തുവച്ച് ഇത് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗൂഗിള്‍ അന്വേഷണത്തിലൂടെമാത്രമേ ഇത് തെളിയിക്കാനാകൂ. ജയിലിലെ ദൃശ്യങ്ങള്‍ ഫോട്ടോ ഷോപ്പിലൂടെ മോര്‍ഫ് ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലാ ജയില്‍ പ്രതികള്‍ക്ക് സ്വര്‍ഗമാക്കിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ജയില്‍ നരകമാക്കണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നില്ല. സ്വര്‍ഗവുമല്ല. മറിച്ച് തിരുത്തല്‍ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ റിമാന്‍ഡ് തടവുകാരാണ്. അവര്‍ ജയില്‍വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല. അവര്‍ കൊണ്ടുവരുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കും. ഇതില്‍ ഒരു പ്രതി ബര്‍മുഡ കൊണ്ടുവന്നു. ബര്‍മുഡ ധരിക്കരുതെന്ന് പറയാന്‍ കഴിയുമോ? ജില്ലാജയിലില്‍ ഇവര്‍ക്ക് ഒരു രാജകീയ സൗകര്യവും നല്‍കുന്നില്ല. റിമാന്‍ഡ് തടവുകാരായിട്ടും ഇവരെ പാര്‍പ്പിക്കുന്നത് ശിക്ഷിക്കപ്പെട്ട തടവുകാരുടെ സെല്ലിലാണ്. മറ്റ് തടവുകാരില്‍നിന്ന് വ്യത്യസ്തമായി ഈ പ്രതികള്‍ക്ക് ഒരു സൗകര്യവും നല്‍കുന്നില്ല. ഈ പ്രതികളെ കൊടുംകുറ്റവാളികള്‍ എന്ന് വിളിക്കരുതെന്നും ഡിജിപി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇവര്‍ വെറും റിമാന്‍ഡ് തടവുകാരാണ്. ഇവര്‍ ആരോപണവിധേയര്‍ മാത്രമാണ്. ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതികളിലൊരാളായ ഷാഫിയുമായി സംസാരിച്ചുവെന്ന് പറഞ്ഞ് ഒരു മാധ്യമം പുറത്തുവിട്ട ശബ്ദം ഷാഫിയുടേതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ശബ്ദം പല തവണ കേട്ടു. യഥാര്‍ഥ ശബ്ദവുമായി ഒരു സാമ്യവുമില്ല. ഇതും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം.

ജയിലില്‍ തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുവെന്നത് പുതിയ സംഭവമല്ല. മൊബൈല്‍ കയറാത്ത ഒരു ജയിലും ഇന്ത്യയിലും ലോകത്തുമില്ല. രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഹൈദരാബാദിലെ ജയിലില്‍നിന്നുപോലും ഫോണുകള്‍ പിടിച്ചിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് മുന്നൂറോളം മൊബൈല്‍ഫോണുകള്‍ ജയിലില്‍നിന്ന് പിടിച്ചിട്ടുണ്ട്. ഈ മന്ത്രിസഭ അധികാരത്തിലേറിയശേഷവും ഇരുനൂറോളം മൊബൈല്‍ ഫോണ്‍ പിടികൂടി പൊലീസിനു കൈമാറി. തീവ്രവാദകേസില്‍പ്പെട്ട പ്രതി ഉപയോഗിച്ച ഫോണ്‍ പിടികൂടി രാജ്യത്തിന് വെളിയിലേക്ക് കോള്‍ചെയ്തതായി കണ്ടെത്തി പൊലീസിനും ഐബിക്കും കൈമാറി. ഈ കേസുകള്‍ എന്തായി എന്നറിയില്ല. ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചെങ്കിലും പരാജയപ്പെട്ടു. പല ഉപകരണങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നും ഡിജിപി പറഞ്ഞു.

ചങ്ക് തുറന്നുകാട്ടുന്നു, അതും വിവാദമാക്കരുത്: ഡിജിപി

ജയിലുകളില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ജയില്‍ ഡിജിപി എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. അതിന് കീഴുദ്യോഗസ്ഥരെ ബലിയാടാക്കേണ്ട. ജയിലിലെ പരിമിതികള്‍ അതത് സമയത്ത് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മൂന്നിലൊന്ന് ജീവനക്കാര്‍മാത്രമാണ് ജയിലിലുള്ളത്. 6000 പേരെ പാര്‍പ്പിക്കേണ്ട ജയിലുകളില്‍ 7660 പേരുണ്ട്. ഇവരെ എണ്ണൂറോളം ജയില്‍ജീവനക്കാര്‍ എങ്ങനെ നോക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് പിഎസ്സി ആസ്ഥാനത്ത് ആഴ്ചതോറും കയറിയിറങ്ങിയിട്ടും ഫലമുണ്ടാകുന്നില്ല.

മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും മറ്റുംവച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലില്‍ കൊണ്ടുവരുന്നത്. വസ്ത്രം അഴിച്ച് പരിശോധന ക്കാനാകില്ല. തടവുകാരന്റെ മുണ്ടഴിച്ച് പരിശോധിച്ചതിനാണ് കണ്ണൂര്‍ ജയിലിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. തടവുകാര്‍ ആക്രമിക്കപ്പെട്ട പരാതികള്‍ പൊലീസിന് കൈമാറിയിട്ടും ഫലമുണ്ടായില്ല. സഞ്ചാരസ്വാതന്ത്ര്യമൊഴിച്ചുള്ള എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അവരും അര്‍ഹരാണ്. തടവുകാരുടെ ഭീഷണി, കോടതി, മനുഷ്യാവകാശ പ്രശ്നം- ഇതിനിടയില്‍ കടുത്ത മാനസിക സമ്മര്‍ദമാണ് ജയില്‍ ജീവനക്കാര്‍ക്ക്. സസ്പെന്‍ഷന്‍ വേണോ, തടവുകാരുടെ മര്‍ദനം ഏല്‍ക്കണമോ എന്ന് ചോദിച്ചാല്‍ സസ്പെന്‍ഷന്‍ മതിയെന്നാകും ജീവനക്കാരുടെ പ്രതികരണം. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും ജയില്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികളില്‍നിന്ന് ബോംബേറും അക്രമവുമുണ്ടായി. എന്നിട്ടും നടപടിയുണ്ടായില്ല.

ജയിലില്‍ ചപ്പാത്തി ഉണ്ടാക്കിയത് വലിയ കുറ്റമെന്നപോലെ പ്രചരിപ്പിക്കുന്നു. ഇപ്പോഴുള്ള തടവുകാര്‍ക്കെല്ലാം ജോലി നല്‍കാന്‍ ജയിലില്‍ ഭൂമിയില്ല. അപ്പോഴാണ് പുതിയ സാധ്യതകള്‍ തേടിയത്. ചപ്പാത്തി ഉണ്ടാക്കിയത് തെറ്റായെന്ന് ജയിലില്‍ ആര്‍ക്കും തോന്നിയിട്ടില്ല. ചപ്പാത്തി ഉണ്ടാക്കുന്ന കൂലിയായി തടവുകാര്‍ക്ക് മാസം മൂവായിരത്തിലേറെ രൂപ ലഭിക്കും. അവര്‍ അത് അവരുടെ കുടുംബത്തിലേക്ക് അയക്കും. കുടുംബം പോറ്റാന്‍ കുറ്റവാളിയുടെ ഭാര്യ ശരീരം വില്‍ക്കാന്‍ പോകണമെന്നും അനാഥരാകുന്ന മക്കള്‍ ജീവിക്കാന്‍ മോഷ്ടക്കളായി മാറണമെന്നുമുള്ള പഴയ സ്ഥിതി മാറിയിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസത്തിന് പണം അയച്ചുകൊടുക്കാന്‍ പറ്റുന്നു. ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചശേഷം ജയിലില്‍ കലാപവുമില്ല. മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്‍ത്തകനെ അടിച്ചുകൊന്ന സംഭവംവരെ ഉണ്ടായിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷമായ ഘട്ടത്തിലാണ് രണ്ടുരൂപയ്ക്ക് കോടിക്കണക്കിന് ചപ്പാത്തി വിതരണം ചെയ്യുന്നത്. ഏതെങ്കിലും ഹോട്ടലുകാരുടെ കൈയില്‍നിന്ന് പണംവാങ്ങി ജയിലിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഴുവന്‍ ജയില്‍ ചപ്പാത്തിയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്. മാധ്യമങ്ങള്‍ ജയില്‍വകുപ്പിനെതിരെ അനാവശ്യമായി തിരിയുകയാണ്. മൂന്നു ദിവസം സഹിച്ചു. സഹികെട്ടാണ് കാര്യങ്ങള്‍ പറയുന്നത്. ചങ്ക് തുറന്നുകാട്ടാനാണ് ശ്രമിക്കുന്നത്. ഇതും വിവാദമാക്കരുത്. ബാലകൃഷ്ണപിള്ള തടവുശിക്ഷ അനുഭവിക്കവെ ഫോണ്‍ വിളിച്ചത് പോലീസ് കസ്റ്റഡിയിലാണ്. അതില്‍ നടപടി എടുക്കേണ്ടത് പൊലീസാണെന്നും ഡിജിപി വ്യക്തമാക്കി.

കള്ളക്കളി നടന്നതിന്റെ സൂചന: പിണറായി

വടക്കഞ്ചേരി: ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ ജയില്‍ ഡിജിപി നിര്‍ബന്ധിതനായതിനുപിന്നില്‍ നടക്കാന്‍ പാടില്ലാത്തത് എന്തോ നടക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്തോ കള്ളക്കളി നടന്നുവെന്നാണ് വെളിപ്പെടുത്തലില്‍നിന്ന് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിനും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിക്കും ഒരുനിമിഷംപോലും തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇത് കാണിക്കുന്നത്. പുതുക്കോട് തച്ചനടിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഒരു സാധാരണ പൊലീസുദ്യോഗസ്ഥനല്ല അലക്സാണ്ടര്‍ ജേക്കബ്. വലിയ ബുദ്ധിജീവിയും കാര്യങ്ങളില്‍ ഇടപെടുന്നയാളുമാണ്. ജയിലില്‍ നടക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വമേധയ ഏറ്റെടുത്ത് പരസ്യപ്രസ്താവന നടത്തുമ്പോള്‍ എന്തോ ചിലത് എവിടെയോ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുവെന്നാണ് സൂചന. കോഴിക്കോട് ജയിലിലെ ഫേസ്ബുക് വിവാദം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മൊബൈല്‍ഫോണ്‍ കടക്കാത്ത ഒറ്റ ജയിലുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. തിഹാറില്‍പോലുമുണ്ട്. പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. മാത്രമല്ല, അദ്ദേഹം ഗുരുതരമായ ഒരു പ്രശ്നമുയര്‍ത്തുന്നു. ഒരു കേസിന്റെ വിധിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്ത് ഇത്തരമൊരു ചിത്രം വന്നത് അവര്‍ നല്‍കിയതാണോ, മറ്റാരെങ്കിലും പ്ലാന്‍ ചെയ്ത് നല്‍കിയതാണോ എന്ന സംശയം ഉയരുന്നു.

വരാനിരിക്കുന്ന വിധിയെ സ്വാധീനിക്കാന്‍വേണ്ടിയാണെന്ന് പറയുന്നു. ഉന്നതങ്ങളില്‍ നടക്കുന്ന എല്ലാ തന്ത്രങ്ങളും ഗൂഢാലോചനയും മനസ്സിലാക്കിയ ഡിജിപിയാണ് ഇതു പറയുന്നത്. ഒരു എംഎല്‍എക്ക് ഏതു ജയിലിനകത്തേക്കും ചെല്ലാം. ഏത് തടവുകാരനെയും കാണാം. അത്തരം നാട്ടില്‍ എംഎല്‍എ, അവരുടെ ഭര്‍ത്താവിനെ പരസ്യമായി കണ്ടകാര്യത്തില്‍ എന്താണിത്ര ബഹളമുണ്ടാക്കാനുള്ളതെന്നത് ആഭ്യന്തരമന്ത്രിക്കുനേരെയുള്ള ചോദ്യമാണ്. മോഹനന്‍മാസ്റ്ററെ ഭാര്യ കണ്ടതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ അമര്‍ഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഡിജിപി പറഞ്ഞതില്‍ ഒരു തെറ്റുമില്ല. വഴിക്ക്വച്ചു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചുകൊടുക്കുക എന്നുള്ളത് തടവുകാര്‍ക്ക് പൊലീസുകാര്‍ അനുവദിക്കുന്ന സൗജന്യമാണ്. ഒരു കേസിന്റെ വിധിയെ സ്വാധീനിക്കാന്‍ തെറ്റായ രീതിയില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണമെന്നും പിണറായി പറഞ്ഞു.

തിരുവഞ്ചൂരിന്റെ ശ്രമം കഴിവുകേട് മറയ്ക്കാന്‍: കോടിയേരി

സ്വന്തം കഴിവുകേട് മറയ്ക്കാന്‍ ആഭ്യന്തരമന്ത്രി മറ്റുള്ളവരുടെമേല്‍ കുറ്റംചാരുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബിന്റേത് ശരിയായ നിലപാടാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഹസനമായി മാറി. വകുപ്പുകളെല്ലാം നിശ്ചലമായി. സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കാര്‍ അയക്കുന്നതില്‍പ്പോലും ഓഫീസ് വീഴ്ചവരുത്തിയപ്പോള്‍ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായിരിക്കയാണ്. ഈ സര്‍ക്കാര്‍ വന്നതില്‍പ്പിന്നെ 39 തടവുകാര്‍ ജയില്‍ചാടി. ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. യുഡിഎഫ് നേതാവ് ബാലകൃഷ്ണപിള്ള ജയിലില്‍നിന്ന് മൊബൈല്‍ഫോണില്‍ അഞ്ഞൂറോളം കോളുകള്‍ പുറത്തേക്ക് വിളിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംവരെ വിളിച്ചു. പഞ്ചനക്ഷത്രസൗകര്യത്തില്‍ കഴിഞ്ഞിരുന്ന പിള്ളയുടെ ഫോണിലേക്ക് എഴുന്നൂറോളംപേര്‍ വിളിച്ചതായും തെളിഞ്ഞു. അതിന്റെപേരിലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. വിവിഐപി കുറ്റവാളികള്‍ക്കെല്ലാം പഞ്ചനക്ഷത്രസൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സോളാര്‍ കേസില്‍ ജയിലിലുള്ള സരിതയുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയില്ല. സരിതയ്ക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വാദംനടക്കുന്ന സമയത്ത് പ്രതികള്‍ കഴിയുന്ന ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി വാര്‍ത്തയുണ്ടാക്കിയ സംഭവം ഗൗരവമായി കാണണം. ഇത് അന്വേഷണവിധേയമാക്കണം. ജയിലിലെ പ്രതിയുടേതായി ഒരു വാര്‍ത്താ ചാനല്‍ നല്‍കിയ ശബ്ദം ആ തടവുകാരന്റേതല്ലെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഇതും അന്വേഷിക്കണം. പ്രതികളുടെ ജയില്‍ മാറ്റാന്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജയിലുകളില്‍ സ്ഥാപിച്ച സിസിടിവി മാറ്റിയതിന്റെ ഉത്തരവാദിത്തം മനുഷ്യാവകാശ കമീഷനാണെന്നും കോടിയേരി പറഞ്ഞു.

ഗൂഢാലോചനയ്ക്ക് ഡിജിപി സാക്ഷ്യം

ടി പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനകളുടെ ഒടുവിലെ സാക്ഷ്യപത്രമായി അലക്സാണ്ടര്‍ ജേക്കബ്ബിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മാത്രമല്ല, സംസ്ഥാന ഭരണത്തെയാകെ പ്രതിക്കൂട്ടിലാക്കി ഇത്. ഭരണം സര്‍വത്ര അരാജകത്വം നിറഞ്ഞതാണെന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമില്ല. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി 30 ന് പ്രസ്താവിക്കാനിരിക്കെ ഉയര്‍ന്ന ഫേസ്ബുക് വിവാദം വിധിയെ സ്വാധീനിക്കാനുള്ള ഗൂഢലോചനയാണോ എന്നത് ഡിജിപിയുടെമാത്രം സംശയമല്ല. കേരളത്തിലെ മുഴുവന്‍ സാധാരണക്കാരുടേതുമാണ്.

കേസില്‍ രാഷ്ട്രീയപ്രേരിതമായി പ്രതിചേര്‍ക്കപ്പെട്ട 20 പേരെ വിചാരണപോലും നടക്കുന്നതിനുമുമ്പേ കോടതി കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടച്ച സിപിഐ എം നേതാക്കള്‍ക്കെതിരായ ആരോപണവും പ്രതികള്‍ക്കെതിരായി ഉന്നയിച്ച കുറ്റവുമെല്ലാം വിചാരണവേളയില്‍ തകര്‍ന്നടിഞ്ഞു. കെട്ടിപ്പൊക്കിയ നുണക്കഥകളെല്ലാം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നപ്പോഴാണ് പുതിയ വിവാദം.

കേസിന്റെ ആദ്യഘട്ടംമുതല്‍ സിപിഐ എമ്മിനെതിരെ ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ മൂന്നു ദിവസം തുടര്‍ച്ചയായി നുണക്കഥകള്‍ സൃഷ്ടിച്ചപ്പോഴാണ് ഡിജിപി വസ്തുതകള്‍ തുറന്നു പറഞ്ഞത്. ഇതോടെ ദൃശ്യമാധ്യമങ്ങള്‍ തല്‍ക്കാലം ഉള്‍വലിഞ്ഞതും കൗതുകമായി. പി മോഹനന്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെ കണ്ടതിനെ മാധ്യമങ്ങള്‍ ആഘോഷിച്ചതിനെയും ഡിജിപി ചോദ്യംചെയ്തു. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കുമ്പോള്‍ നുണക്കഥ ആഘോഷിച്ചവര്‍ മാപ്പ് പറയുകയാണ് വേണ്ടത്.

ഒരു പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ ജയിലിലാക്കി. ആരോ ഫോണ്‍ ചെയ്യുന്നത് ആശുപത്രിക്കിടക്കയില്‍വച്ച് കേട്ടുവെന്ന് പറഞ്ഞ് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെയും സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷ് എംഎല്‍എയെയും കല്‍ത്തുറുങ്കിലടച്ചു. ഈ നടപടികളെല്ലാം നീതിന്യായ വ്യവസ്ഥയുടെ കടയ്ക്കല്‍ സര്‍ക്കാര്‍ തന്നെ കത്തിവച്ചതിന് തെളിവാണ്.

അതേസമയം, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി നിയമം മാറ്റിയെഴുതാനും സര്‍ക്കാര്‍ മടിച്ചില്ല. സുപ്രീംകോടതി കുറ്റക്കാരനെന്ന് വിധിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ കാലാവധിക്ക് മുമ്പ് ജയിലില്‍ നിന്ന് രാജകീയ സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റി. ശിക്ഷ അനുഭവിക്കവെ മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വിളിച്ചു. ഒരു കേസുമുണ്ടായില്ല.

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരിയായ സരിത എസ് നായര്‍ക്ക് റിമാന്‍ഡ് തടവുകാരിയായിരിക്കെ സംസാരിക്കാന്‍ ഫോണ്‍ നല്‍കിയത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. അണിഞ്ഞൊരുങ്ങാന്‍ സൗകര്യവും ഇഷ്ടഭോജനവും വാങ്ങി നല്‍കുന്നു. തീവ്രവാദി തടിയന്റവിട നസീര്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേക്ക് വിളിച്ച കേസും മുക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അട്ടിമറിച്ചു. ഒടുവിലത്തേതാണ് സോളാര്‍ തട്ടിപ്പ് കേസ്. അധികാരമുപയോഗിച്ച് സംസ്ഥാനത്ത് നിയമവ്യവസ്ഥയും നീതിന്യായനിര്‍വഹണവും അട്ടിമറിക്കുന്നതാണ് ഡിജിപിയുടെ നിര്‍ണായക വെളിപ്പെടുത്തലിലൂടെ തുറന്നുകാട്ടപ്പെട്ടത്.

എം രഘുനാഥ്

No comments:

Post a Comment