Monday, September 14, 2020

പ്രക്ഷോഭത്തിൽ പങ്കെടുത്തു, അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്: യെച്ചൂരി

 ന്യൂഡൽഹി > ഫെബ്രുവരിയിലുണ്ടായ വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്--അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച് മുസ്ലിംന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത് അനുവദിക്കാൻ കഴിയില്ല. സർക്കാർ ഭീരുത്വപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ് ഡൽഹി പൊലീസ് നടപ്പാക്കുന്നത്. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്  കലാപം തുടങ്ങിയത്. കലാപാഹ്വാനം നൽകിയ കേന്ദ്രധനസഹമന്ത്രിക്കെതിരെ കേസില്ല.   കുറ്റപത്രത്തിൽനിന്ന് തന്റെ പേര് നീക്കിയതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ സെപ്തംബർ 15ന് സിപിഐ എം പ്രതിഷേധ സംഗമം

തിരുവനന്തപുരം > ഡൽഹിയിലെ വർഗ്ഗീയ കലാപത്തിന്റെ ഗൂഢാലോചന കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സിപിഐ എം പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സെപ്തംബർ 15ന് വൈകുന്നേരം 5 മുതൽ 5.30 വരെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധം.

ഡൽഹി പൊലീസ് നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു മോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഗമാണിത്. പൗരത്വ ഭേദഗതി നിയമം മുസ്ലീം ജനവിഭാഗത്തിനെതിരാണെന്ന് പ്രചരിപ്പിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്ന്, അമ്പതിലേറെ  പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി ംപാലീസാണ് ഇപ്പോൾ രാഷ്ട്രീയ ദാസ്യം കാണിക്കുന്നത്.

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള മൗലികാവകാശത്തെ പോലും  നിഷേധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ ലംഘനമാണ്.

സിപിഐ എം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർടി ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം. ഏതു ഭീഷണിയെയും കൂസാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.  രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.

യെച്ചൂരിയെ കേസിൽപ്പെടുത്താൻ ശ്രമം; സഭ നിർത്തിവച്ച് ചർച്ചചെയ്യണം, എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി

ന്യൂഡൽഹി > സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ ഡൽഹി കലാപ ഗൂഡാലോചനാ കേസിൽപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും സഭ പരിശോധിക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി.

പോരാട്ടം തുടരും

ഗൂഢാലോചന നടക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാന്‍ : ജെഎൻയു അധ്യാപകര്‍

അമ്പതിൽപ്പരം ജീവൻ കവര്‍ന്ന ഡൽഹി കലാപത്തിന്റെ യഥാർഥ ഉത്തരവാദികളെ സംരക്ഷിക്കാന്‍ ഡൽഹി പൊലീസ്‌ കള്ളക്കഥ മെനയുകയാണെന്ന്  ജെഎൻയു ടീച്ചേഴ്‌സ്‌ അസോസിയേഷൻ(ജെഎൻയുടിഎ). ഗൂഢാലോചനയെന്നപേരില്‍ ഡൽഹി പൊലീസ്‌ പറയുന്ന പേരുകൾ അസംബന്ധമാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനാണ്‌ യഥാർഥത്തിൽ ഗൂഢാലോചന നടക്കുന്നത്‌. രാജ്യം മഹാമാരിയും കടുത്ത സാമ്പത്തിക തകർച്ചയും നേരിടുമ്പോഴാണ്‌ ഇതൊക്കെ‌. രാജ്യത്ത്‌ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ജെഎൻയു അധ്യാപകസമൂഹം തുടരുമെന്നും ജെഎൻയുടിഎ  പ്രസ്താവനയിറക്കി.

എല്ലാ ജനാധിപത്യ പ്രതിഷേധത്തെയും അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നാണ്‌ കുറ്റപത്രത്തിൽ പരാമർശിക്കുന്ന പേരുകളിൽനിന്ന്‌ വ്യക്തമാകുന്നത്‌. 34 വർഷം ജെഎൻയുവിൽ സേവനം അനുഷ്‌ഠിച്ചശേഷം വിരമിക്കാനിരിക്കുന്ന പ്രൊഫ. ജയതി ഘോഷിന്റെ പേരും കുറ്റപത്രത്തിലുണ്ട്‌. ഡൽഹി പൊലീസിന്റെ കള്ളക്കേസ്‌ ചമയ്‌ക്കലിന്റെ ഭാഗമായി ജെഎൻയു വിദ്യാർഥികളിൽ പലരും പ്രതികളാവുകയോ പീഡനത്തിന്‌ വിധേയരാവുകയോ ചെയ്‌തു. നിയമപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കേണ്ട ഡൽഹി പൊലീസ്‌ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്‌ ലജ്ജാകരമാണെന്നും ‌ അസോസിയേഷൻ പ്രസിഡന്റ്‌ ഡി കെ ലോബിയാൽ, സെക്രട്ടറി സുരജിത്‌ മജുംദാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

മൗനം കുറ്റകരം: ലോയേഴ്‌സ്‌ യൂണിയൻ

ഡൽഹി കലാപക്കേസിലെ അനുബന്ധകുറ്റപത്രത്തിൽ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേരുകൾ  ഉൾപ്പെടുത്തിയ നടപടി അധികാരദുർവിനിയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമെന്ന്‌ അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ.

വിയോജിക്കാനുള്ള അവകാശമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ. ഇത്‌ ഇല്ലാതാക്കാനാണ്‌ മോഡി സർക്കാരിന്റെ ശ്രമം. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കുനേരെ ഡൽഹി പൊലീസ്‌ കണ്ണടച്ചു. അവശേഷിക്കുന്ന  ജനാധിപത്യമര്യാദപോലും ലംഘിച്ച്‌ ഭരണനേതൃത്വം ഒരോദിവസവും കൂടുതൽ ഫാസിസ്‌റ്റായി പരിണമിക്കുന്നു. അനീതിക്ക്‌ എതിരെ ശബ്‌ദമുയർത്തേണ്ട കാലമാണിത്‌. മൗനം പാലിച്ചാൽ അത്‌ മനുഷ്യത്വത്തിന്‌ എതിരെയുള്ള കുറ്റകൃത്യമാകുമെന്നും അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ ബികാസ്‌ രഞ്‌ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്‌താവനയിൽ പറഞ്ഞു.

പൊലീസ് പറഞ്ഞത് കേന്ദ്രത്തിന്റെ രാഷ്ട്രീയം: പ്രൊഫ. അപൂർവാനന്ദ്‌

പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രതിഷേധങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്‌ കേന്ദ്രസർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന്‌‌  കലാപക്കേസില്‍ അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള പ്രൊഫ. അപൂർവ്വാനന്ദ്‌.

പൗരത്വത്തിന്‌ വേണ്ടിയുള്ള സമാധാനപൂർണമായ സമരങ്ങളെ ക്രിമിനൽവൽക്കരിക്കാനുള്ള നീക്കമാണ്‌ ഡൽഹി പൊലീസ്‌ നടത്തുന്നത്‌. മുൻകൂട്ടി ആസൂത്രണം ചെയ്‌ത അക്രമസംഭവങ്ങളായി പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ സമരങ്ങളെ‌ ചിത്രീകരിക്കാനാണ്‌ പരിശ്രമം. അനുബന്ധ കുറ്റപത്രത്തിലൂടെ ഡൽഹി പൊലീസ്‌ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാട്‌ വിളിച്ചുപറയുക മാത്രമാണ്‌ ചെയ്യുന്നതെന്നും അപൂർവാനന്ദ്‌ പറഞ്ഞു.

ഇരുസഭയിലും അടിയന്തരപ്രമേയ നോട്ടീസ്‌

ഡൽഹി കലാപത്തിന്റെ ആസൂത്രണ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയെ പ്രതിയാക്കാനുള്ള ഡൽഹി പൊലീസ് നടപടി ചോദ്യംചെയ്ത് പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ്‌. രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

യെച്ചൂരി‌ക്കെതിരായ നീക്കം ബിജെപി, സംഘപരിവാർ നേതൃത്വത്തിന്റെ ഭീരുത്വമാണ് വെളിവാകുന്നതെന്ന് എളമരം കരീം പറഞ്ഞു. കലാപത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.

സംഘപരിവാറിനെതിരെ വരും ദിവസങ്ങളിൽ ഉയർന്നുവരുന്ന സമരങ്ങളുടെ മുൻനിരയിൽ സിപിഐ എമ്മും യെച്ചൂരിയും ഇനിയുമുണ്ടാകും. വിരട്ടലുകൾക്ക് മുന്നിൽ അലിഞ്ഞില്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രം–- കരീം പറഞ്ഞു.

യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ; ശബ്ദമുയര്‍ത്തി രാജ്യം

സംഘപരിവാർ ആസൂത്രണപ്രകാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖരെ  കലാപക്കേസിൽ പെടുത്താനുള്ള ഡൽഹി പൊലീസ്‌ നീക്കത്തിൽ രാജ്യമാകെ പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കാൻ ബിജെപിസർക്കാരിനെ അനുവദിക്കില്ലെന്ന്‌ ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങളും മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

ഡൽഹി പൊലീസ്‌ നടപടി തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

വടക്കുകിഴക്കൻ ഡൽഹി കലാപത്തിന്‌ പരസ്യമായി ആഹ്വാനംചെയ്‌ത ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ക്ക് സംരക്ഷണകവചം തീര്‍ത്താണ് ആഭ്യന്തരമന്ത്രാലയ നിർദേശപ്രകാരം നിരപരാധികളെ വേട്ടയാടുന്നത്. യഥാർഥ രാജ്യസ്‌നേഹികളെയാണ്‌ കള്ളക്കേസിൽ കുടുക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി‌ പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ മുൻഡിജിപിയും മുംബൈ പൊലീസ്‌ മുൻ കമീഷണറുമായ ജൂലിയോ റിബറോ ഡൽഹി പൊലീസ്‌ മേധാവി എസ്‌ എൻ ശ്രീവാസ്‌തവയ്‌ക്ക്‌ കത്തയച്ചു.

കുറ്റപത്രത്തിൽ യെച്ചൂരിയുടെയും മറ്റും പേരുചേര്‍ത്തെന്ന വിവരം പുറത്തുവന്നതോടെ പശ്ചിമബംഗാളിൽ ഉടനീളം സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധപ്രകടനംനടന്നു. ഞായറാഴ്‌ചയും പ്രതിഷേധം തുടർന്നു. ഇതരസംസ്ഥാനങ്ങളിലും പ്രതിഷേധം അലയടിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ രോ​ഷം അണപൊട്ടി.

വിദ്വേഷപ്രചാരണം തുറന്നുകാട്ടുന്നതും കലാപകാരികളെ ചെറുക്കുന്നതും രാജ്യത്ത്‌ കുറ്റകൃത്യമായി മാറുകയാണെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല പ്രതികരിച്ചു. യെച്ചൂരി ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ പരാമർശിച്ചതുവഴി ഡൽഹി പൊലീസ്‌ നീതിന്യായസംവിധാനത്തെ അപമാനിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം പറഞ്ഞു. ഡൽഹിപൊലീസിന്റെ നടപടി  നടുക്കുന്നതാണെന്ന്‌- ശശി തരൂർ ട്വീറ്റ്‌ ചെയ്‌തു. കുറ്റാരോപിതരുടെ മൊഴി  രേഖപ്പെടുത്തി നൽകുകയാണ്‌ ചെയ്‌തതെന്നും ഇതിന്റെ അടിസ്ഥാനത്തിൽമാത്രം നിയമനടപടി സ്വീകരിക്കില്ലെന്നും ഡൽഹി പൊലീസ്‌ വക്താവ്‌ പറഞ്ഞു.

സർക്കാർ നിലപാട് ഭീരുത്വം : സീതാറാം യെച്ചൂരി

വടക്കുകിഴക്കന്‍ ഡല്‍ഹി വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ്‌ ഡൽഹി പൊലീസെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

"പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്‌. അത്‌ ഭരണഘടനാപരമായ അവകാശവും കടമയുമാണ്‌‌'–-അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്‌ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച്‌ മുസ്ലിം ന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത്‌ അനുവദിക്കാൻ കഴിയില്ല. സർക്കാർ നിലപാട് ഭീരുത്വമാണ്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ്‌ ഡൽഹി പൊലീസ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്‌ ‌ കലാപം തുടങ്ങിയത്‌.

കലാപാഹ്വാനം നൽകിയ കേന്ദ്ര ധനസഹമന്ത്രിക്കെതിരെ കേസില്ല. കുറ്റപത്രത്തിൽനിന്ന്‌ പേര്‌ നീക്കിയതായി പൊലീസ്‌ അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

No comments:

Post a Comment