Wednesday, September 16, 2020

ഏഷ്യാനെറ്റ്‌ ന്യൂസ്‌ വ്യാജവാർത്ത പിൻവലിച്ച്‌ മാപ്പ്‌ പറയണം; കമ്മ്യൂണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ അവതരിപ്പിക്കരുത്‌: സിപിഐ എം

 തിരുവനന്തപുരം > സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

"ഇ പി ജയരാജന്‍ പാര്‍ടിക്ക്‌ പരാതി കൊടുക്കും, കോടിയേരി - ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ്‌ ബ്യുറോയ്‌ക്ക്‌ മുന്നിലേക്ക്‌ വരെ പ്രശ്‌നം എത്തും"  എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്‌. തലമാറ്റി വച്ച്‌ കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ്‌ ഈ വാര്‍ത്താ നിര്‍മിതിക്കും.

കമ്മ്യൂണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും - പ്രസ്‌താവനയിൽ പറഞ്ഞു.

വ്യാജ ട്വിറ്റർ അക്കൗണ്ട്‌ ഉണ്ടാക്കി പ്രചരണം; കോടിയേരി ഡിജിപിക്ക്‌ പരാതി നൽകി

തിരുവനന്തപുരം > വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ ഉണ്ടാക്കി പ്രചാരണം നടത്തുന്നതിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഡിജിപിക്ക്‌ പരാതി നൽകി. "എന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ ഉണ്ടാക്കി എനിക്ക്‌ മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചിലര്‍ സംഘടിതമായി നടത്തുന്നുണ്ട്‌. അതിന്റെ കോപ്പിയും ഇതിനോപ്പം ചേര്‍ക്കുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന സംഘത്തിനെതിരെ കര്‍ശന നടപടി കൈക്കോള്ളണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു" - കോടിയേരി പരാതിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് വാർത്ത അടിസ്ഥാന രഹിതം; രാഷ്ട്രീയ എതിരാളികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചറിയും: ഇ പി ജയരാജൻ

തിരുവനന്തപുരം > കോടിയേരി ബാലകൃഷ്ണനെയും തന്നെയും ചേർത്ത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ പി ജയരാജൻ. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവർത്തിക്കുന്നവരാണ് സിപിഐ എം നേതാക്കളും പ്രവർത്തകരും.  'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മിൽ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണു   ഏഷ്യാനെറ്റ് വാർത്ത. ആ വാർത്തയിൽ  പറഞ്ഞ കാര്യങ്ങൾ  വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാർട്ടിക്കു മുന്നിലില്ലെന്നും ഇപി പ്രസ്താവനയിലൂടെ അറിയിച്ചു.

എൽഡിഎഫ് ഗവൺമെന്റിനെയും സിപിഐ എമ്മിനെയും മോശക്കായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.  പൊതു പ്രവർത്തകർക്കെതിരായ  വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടുന്നതും  ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമായ  വ്യാജ വാർത്താ പ്രചാരണം  പരിധിവിട്ട് പോവുകയാണ്.

സ്വർണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവൺമെന്റിനെയും സിപിഐ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ  നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സിപിഐ എം നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് എതിരെ പോലും  നീചമായ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികൾ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചറിയും. ഇത്തരക്കാർക്ക് ജനങ്ങൾ തന്നെ ഉചിതമായ തിരിച്ചടി നൽകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

No comments:

Post a Comment