Monday, December 16, 2013

ഇന്ത്യയുടെ പൊതുജീവിതത്തെ സംഘപരിവാര്‍ ഏകത്വ അജന്‍ഡയിലേക്ക് ചുരുക്കുന്നു: കെ ഇ എന്‍

കോട്ടയം: ഇന്ത്യയുടെ പൊതുജീവിതത്തെ നിഗൂഢമായ ഏകത്വഅജന്‍ഡയിലേക്ക് ചുരുക്കി ഒതുക്കാനാണ് ഉരുക്കുമനുഷ്യനെ ഇപ്പോള്‍ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ നിഗൂഢ അജന്‍ഡയുടെ പൊള്ളത്തരം ജനസമക്ഷം എത്തിക്കുന്നതിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന ആശയപ്രചാരണ പ്രഭാഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ ഇ എന്‍.

പട്ടേലിന്റെ പ്രതിമ നിര്‍മാണത്തിന്റെ പ്രചാരണം ഇന്ത്യയിലെ ജനഹൃദയങ്ങളില്‍ വിഭജനം സൃഷ്ടിക്കുകയാണ്. ഗുജറാത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഭയമാണ്. ഈ ഭയത്തെ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച് ജനതയെ കീഴടക്കാനുള്ള ശ്രമമാണ് പട്ടേല്‍ പ്രതിമാ നിര്‍മാണത്തിലൂടെ മോഡി നടത്തുന്നത്. എല്ലാം പിടിച്ചെടുക്കല്‍ ഫാസിസത്തിന്റെ നയമാണ്. ഇതിനായി ഇന്ത്യയാകെ നടത്തുന്ന കൂട്ടയോട്ടം ഇന്ത്യന്‍ മാനവികതയുടെ ഹൃദയത്തിലൂടെയുള്ള ഓട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ. വി ആര്‍ രാമന്‍കുട്ടി സ്മാരകത്തില്‍ നടന്ന പരിപാടിയില്‍ സംഘം ജില്ലാപ്രസിഡന്റ് ഡോ. എം ജി ബാബുജി മോഡറേറ്ററായി. സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, സംഘം സംസ്ഥാനസെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാസെക്രട്ടറി പ്രൊഫ. കെ ആര്‍ ചന്ദ്രമോഹനന്‍, ജില്ലാസെക്രട്ടറി ബി ശശികുമാര്‍, അഡ്വ. എന്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ബി ആനന്ദക്കുട്ടന്‍ സ്വാഗതവുംകെ എം ഏലിയാമ്മ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment