മന്ത്രി കെ ടി ജലീലിന്റെ അഭിമുഖം സംബന്ധിച്ചു ചില മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന കോലാഹലത്തോട് പ്രമുഖ മാധ്യമ പ്രവര്‍ത്തകയും The Federal എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഷാഹിന കെ കെ ഫേസ് ബുക്കില്‍ എഴുതുന്നു.
അപ്പൊ അത് കഴിഞ്ഞു. കെ ടി ജലീൽ. അയാൾക്കെതിരെ ഒരു തെളിവും ഇല്ലെന്ന് ഇ ഡി.
ഇനി ചില കാര്യങ്ങൾ പറഞ്ഞോട്ടെ.
23 കൊല്ലമായി ഈ പണി എടുക്കുന്നു. ഇവിടത്തെ ഒരു മാതിരിപ്പെട്ട എല്ലാ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കും എന്നെ അറിയാം. പത്രപ്രവർത്തകർക്കും. ചെയ്യാനുള്ള പണി വെടിപ്പായി ചെയ്തതിന്റെ പേരിൽ ആദ്യമായല്ല ആക്രമണം നേരിടുന്നത്.
ജലീൽ 'ഏതോ ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിച്ചു എന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് ദിവസമായി അസഹിഷ്ണുത കൊണ്ട് കണ്ണ് കാണാതെയായ മാധ്യമ പ്രവർത്തകരായ എല്ലാ സുഹൃത്തുക്കളോടും ഒരൊറ്റ കാര്യമേ തത്കാലം പറയാനുള്ളൂ. സ്വന്തം സ്റ്റോറിക്ക് ഇരുപത്തിനാല് മണിക്കൂറിന്റെ എങ്കിലും ആയുസ്സ് ഉണ്ടാവണം. ഓരോ ദിവസവും കൊണ്ട് വരുന്ന വാർത്തകൾ പിറ്റേന്ന് പപ്പടം പോലെ പൊടിയുന്നത് കണ്ടിട്ടും ലജ്ജയില്ലാതെ ഈ പണി തുടരാൻ നിർബന്ധിതരാവുന്ന നിങ്ങളുടെ ഗതികേട് കണ്ട് പോപ്കോൺ കൊറിക്കാനുള്ള ദിവസമാണ് എന്തായാലും എനിക്ക് ഇന്ന്. പത്ത് കൊല്ലം മുൻപ് ചെയ്ത ഒരു സ്റ്റോറിയുടെ പേരിൽ ഇന്നും കോടതി കയറി ഇറങ്ങുന്ന ആളാണ് ഞാൻ. പക്ഷേ ആ സ്റ്റോറി ഉണ്ടല്ലോ, അത് റോക്ക് സോളിഡ് ആയി അവിടെ തന്നെ കിടപ്പുണ്ട്. പൊളിഞ്ഞിട്ടില്ല. പൊളിയുകയും ഇല്ല.ഭരണകൂടത്തിന് ഹിതകരമായ ചോദ്യം ചോദിച്ചതിന് അല്ല ആ കേസ് വന്നത്. വ്യാജ രേഖ ഉണ്ടാക്കിയതിനും അല്ല.
ഇത്രയെങ്കിലും ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എന്നെ എന്തിന് കൊള്ളാം?
ആ സ്ത്രീക്ക് അഹങ്കാരമാണ് എന്നല്ലേ നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്? അതേ. അത് തന്നെ. അഹങ്കരിക്കാനുള്ള കോപ്പ് ഉണ്ടായിട്ട് തന്നെയാണ്. ഒരു മന്ത്രിക്കെതിരെ ഒരു ആരോപണം വരുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം കൂടി എടുത്ത് അത് വാർത്തയാക്കുന്നത് ഒരു സാധാരണ കാര്യമാണ്. Routine reporting എന്ന് നമ്മൾ വിളിക്കുന്ന ഒരു കാര്യം. ഞാൻ ചെയ്ത മികച്ച സ്റ്റോറികളിൽ ഒന്നായി ഞാൻ പോലും കരുതാത്ത ഒരു സാധാരണ സ്റ്റോറി. ബൈ ലൈൻ പോലും നിർബന്ധമില്ലാത്ത ഒരു വാർത്ത. അതിന്റെ പേരിൽ ഇത്രയും കോലാഹലം ഉണ്ടായെങ്കിൽ കേരളം എവിടെ എത്തി നിൽക്കുന്നു എന്ന് എല്ലാവരുമൊന്ന് ആലോചിക്കേണ്ടതാണ്.
നാളിതു വരെയുള്ള എന്റെ കരിയറിൽ unfair ആയി ഒരൊറ്റ വാർത്ത പോലും കൊടുത്തിട്ടില്ല എന്ന അഹങ്കാരം ഉണ്ടെന്നേ.ഒരാൾക്കെതിരെ ഒരു ആരോപണം ഉണ്ടായാൽ അയാൾക്ക് പറയാനുള്ളത് കൂടി കേൾക്കാതെ അയാളെ ചാപ്പ കുത്തുന്ന, വേട്ടയാടുന്ന തരം ജേർണലിസം ഞാൻ ചെയ്യില്ലെന്ന് ഇവിടത്തെ മുതിർന്ന ബിജെപി നേതാക്കൾക്ക് പോലും ഉറപ്പുണ്ടാകും.
നരേന്ദ്രമോഡി , അയാളോട് വിധേയത്വം ഉള്ളവരോട് മാത്രം സംസാരിക്കുന്നതുപോലെയാണ് മന്ത്രി ജലീൽ എന്നോട് സംസാരിച്ചത് എന്ന് ഒരു അവതാരക പറഞ്ഞതായി കേട്ടു. അവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. സ്വന്തം പേരിൽ നിന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് മൈനസ് ചെയ്താൽ എന്തെങ്കിലും ബാക്കി ഉണ്ടാവുമോ എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കുന്നത് നല്ലതാണ്. പത്ര മുത്തശ്ശിയുടെ ചന്തിയിലെ തഴമ്പിന്റെ ബലം അവിടന്ന് ഇറങ്ങുന്നത് വരെയേ ഉണ്ടാവൂ. അത് കഴിഞ്ഞാൽ ബാക്കി ആവേണ്ടത് അവരവരുടെ ക്രെഡിബിലിറ്റിയാണ്. മാധ്യമസ്ഥാപനങ്ങളുടെ വലിയ മൂലധനനിക്ഷേപം കണ്ട് മാധ്യമതൊഴിലാളികൾ കണ്ണ് മഞ്ഞളിക്കരുത്. പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പോലും എടുക്കാവുന്ന ശമ്പളം ഇല്ലെന്നും ഒരു ദിവസം പുറത്തിറങ്ങേണ്ടി വന്നാൽ ആകെയുള്ള മൂലധനം അവരവരുടെ വിശ്വാസ്യത മാത്രമാണെന്നും ഓർമ ഉണ്ടാവുന്നത് നന്ന്.
ഒരു സ്ഥാപനത്തിന്റെയും ചന്തിത്തഴമ്പിന്റെ പിൻ ബലമില്ലാത്ത, ഒരു പ്രസ്സ് കാർഡ് പോലും ഇല്ലാത്ത, ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള, RSS ന്റെ മടയിൽ ചെന്ന് കയറി അവർക്കെതിരെ നിരന്തരം വാർത്ത എഴുതിയിട്ടുള്ള എന്റെ പ്രിയ സുഹൃത്ത് നേഹ ദിക്ഷിതിന്റെ post വായിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത്.
ഇത്രയും എഴുതാനുള്ള ഊർജം നേഹയാണ് തന്നത്.
അപ്പോൾ ഇത്രയേ ഉള്ളൂ.ചെളിക്കുണ്ടിൽ തന്നെ ജീവിക്കുമ്പോൾ ചെളി പെർഫ്യൂം ആയി തോന്നും. നിങ്ങളുടെ ആരുടെയും കുറ്റമല്ല.
ഇനി പറയാനുള്ളത് പി കെ ഫിറോസിനോടാണ്. മന്ത്രിയുമായി നടത്തിയ അഭിമുഖം നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെയായിരുന്നു എന്ന് അദ്ദേഹം ഏതോ ചാനൽ ചർച്ചയിൽ പറഞ്ഞു എന്ന് കേട്ട് ഇന്നലെ രാത്രി തന്നെ അദ്ദേഹത്തെ ഞാൻ വിളിച്ചു.എന്നെ അറിയാത്ത ആളല്ല ഫിറോസ്.
മന്ത്രിക്ക് comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്നാണത്രെ അദ്ദേഹം ഉദ്ദേശിച്ചത്. ഫിറോസിനോട് ഫോണിൽ പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിക്കട്ടെ. മന്ത്രിക്ക് comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്നത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്. ഞാൻ അങ്ങനെ കരുതുന്നില്ല. നിലവിൽ വിവാദമായ എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുണ്ട്.പക്ഷേ അതൊരു വിമർശനമായി എടുക്കാൻ ഞാൻ തയ്യാറാണ്. ഓരോ ദിവസവും സ്വയം തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ comfortable ആയ ചോദ്യങ്ങൾ മാത്രം ചോദിച്ചു എന്ന് പറയുന്നതും ചോദ്യങ്ങൾ നേരത്തെ പറഞ്ഞുറപ്പിച്ചു എന്ന് പറയുന്നതും രണ്ടും രണ്ട് കാര്യമാണല്ലോ ഫിറോസേ. രണ്ടാമത്തേത് ഒരു വലിയ ആരോപണം ആണ്. അങ്ങനെ അഡ്ജസ്റ്റ്മെന്റ് ചെയ്യുന്ന ആളാണ് ഞാൻ എന്ന് കരുതാനുള്ള എന്തെങ്കിലും മുന്നനുഭവം ഫിറോസിന് പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഇല്ല എന്നാണല്ലോ ഫിറോസ് എന്നോട് പറഞ്ഞത്. ഇന്നലെ ഫോണിൽ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ. എന്നെ കുറിച്ച് അങ്ങനെ കരുതാനുള്ള യാതൊരു മുൻ അനുഭവവും ഇല്ലാതിരുന്നിട്ടും ഇത്രയും ഗൗരവമുള്ള ഒരാരോപണം എനിക്കെതിരെ ഉന്നയിച്ചത് ഫിറോസ് ശീലിച്ച പൊതു ജീവിതസംസ്കാരത്തിന്റെ കുഴപ്പമാണ്. കാൽ പണം കണ്ടാൽ കമിഴ്ന്നു വീഴുന്നവരെയും സ്ഥാപിത താല്പര്യത്തിന് വേണ്ടി സ്വന്തം തൊഴിലിൽ വെള്ളം ചേർക്കുന്നവരെയും മാത്രമേ ഫിറോസ് കണ്ടിട്ടുണ്ടാവൂ. ഫിറോസിന്റെ ചുറ്റുമുള്ളവർ എല്ലാം അങ്ങനെ ആയിരിക്കാം. അങ്ങനെ അല്ലാത്ത മനുഷ്യരെ ഫിറോസിന് പരിചയം ഇല്ലാത്തത് താങ്കളുടെ ഒരു പരിമിതിയാണ്. പക്ഷേ എങ്കിലും ഒരു പൊതുപ്രവർത്തകനായ താങ്കൾ ഒരു ആരോപണം ഉന്നയിക്കുമ്പോൾ കുറെ കൂടി ഉത്തരവാദിത്തബോധം കാണിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ നിങ്ങളുടെ ആരോപണങ്ങൾക്കൊന്നും പത്ത് പൈസയുടെ വില ഇല്ലാതാവും.
എന്തായാലും കഴിഞ്ഞ രണ്ട് ദിവസത്തെ അനുഭവങ്ങൾ എനിക്ക് വലിയ പാഠമാണ്. പലരുടെയും യഥാർത്ഥ മുഖം കാണാൻ കഴിഞ്ഞു. നല്ലത്.
എനിക്ക് കൃത്യവും വ്യക്തവുമായ രാഷ്ട്രീയം ഉണ്ട്. ഞാൻ നിഷ്പക്ഷ മാധ്യമപ്രവർത്തകയല്ല. എനിക്ക് പക്ഷമുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് ഞാൻ . ഭരണഘടനയുടെ പക്ഷത്താണ്. ഇതൊക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ചൂട്ട് കത്തിച്ചു കൊടുക്കലല്ല എന്റെ പണി. അങ്ങനെ ചെയ്താൽ അല്ലാതെ ഈ തൊഴിൽ എടുത്ത് ജീവിക്കാൻ പറ്റില്ല എന്നൊരു കാലം വന്നാൽ ഇതങ്ങ് നിർത്തും. അത്രയേ ഉള്ളൂ. അല്ലാതെ ഇങ്ങനെ കമിഴ്ന്നു വീഴില്ല.യജമാനപ്രീതിക്കായി ഇത്രയും അധഃപതിക്കില്ല.
കുറച്ച് വൈകാരികമായി പോയതിന് ക്ഷമ. അത്രയേറെ മുറിവുകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദിവസം കടന്ന് പോയത്.
ഖുർആനെ അപമാനിച്ച് മനോരമ കാർട്ടൂൺ ; മനോരമയുടേത് ഖുറാന് എതിരായ ഒളിയമ്പാണെന്ന് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: ഖുർആനെ അപമാനിക്കുന്ന കാർട്ടൂണുമായി മലയാള മനോരമ. തിങ്കളാഴ്‌ച ഒന്നാംപേജിൽ മന്ത്രി ജലീലിനെ ആക്ഷേപിക്കാനായി നൽകിയ കാർട്ടൂണിലാണ് വിശുദ്ധ മതഗ്രന്ഥത്തെ അപഹസിച്ചത്. ‘എല്ലാം കെട്ടുകഥയാ’ണെന്ന കാർട്ടൂണിലെ പരാമർശം ഖുർആനെ അധിക്ഷേപിക്കുന്നതാണെന്നാണ് മതസംഘടനകളുടെയും വിശ്വാസികളുടെയും പരാതി. മന്ത്രി ജലീൽ ഖുർആൻ ചുമന്നുനിൽക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായാണ് വിവാദ പരാമർശം.
മനോരമയുടേത് ഖുറാന് എതിരായ ഒളിയമ്പാണെന്ന് സുന്നി യുവജനസംഘം (-സമസ്‌ത ഇകെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തേയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയറ്റും പ്രസ്‌താവനയിൽ പറഞ്ഞു.
ഇത് പച്ചവർഗീയത: നാസർഫൈസി കൂടത്തായി
ഖുർആനെ അപമാനിക്കുന്ന കാർട്ടൂണിലൂടെ മനോരമ പത്രം പ്രകടിപ്പിച്ചത് പച്ചയായ വർഗീയതയാണെന്ന് സമസ്‌തയുടെ യുവജനവിഭാഗമായ സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നത് മനോരമയുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.
"എല്ലാം കെട്ടുകഥയാണ് ’ എന്നെഴുതിയ കാർട്ടൂണിലൂടെ മന്ത്രി കെ ടി ജലീലിനെതിരെ കേസ് കെട്ടിച്ചമച്ചതാണ്, മന്ത്രിയുടെ വാദം മെനഞ്ഞുണ്ടാക്കിയതാണ്, മന്ത്രി വഹിക്കുന്നത് നാറുന്ന വർത്തമാനമാണ് എന്നൊക്കെയാണ് കാർട്ടൂൺ സന്ദേശമെന്ന് ന്യായീകരണം നിരത്തുമായിരിക്കും. എന്നാലും കൊണ്ടുവന്ന ഗ്രന്ഥത്തിനകത്ത് കെട്ടുകഥയാണ് എന്ന അടിസ്ഥാനരഹിതമായ സിയോണിസ്റ്റ് ആരോപണമാണ് മുനവച്ച് എഴുതിയതെന്ന് കാഴ്ചയിൽ ബോധ്യമാവും. മന്ത്രിയെ ആക്ഷേപിക്കാൻ പ്രയോഗങ്ങൾ വേറെ പലതുമാകാമായിരുന്നിട്ടും ഖുർആന് നേരെ ഒളിയമ്പെയ്തത് തന്നെയെന്ന് മലയാളി വായിച്ചെടുക്കും. അത് തന്നെയാണ് പത്രം ഉദ്ദേശിച്ചിട്ടുണ്ടാകുക.
പ്രതിഷേധം കനത്ത് ഖേദപ്രകടനവും മാപ്പുമൊക്കെയായി വന്നേക്കാം. "ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിൽ ഖേദമുണ്ട്' എന്നൊന്നും അച്ചുനിരത്തുന്നതിൽ അർഥമില്ല. ഉദ്ദേശ്യം അങ്ങനെത്തന്നെ ആവട്ടെ. എന്നാൽ ഖുർആൻ കെട്ടുകഥയാണെന്ന് ഏതെങ്കിലും ഭാഗമുദ്ധരിച്ച് സമർഥിക്കാൻ പത്രാധിപരോ കാർട്ടൂണിസ്റ്റോ തയ്യാറുണ്ടോ?–- നാസർഫൈസി ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.
നുണക്കഥകളുടെ പുകമറ, പിന്നാലെ അപവാദം; നിലതെറ്റി മനോരമ
തിരുവനന്തപുരം> മലയാള മനോരമയുടെ മാധ്യമ മാടമ്പിത്തരത്തിന്റെ ഏറ്റവും ഒടുവിലത്തേതാണ് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ചെത്തി ലോക്കർ തുറന്നൂവെന്ന വാർത്ത. സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരായ നുണക്കഥകൾ എണ്ണിയെണ്ണി വിഴുങ്ങേണ്ടി വന്നതോടെയാണ് കോൺഗ്രസിനും ബിജെപിക്കും ചൂട്ടുപിടിച്ച് നിന്ദ്യമായ കള്ളവാർത്തയുമായി മനോരമ രംഗത്തിറങ്ങിയിരിക്കുന്നത്. കുപ്രസിദ്ധിയാർജിച്ച പാപ്പരാസി മാധ്യമശൈലിപോലും മനോരമയുടെ അപവാദനിർമിതിക്ക് മുന്നിൽ ലജ്ജിച്ച് തലതാഴ്‌ത്തും.
ലൈഫ്‌മിഷൻ പദ്ധതിയിൽ കമീഷൻ പങ്കുപറ്റിയതിൽ മന്ത്രി പുത്രനും എന്ന പേരിൽ ഞായറാഴ്‌ച നൽകിയ നുണവാർത്തയ്‌ക്ക് വിശ്വാസ്യത വരുത്താനാണ് ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നൂവെന്ന് തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചത്. ഏത് മന്ത്രിയാണെന്ന് പറയാനുള്ള നട്ടെല്ലുറപ്പ്‌പോലും ഞായറാഴ്‌ച കാണിച്ചില്ല. ഈ വൻ നുണയ്‌ക്ക് ബലം നൽകാനുള്ള മ്ലേച്ഛമായ മുഖമാണ് തിങ്കളാഴ്‌ച പുറത്തെടുത്തത്. ഈ വാർത്ത അടിമുടി കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞു.
ലൈഫ്‌മിഷൻ കമീഷനിൽ മന്ത്രി പുത്രന് പങ്ക് എന്ന വാർത്ത വന്നത് ഞായറാഴ്‌ചയാണ്. മന്ത്രിയുടെ ഭാര്യ പി കെ ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിൽ എത്തിയത് വ്യാഴാഴ്‌ചയും. ഇവർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്‌ചയാണ്. കണ്ണൂർ ബാങ്ക് ശാഖയിലെ മുൻ ഉദ്യോഗസ്ഥയാണ് പി കെ ഇന്ദിര. ഇതെല്ലാം മറച്ചുവച്ച് കണ്ണടച്ച് കള്ളം പറയുകയാണ് മനോരമ ചെയ്‌തത്.
സ്വകാര്യ നിർമാണ കമ്പനികൾക്ക് സ്വപ്‌ന സുരേഷ് 100 കോടിയുടെ നിർമാണ പ്രവർത്തനം വാഗ്‌ദാനം ചെയ്‌തെന്നും അതിന് 15 ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്നുമാണ് മറ്റൊരു വാർത്ത. ലൈഫ് ചോദിച്ച കമീഷൻ 15 ശതമാനം എന്ന തരത്തിൽ ദുർവ്യാഖ്യാനവും നൽകി. സ്വകാര്യ കമ്പനികളെ വഞ്ചിക്കാൻ സ്വപ്‌ന ശ്രമിച്ചത് എങ്ങനെയാണ് ലൈഫ് മിഷന്റെ തലയിൽ കെട്ടിവയ്‌ക്കാൻ കഴിയുന്നത്. ഈ യുക്തി വായനക്കാർക്ക് തോന്നുമെങ്കിലും അന്തം വിട്ടാൽ എന്തും ചെയ്യുമെന്ന മട്ടിലായിരിക്കുകയാണ് മനോരമ. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ എന്ത് വൃത്തികേടും എഴുതിവിടാമെന്ന നിലയിലേക്ക് മനോരമയടക്കമുള്ള ചില മാധ്യമങ്ങൾ അധഃപതിച്ചു. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന ഈ ശൈലി, യുഡിഎഫിനും ബിജെപിക്കും കുഴലൂത്ത് നടത്താനായി നിരന്തരം ഉപയോഗിച്ചു. സ്വർണക്കടത്ത് കേസിൽ അന്വേഷണം സർക്കാരിനെതിരെ ഒരു തരത്തിലും ആയുധമാക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് നട്ടെല്ലില്ലാത്ത മാധ്യമശൈലിയുമായി രംഗപ്രവേശം.
കോൺസുലേറ്റ് മതഗ്രന്ഥം നൽകിയത് സംബന്ധിച്ച് വിശദീകരണങ്ങളാണ് കെ ടി ജലീലിനോട് എൻഫോഴ്‌സ്‌മെന്റ് ആരാഞ്ഞത്. ബംഗളൂരുവിൽ ലഹരിക്കടത്ത് കേസിൽ അറസ്‌റ്റിലായ ഒരാളുടെ മൊഴിയിലെ പരാമർശത്തെ കുറിച്ചാണ് ബിനീഷ് കോടിയേരിയോട് ആരാഞ്ഞത്. എന്നാൽ, ഈ വസ്‌തുതകളെല്ലാം മറച്ചുപിടിക്കുകയാണ് മാധ്യമങ്ങൾ.
No comments:
Post a Comment